24 October Thursday

ബോര്‍ഡുകള്‍ വേണ്ട ; ആരാധകരോട് താരങ്ങള്‍

വെബ് ഡെസ്‌ക്‌Updated: Monday Sep 16, 2019

സിനിമയുടെ പ്രചാരണത്തിനായി അണിയറ പ്രവർത്തകരും ആരാധകരും വലിയ ബോർഡുകൾ സ്ഥാപിക്കാറുണ്ട്. കഴിഞ്ഞ ദിവസം തമിഴ് നാട്ടിൽ എഐഎഡിഎംകെ നേതാവ് സ്ഥാപിച്ച വലിയ ഹോർഡിങ് വീണുണ്ടായ അപകടത്തിൽ 23 വയസുകാരിയായ ശുഭശ്രീ മരിച്ചിരുന്നു. ഇതേ തുടർന്ന് ഫെക്സ് ബോർഡുകളും ഹോർഡിങുകളും സ്ഥാപിക്കുന്നതിനെക്കുറിച്ച്‌ വലിയ ചർച്ചകളാണ് നടക്കുന്നത്. ഇതിനിടിയിലാണ് സിനിമയുടെ പ്രചരണത്തിന് ഫ്ലക്സ് ബോർഡുകൾ ഉപയോ​ഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് താരങ്ങൾ രം​ഗത്ത് വന്നത്.  തങ്ങളുടെ സിനിമയുടെ പ്രചാരണത്തിനായി  ഇനി ഫെക്സ് ബോർഡുകളും ഹോർഡിങുകളു  ഉപയോ​​ഗിക്കേണ്ടെന്ന എന്ന്‌ നടന്മാരായ മമ്മുട്ടിയും വിജയ്‌യും സൂര്യയും ആരാധകരോട്‌ അഭ്യർഥിച്ചു. 

മമ്മുട്ടിയുടെ റിലീസിങിന് തയാറെടുക്കുന്ന ​"ഗാന​ഗന്ധർവന്റെ പ്രചരണത്തിനായി പോസ്റ്ററുകൾ മാത്രമേ ഉപയോ​ഗിക്കുകയുള്ളുവെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. മമ്മുട്ടി, സംവിധായകൻ രമേഷ് പിഷാരടി, നിർമാതാവ് ആന്റോ ആന്റണി എന്നിവർ ചേർന്നാണ് തീരുമാനമെടുത്തത്. വിജയ് ആറ്റ് ലി കൂട്ട്ക്കെട്ടിന്റെ പുതിയ ചിത്രമായ ബി​ഗിലിന്റെ ഓഡിയോ ലോഞ്ചിന് വലിയ ബോർഡുകളും ഹോർഡിങുകളും സ്ഥാപിക്കരുതെന്ന് വിജയ്‌യും ആവശ്യപ്പെട്ടു. വ്യാഴാഴ്ചയാണ് ഓഡിയോ ലോഞ്ച്. അടുത്ത മാസം സിനിമ തിയേറ്ററിലെത്തും. ബോർഡുകൾ വെക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഫാൻസ് അസോസിയേഷൻ ജില്ലാ ഭാരവാഹികളോട് താരം ആവശ്യപ്പെട്ടു.  

തമിഴ് നാട്ടിൽ വ്യാപകമായ കട്ട് ഔട്ട് സംസ്കാരം അവസാനിപ്പിക്കണമെന്ന് നടൻ സൂര്യ പറഞ്ഞു. സൂര്യ‐ മോഹൻലാൽ കൂട്ട്ക്കെട്ടിൽ വെള്ളിയാഴ്ച തിയേറ്ററിലെത്തുന്ന  കാപ്പൻ സിനിമയുടെ പ്രചരണപരിപാടിയിൽ സംസാരിക്കുകയായിരുന്നു താരം. ബോർഡുകൾ സ്ഥാപിക്കാനായി ചെലവാക്കുന്ന സമയവും പണവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഉപയോ​ഗിക്കണമെന്നും ആരാധകരോട് സൂര്യ അഭ്യർഥിച്ചു. അതേസമയം നടൻ അജിത്തിന്റെ മധുരെെയിലെ ആരാധക സംഘം ഇനി പൊതു ഇടത്തിൽ ബോർഡുകളും കട്ട് ഔട്ടുകളും സ്ഥാപിക്കില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്. ബോര്‍ഡുകള്‍ സ്ഥാപിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തിനെതിരെ  നടൻ കമല്‍ ഹാസനും രം​ഗത്ത് വന്നു. ഇത്തരത്തിലുള്ള അപകടം ഇനിയുണ്ടാവാതെയിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.


പ്രധാന വാർത്തകൾ
 Top