20 February Wednesday

സിനിമകൾ എന്നെ തേടി വരുന്നതാണ്‌..ഫാസില്‍ സംസാരിയ്ക്കുന്നു

ഷംസുദ്ദീൻ കുട്ടോത്ത്‌Updated: Thursday Jan 17, 2019

കലാമൂല്യവും കച്ചവടസാധ്യതയുമുള്ള സിനിമകള്‍ ചെയ്ത് മലയാളികളുടെ മനസ്സില്‍ ഇടം നേടിയ സംവിധായകനാണ് ഫാസില്‍. പ്രണയത്തെ ഇത്രയും കാവ്യാത്മകമായി അഭ്രപാളിയില്‍ ആവിഷ്കരിച്ച സംവിധായകര്‍ നമുക്ക് അധികമില്ല. മിമിക്രിയിലൂടെയും നാടകങ്ങളിലൂടെയുമാണ് ഫാസിലിന്റെ കലാജീവിതം തുടങ്ങുന്നത്. നാലു പതിറ്റാണ്ടിനടുത്ത സിനിമാജീവിതത്തിനിടയില്‍ തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി 31 സിനിമകള്‍ മാത്രമാണ് ഫാസില്‍ സംവിധാനം ചെയ്‌തത്. എണ്‍പതുകളില്‍ കെ ജി ജോര്‍ജ്, ഭരതന്‍, ഹരിഹരന്‍, ഐ വി ശശി, പി എന്‍ മേനോന്‍ എന്നിവര്‍ കാതലുള്ള സിനിമകളുമായി ശക്തമായ സാന്നിധ്യമായി നില്‍ക്കുമ്പോഴാണ് ഫാസില്‍ 'മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍' എന്ന കളര്‍ഫുള്‍ സിനിമയുമായി എത്തുന്നത്. ഫാസിലിന്റെ ചുവടുപിടിച്ചാണ് പിന്നീട് പ്രിയദര്‍ശന്‍, സിബി മലയില്‍, കമല്‍, സത്യന്‍ അന്തിക്കാട്... തുടങ്ങിയവരൊക്കെ സംവിധാന രംഗത്തെത്തുന്നത്.

മലയാള സിനിമയുടെ വാണിജ്യപരവും കലാപരവുമായ നിലനില്‍പ്പിന് ഫാസില്‍ നല്‍കിയ സംഭാവന ഏറെ വലുതാണ്. ദേശീയ അവാര്‍ഡും സംസ്ഥാന പുരസ്കാരങ്ങളും നേടിയ മണിച്ചിത്രത്താഴ്, നോക്കെത്താദൂരത്ത് കണ്ണുംനട്ട്, എന്നെന്നും കണ്ണേട്ടന്റെ, എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്... തുടങ്ങിയ ചിത്രങ്ങള്‍ മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമകളാണ്. നിരവധി ചിത്രങ്ങളുടെ നിര്‍മാതാവ് കൂടിയായ ഫാസിലാണ് മോഹന്‍ലാല്‍, ശങ്കര്‍, ജെറി അമല്‍ദേവ്, നദിയാ മൊയ്തു, പൂര്‍ണിമാ ജയറാം, കൈതപ്രം, ഖുഷ്ബു, സിദ്ദിഖ്ലാല്‍, മധു മുട്ടം, കുഞ്ചാക്കോ ബോബന്‍, ശാലിനി, ഫഹദ് ഫാസില്‍ എന്നിവരെ ചലച്ചിത്രരംഗത്തെത്തിച്ചത്. മക്കളായ ഫഹദ്, ഫര്‍ഹാന്‍ എന്നിവര്‍ ഇതിനകം അഭിനയ രംഗത്ത് പ്രതിഭ തെളിയിച്ചവരാണ്.

