21 March Thursday

ഇരട്ടി മധുരം ഈ 'ലഡു'വിന്... പുതുമുഖ നായിക ഗായത്രി അശോക്‌ മനസുതുറക്കുന്നു

ഷംസുദ്ദീൻ കുട്ടോത്ത്Updated: Sunday Nov 18, 2018

ഗായത്രി അശോക്

തമിഴ് നടൻ ധനുഷിന്റെ വണ്ടർബാർ സ്റ്റുഡിയോസിന്റെ ബാനറിൽ മിനി സ്റ്റുഡിയോസ് നിർമ്മിച്ച 'ലഡു' വിലൂടെ ചലച്ചിത്ര  രംഗത്തെത്തുകയാണ്  ഗായത്രി അശോക്. ചെന്നൈയിലെ ഇന്റർനാഷണൽ കമ്പനിയിലെ ഗ്രാഫിക് ഡിസൈനർ ജോലി ഉപേക്ഷിച്ചാണ് ഗായത്രി സിനിമയിലെത്തുന്നത്. കണ്ണൂരിൽ നിന്നും മലയാള സിനിമയ്ക്ക് കിട്ടിയ പ്രതിഭയാണ് ഈ പെൺകുട്ടി. തിയേറ്ററിൽ മികച്ച പ്രതികരണം നേടുന്ന സിനിമയെകുറിച്ചും അഭിനയ വഴികളെ കുറിച്ചും  ഗായത്രി സംസാരിക്കുന്നു...

മധുരം നിറഞ്ഞ പ്രതികരണം

'ലഡു' കണ്ടവർ വിളിച്ച് നല്ല അഭിപ്രായമാണ് പറയുന്നത്. സോഷ്യൽമീഡിയയിലൂടെയും മറ്റും നിരവധിപ്പേർ അഭിപ്രായം അറിയിക്കുന്നുണ്ട്. ആദ്യ ദിവസം ഞങ്ങളുടെ ടീമിനൊപ്പം തിയേറ്ററിൽ പോയി കണ്ടിരുന്നു. എന്നെ സ്‌ക്രീനിൽ കണ്ടപ്പോൾ എനിക്ക് തന്നെ വിശ്വാസം വന്നില്ല. കരഞ്ഞുകൊണ്ടാണ് സിനിമ കണ്ടു തീർത്തത്. ഇത്രയും സന്തോഷം ഒരിക്കലും അനുഭവിച്ചിട്ടില്ല. എന്റെ കഥാപാത്രം നന്നായി എന്ന് കേൾക്കുന്നതിൽ വലിയ സന്തോഷമുണ്ട്.

ലഡുവിലെ ഏയ്ഞ്ചൽ

എയ്ഞ്ചൽ എന്ന കഥാപാത്രത്തേയാണ് ഞാൻ അവതരിപ്പിക്കുന്നത്. വളരെ ബോൾഡായിട്ടുള്ള തൃശൂർ കാരിയായ കുട്ടിയാണ് ഏയ്ഞ്ചൽ. ആരെയും പേടിയില്ലാത്ത പ്രകൃതം. അവളുടെ ജീവിതത്തിലെ ചില സന്ദർഭങ്ങളെ രസകരമായി അവതരിപ്പിക്കുകയാണ് ലഡുവിൽ. വിനയ്‌ഫോർട്ട് ആണ് നായകൻ. ഒപ്പം പ്രധാന കഥാപാത്രങ്ങളായി ബാലു വർഗീസ്, ശബരീഷ് വർമ്മ, ദിലീഷ് പോത്തൻ, പാഷാണം ഷാജി   എന്നിവരും അഭിനയിക്കുന്നു. രജിസ്റ്റർ മാരേജും അതിലെ പ്രശ്‌നങ്ങളും തമാശയിൽ പൊതിഞ്ഞ് അവതരിപ്പിക്കുകയാണ് ലഡുവിൽ. റൊമാന്റിക് കോമഡി വിഭാഗത്തിൽ പെടുത്താവുന്ന ലഡു കുടുംബ സമേതം കാണാവുന്ന ഫുൾടൈം എന്റർ ടൈനറാണ്.

ഗ്രാഫിക് ഡിസൈനർ

വിഷ്വൽ കമ്മ്യൂണിക്കേഷൻസിൽ  എസ്ആർഎം യൂണിവേഴ്‌സിറ്റിയിൽ ഡിഗ്രി ചെയ്ത ശേഷം ഗ്രാഫിക് ഡിസൈനറായി ചെന്നൈയിൽ ജോലി ചെയ്യുന്നതിനിടെയാണ് ഈ സിനിമയിൽ അവസരം കിട്ടിയത്. തിരകഥാകൃത്ത് സാഗർ സത്യന്റെ സുഹൃത്ത് വഴിയാണ് തൃശൂരിൽ ഓഡിഷൻ നടക്കുന്ന വിവരമറിഞ്ഞത്. ഞാനറിയാതെ അമ്മയാണ് അപേക്ഷയും ഫോട്ടോയുമൊക്കെ അയച്ചത്. ചെറുപ്പത്തിലേ അഭിനയിക്കാൻ താൽപര്യമുണ്ടായിരുന്നുവെങ്കിലും ഇത്ര പെട്ടെന്ന് അവസരം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. പഠിക്കണം വിദേശത്ത് പോകണം എന്നൊക്കെയായിരുന്നു ആഗ്രഹിച്ചത്. തൃശൂരിൽ  ഓഡിഷന് ഒരുപാടുപേർ ഉണ്ടായിരുന്നു. അവസാന  റൗണ്ടിൽ മൂന്നുപേരാണ് ഉണ്ടായിരുന്നത്. സംവിധായകൻ അരുൺജോർജ് കെ ഡേവിഡ് വിളിച്ചാണ് നായികയായി സെലക്ട് ചെയ്ത വിവരം അറിയിച്ചത്.  തൃശൂരിൽ കുറേ ദിവസം പരിശീലന ക്യാമ്പൊക്കെ നടത്തിയിരുന്നു. സിനിമയിലേക്ക് വേണ്ടി സ്‌കൂട്ടർ ഓടിക്കാൻ പഠിച്ചതൊക്കെ അവിടെ നിന്നാണ്. എല്ലാവരുമായും അടുത്തിടപഴകാനും കൂട്ടാകാനുമൊക്കെ പറ്റി. അതൊക്കെ അഭിനയിക്കാൻ ഏറെ സഹായിച്ചു. 