ഏറെ ചര്‍ച്ചചെയ്യപ്പെട്ട മണിച്ചിത്രത്താഴ എന്ന സിനിമ പുറത്തിറങ്ങിയിട്ട് ഡിസംബറില്‍ 25 വര്‍ഷം പൂര്‍ത്തിയായി. ദ്വന്ദ്വ വ്യക്തിത്വം(ഡുവല്‍ പെര്‍സണാലിറ്റി) എന്ന ചിത്തരോഗത്തിന്റെ വിവിധ തലങ്ങള്‍ ചര്‍ച്ചചെയ്ത ഈ സിനിമ ചലച്ചിത്ര വിദ്യാര്‍ഥികള്‍ക്കുള്‍പ്പെടെ പാഠപുസ്തകമാണ്. ഫാസില്‍ തന്റെ സിനിമാവഴികളെക്കുറിച്ചും മണിച്ചിത്രത്താഴിനെക്കുറിച്ചും  സംസാരിക്കുന്നു.

കുട്ടിക്കാലം... ഗ്രാമം

പത്താംക്ലാസുവരെ ആലപ്പുഴ മുഹമ്മദന്‍സ് സ്കൂളിലാണ് പഠിച്ചത്. പ്രീഡിഗ്രി മുതല്‍ എംഎ വരെ ആലപ്പുഴ സനാതന ധര്‍മ (എസ്ഡി) കോളേജിലും. സിനിമയുടെ ബാലപാഠങ്ങള്‍ പഠിച്ചതും ഈ മണ്ണില്‍ നിന്നാണ്. ഉദയാ സ്റ്റുഡിയോയില്‍ നിന്ന് എല്ലാവരും സിനിമയുമായി ചെന്നൈയിലേക്ക് പോയപ്പോഴും ഞാന്‍ ആലപ്പുഴയില്‍ത്തന്നെ നിന്നു. രാഷ്ട്രീയ സാംസ്കാരിക രംഗത്ത് ഏറെ വളക്കൂറുള്ള മണ്ണാണ് ആലപ്പുഴയുടേത്.

'തെക്കുതെക്കൊരു ദേശത്ത്... അലമാലകളുടെ തീരത്ത്...' പോലുള്ള മുദ്രാവാക്യങ്ങളൊക്കെ കുട്ടിക്കാലത്ത് കേള്‍ക്കാറുണ്ടായിരുന്നു. പ്രകൃതിയും വള്ളവും വെള്ളവും എല്ലാംനിറഞ്ഞ ഭൂമിക... പണ്ട് വള്ളംകളി കാണാന്‍ നെഹ്രു വന്നതൊക്കെ ഓര്‍മയുണ്ട്.