പിന്തുണയായത്‌ അച്ഛനും അമ്മയും

അമ്മയും അച്ഛനും നല്ല സപ്പോർട്ടാണ്. അച്ഛൻ അശോക് കണ്ണൂരിൽ  ഡിവൈഎസ്പിയാണ്. എന്നെ ഇതുവരെ ഒന്നിനും നിർബന്ധിച്ചിട്ടില്ല. ഗൈഡൻസ് തരാറേയുള്ളൂ.അച്ഛന്റെ കൂട്ടുകാരും നല്ല പ്രോത്സാഹനമാണ്.  അമ്മ ബിന്ദു ഒരു ചാനലിലെ റിയാലിറ്റിഷോയിൽ വനിതാരത്‌നം ആയിരുന്നു. ഏതാനും സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. പാട്ടിന്റെ പാലാഴി, പ്രണയം, ഏഴാം സൂര്യൻ...തുടങ്ങിയ സിനിമകളിലും പാട്ടുകളുടെ പാട്ട്, കഥയിലെ രാജകുമാരി, സ്‌നേഹവീട്, രാത്രിമഴ,  എതിർവീട്ടിൽ പയ്യൻ  (തമിഴ്) സീരിയലിലും അഭിനയിച്ചിട്ടുണ്ട്. സീരിയലിലെ അഭിനയത്തിന് അമ്മയ്ക്ക് ഭരത് മുരളി സ്‌പെഷ്യൽ അവാർഡ് കിട്ടിയിട്ടുണ്ട്.  സഹോദരൻ ഗൗതം. കണ്ണൂരിലാണ് ഞങ്ങളുടെ സ്വദേശം.

കൂത്തുപട്ടരി

ലഡു ഷൂട്ട് ചെയ്ത ശേഷം ഒരു വർഷം മുന്നിലുണ്ടായിരുന്നു. ആ സമയത്താണ്  ചെന്നൈയിലെ കൂത്തുപട്ടരിയിൽ അഭിനയ പരിശീലന കളരിയിൽ ചേർന്നത്. മൂന്നു മാസത്തെ കോഴ്‌സായിരുന്നു. ആക്ടർ എന്ന നിലയിൽ എന്റെ കാഴ്ചപ്പാട് തന്നെ മാറാൻ അവിടുത്തെ കോഴ്‌സ് കാരണാമായി. 24പോരായിരുന്നു കോഴ്‌സിൽ. ഞാൻ മാത്രമായിരുന്നു പെൺകുട്ടി. അഭിനയം പഠിപ്പിക്കുകയല്ല അവിടെ, നമ്മുടെ ഉള്ളിലെ അഭിനേതാവിനെ തൊട്ടുണർത്താൻ സഹായിക്കുകയാണ് ചെയ്യുന്നത്. ശരീരം കൂടുതൽ ഫ്‌ളക്‌സിബിൾ ആക്കാനുംപരിശീലിപ്പിക്കുന്നുണ്ട്. യോഗ, സ്റ്റണ്ട് എല്ലാം ഒപ്പം പഠിപ്പിക്കും. വിജയ് സേതുപതി, പശുപതി... അടക്കം നിരവധി പ്രതിഭകൾ കൂത്തുപട്ടരിയിൽ നിന്നും പുറത്തുവന്നവരാണ് എന്ന ചിന്തയും അവിടെ പഠിക്കാൻ കാരണമായി.

ഗായത്രി അശോക്‌ ഫേസ്‌ബുക്കിൽ പങ്കുവച്ച ചിത്രം

ഗായത്രി അശോക്‌ ഫേസ്‌ബുക്കിൽ പങ്കുവച്ച ചിത്രംസിനിമ തന്നെ വഴി

സിനിമയിൽ സജീവമാകാനാണ് ആഗ്രഹം.  അവസരങ്ങൾ നമ്മെ തേടി വരിക എന്നത് വലിയ ഭാഗ്യമായാണ് കാണുന്നത്. ഈ അവസരങ്ങൾ നന്നായി ഉപയോഗിക്കണം. ചില സിനിമകളുടെ ചർച്ചകൾ നടക്കുന്നുണ്ട്. ഇപ്പോൾ മനസ് നിറയെ 'ലഡു' മാത്രമാണ്.

(ചിത്രങ്ങൾ: ലിബിസൺ ഗോപി)

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top