ഫോട്ടോ എം എ ശിവപ്രസാദ്‌

ഫോട്ടോ എം എ ശിവപ്രസാദ്‌

മുഹമ്മദന്‍സ് സ്കൂളില്‍ കുറെ കലാപ്രവര്‍ത്തകരുണ്ടായിരുന്നു. അവരാണ് എന്റെ വഴികാട്ടി. പഠനത്തില്‍ ഞാന്‍ പിറകിലായിരുന്നു. എസ്എസ്എല്‍സിക്ക് തോല്‍ക്കുകയും ചെയ്തു. എന്നാല്‍ പാട്ട്, ഡാന്‍സ്, നാടകം എല്ലാത്തിലും സ്കൂളില്‍ സജീവമായിരുന്നു. എസ്എസ്എല്‍സി കഴിഞ്ഞ് കോളേജില്‍ പോയി. എസ്ഡി കോളേജില്‍ സ്കൂളിനെക്കാള്‍ വലിയ കലാപരിപാടിയായിരിക്കും എന്നാണ് കരുതിയത്. എന്നാല്‍ മറിച്ചായിരുന്നു അനുഭവം. അവിടെ ഒരു കലാപ്രവര്‍ത്തനവുമുണ്ടായിരുന്നില്ല. അങ്ങനെ കല എന്താണെന്ന് അവരെ കാണിച്ചുകൊടുക്കണം എന്ന ചിന്ത വന്നു. പ്രീഡിഗ്രിക്ക് ചേര്‍ന്ന ശേഷം നേരത്തെ സ്കൂളില്‍ നാടകം അവതരിപ്പിച്ച സീനിയേഴ്സിന്റെ അടുത്തുപോയി അവര്‍ അവതരിപ്പിച്ച നാടകം വാങ്ങി പഠിച്ച് അവതരിപ്പിക്കുകയായിരുന്നു. അങ്ങനെ കോളേജില്‍ ഞാന്‍ സ്റ്റാറായി. മെഡിസിന്‍ പഠിക്കാന്‍ എത്തിയ ഞാന്‍ അങ്ങനെ കലാലോകത്തെത്തി. അക്കാലത്ത് എന്നെപ്പോലെതന്നെ അവിടെയെത്തിയ ആളായിരുന്നു നെടുമുടി വേണു. അദ്ദേഹത്തിന്റെ സഹോദരങ്ങളൊക്കെ കലാപ്രവര്‍ത്തകരായിരുന്നു. വേണുവിന് സംഗീതമൊക്കെയുണ്ടായിരുന്നു. വേണുവുമായുള്ള സൗഹൃദം ഒരു വഴിത്തിരിവായി. നല്ല വായനയൊക്കെ രണ്ടാള്‍ക്കുമുണ്ടായിരുന്നു. കലയുടെ ലോകത്തേക്ക് ഞങ്ങള്‍ വലിച്ചെറിയപ്പെടുകയായിരുന്നു. എനിക്കറിയുന്ന പലതും വേണുവിനറിയില്ല, വേണുവിനറിയുന്ന പലതും എനിക്കറിയില്ല എന്ന അവസ്ഥയില്‍ കൊടുത്തും വാങ്ങിയും ഞങ്ങളുടെ സൗഹൃദം വളര്‍ന്നു.

കുഞ്ചാക്കോ ബോബന്റെ അച്ഛന്‍ ബോബന്‍ കുഞ്ചാക്കോ അവിടെ പഠിച്ചിരുന്നു. അങ്ങനെയാണ് ഉദയാ സ്റ്റുഡിയോയുമായുള്ള ബന്ധം ആരംഭിക്കുന്നത്. അക്കാലത്ത് ഞാനും വേണുവും ചേര്‍ന്ന് പല സ്ഥലത്തും നാടകമത്സരങ്ങളില്‍ പങ്കെടുക്കാറുണ്ടായിരുന്നു. ഒരു സ്ഥലത്ത് കാവാലം നാരായണപ്പണിക്കരായിരുന്നു ജഡ്ജ്. അക്കാലത്ത് ക്ലാസില്‍ കയറാറില്ലായിരുന്നു. സ്കൂളിന് അടുത്തൊരു മാടക്കടയുണ്ട്. അവിടെയിരിക്കലാണ് പ്രധാന പരിപാടി. അവിടെ നിന്നാണ് പി കുഞ്ഞിരാമന്‍ നായരെയും തകഴിയെയുമൊക്കെ അത്ഭുതത്തോടെ കാണുന്നത്. അവരൊക്കെ കോളേജ് മുറ്റത്തുകൂടി നടന്നുപോകുന്നത് കാണും. ഞങ്ങള്‍ക്ക് എപ്പോഴും പ്രോഗ്രാം അവതരിപ്പിക്കാനുള്ള ആവേശമായിരുന്നു. അങ്ങനെ ഒരു മ്യൂസിക്കല്‍ സന്ധ്യ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. അതിന്റെ ഭാഗമായി ടിക്കറ്റ് വില്‍പ്പന നടത്താന്‍ ഒരു വീട്ടില്‍ പോയപ്പോഴാണ് കാവാലത്തിനെ പരിചയപ്പെടുന്നത്. അദ്ദേഹമാണ് ഞങ്ങളുടെ നാടകത്തിന്റെ ജഡ്ജായിരുന്ന കാര്യം പറഞ്ഞത്. അദ്ദേഹവുമായി അങ്ങനെ നല്ല അടുപ്പമായി.
 

കാവാലം വഴികാട്ടി

കാവാലവുമായുള്ള അടുപ്പം ഞങ്ങള്‍ക്ക് സാഹിത്യത്തിന്റെയും സംഗീതത്തിന്റെയുമൊക്കെ പുതിയൊരു ലോകം തുറന്നുതന്നു. അക്കാലത്ത് എനിക്കറിയാവുന്ന അത്രയും സിനിമകളെക്കുറിച്ച് വേണുവിന് അറിയില്ല. സ്കൂളില്‍ പഠിക്കുമ്പോള്‍ത്തന്നെ ഞാന്‍ ഒരുപാട് സിനിമകള്‍ കാണുമായിരുന്നു. എല്ലാ ഭാഷകളിലുള്ള സിനിമയും അതില്‍പ്പെടും. മുട്ടത്തുവര്‍ക്കിയിലൂടെയാണ് വായന വളര്‍ന്നത്. പിന്നെയാണ് ഒ വി വിജയനെയൊക്കെ വായിച്ചുതുടങ്ങുന്നത്. കവിതകളും ധാരാളമായി വായിക്കുമായിരുന്നു. കാവാലത്തിനെ പരിചയപ്പെട്ടതോടെ വായനയിലും കൂടുതല്‍ ശ്രദ്ധയുണ്ടായി.

നവോദയ തുറന്ന വാതില്‍

അക്കാലത്താണ് തോപ്പില്‍ ഭാസി സംവിധാനം ചെയ്യുന്ന ഒരു സിനിമയില്‍ ചെറിയ വേഷം ചെയ്യാന്‍ അവസരം കിട്ടുന്നത്. പിന്നെ ഉദയായിലും നവോദയയിലുമൊക്കെയായി ഞാന്‍ തിരക്കഥാ സഹായിയായും ചര്‍ച്ചകളിലുമൊക്കെ സജീവ പങ്കാളിയായി. കാവാലത്തിന്റെ തനത് നാടകത്തില്‍ ആകൃഷ്ടനായ വേണു അദ്ദേഹത്തോടൊപ്പം തിരുവനന്തപുരത്തേക്ക് മാറി.

തിരക്കഥാ ചര്‍ച്ചകളൊക്ക നടക്കുന്ന കാലത്ത് ഞാനാണ് നവോദയയോട് ഒരു കൊച്ചുസിനിമ എടുക്കുന്ന കാര്യം പയുന്നത്. അങ്ങയൊണ് 'മഞ്ഞില്‍ വിരിഞ്ഞ പൂക്കളു'ണ്ടാകുന്നത്. ഞാന്‍ സിനിമയിലൂടെയും വേണു നാടകത്തിലൂടെയും സിനിമയിലെത്തുകയും ചെയ്തു. അക്കാലത്ത് അഭിനയമായിരുന്നു എന്റെ ആവേശം. ഒരുപാട് നാടകങ്ങള്‍ ഞാനും വേണുവും അവതരിപ്പിച്ചിട്ടുണ്ട്. ഏതോ ഒരു ഘട്ടത്തില്‍ ഞാന്‍ തിരിച്ചറിഞ്ഞു. അഭിനയമല്ല സംവിധാനമാണ് എന്റെ തട്ടകമെന്ന്.

നെടുമുടി വേണുവും ഞാനും

പ്രീഡിഗ്രിക്ക് വേണ്ടത്ര അറ്റന്റന്‍സ് ഇല്ലാത്തതിനാല്‍ എന്നെ കോളേജ് ഡീബാര്‍ ചെയ്തു. പിന്നെ പ്രൈവറ്റായാണ് എഴുതിയത്. അങ്ങനെ രണ്ടുവര്‍ഷം പുറത്തുനില്‍ക്കേണ്ടി വന്നു. പിന്നെ ബിഎക്ക് പോയി. അതേസമയം വേണുവും പ്രീഡിഗ്രി തോറ്റ് രണ്ട് വര്‍ഷം പുറത്തുനിന്ന് ബിഎക്ക് ചേരാന്‍ വന്നു. ഞാന്‍ എക്കണോമിക്സും വേണു മലയാളവും. ഡിഗ്രിക്ക് ശേഷം പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംവിധാനം പഠിക്കാന്‍ ആഗ്രഹം തോന്നി. എനിക്ക് ഡിഗ്രിക്ക് സെക്കന്‍ഡ് ക്ലാസുണ്ടായിരുന്നു. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലും അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലും ഞാന്‍ അപേക്ഷ അയച്ചു, സംവിധാനം പഠിക്കാന്‍. ഇന്റര്‍വ്യൂവിന് കാത്തിരുന്നു. സമയം പോകുമെന്ന് തോന്നിയപ്പോള്‍ കാത്തിരിപ്പിനിടയില്‍ എംഎക്ക് ചേര്‍ന്നു. അന്ന് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഭയങ്കര ഗ്ലാമറായിരുന്നു. ശത്രുഘ്നന്‍ സിന്‍ഹയും ജയ ഭാദുരിയുമൊക്കെ പഠിക്കുന്ന കാലമാണ്. എം ജി ആറും കരുണാനിധിയും തമ്മിലുള്ള പോരാട്ടം നടക്കുന്ന സമയമാണത്. എം ജി ആര്‍ മലയാളിയാണെന്നതൊക്കെ വലിയ ചര്‍ച്ചയായിരുന്നു. അതുകൊണ്ടുതന്നെ അഡയാറില്‍ അക്കാലത്ത് മലയാളികളെ വിളിച്ചിരുന്നില്ല. രണ്ടു സ്ഥലത്തുനിന്നും എന്നെ വിളിച്ചില്ല. അതോടെ എന്റെ എംഎ താല്‍പ്പര്യവും കെട്ടു. എംഎക്ക് തോറ്റു. അന്ന് ക്ലാസിന് പുറത്തായിരുന്നു. അക്കാലത്ത് വേണു പതിവായി കോളേജില്‍ വരുമായിരുന്നു. നാടകവും മറ്റും ചര്‍ച്ചചെയ്യാനാണ് വരവ്. ഞങ്ങള്‍ സിനിമകള്‍ കാണാന്‍ പോകും. കൊമേഴ്സ്യല്‍ സിനിമ വിട്ട് കുറേക്കൂടി ഗൗരവമുള്ള സിനിമകളോടായി അന്ന് ഞങ്ങള്‍ക്ക് താല്‍പ്പര്യം. പി എ ബക്കര്‍, വിന്‍സന്റ് മാസ്റ്റര്‍ എന്നിവരൊക്കെയായിരുന്നു ഞങ്ങളുടെ ആരാധനാപാത്രങ്ങള്‍. വിന്‍സെന്റ് മാഷിന്റെ എല്ലാസിനിമകളും തീയേറ്ററില്‍ പോയി കണ്ടിട്ടുണ്ട്.

ഏകലവ്യനായി
വിന്‍സെന്റ് മാഷിനൊപ്പം

വേണു തിരിച്ച് തിരുവനന്തപുരത്തേക്ക് പോയി. അങ്ങനെയിരിക്കെ ബോബന്‍ കുഞ്ചാക്കോ വിളിച്ച് പുതിയപടം തുടങ്ങുന്ന കാര്യം പറഞ്ഞു. അതിന്റെ സ്ക്രിപ്റ്റ് കേള്‍ക്കാന്‍ ചെല്ലാന്‍ പറഞ്ഞതനുസരിച്ച് ഞാന്‍ പോയി. 'അച്ചാരം അമ്മിണി ഓശാരം ഓമന' എന്ന സിനിമയായിരുന്നു അത്. ശാരംഗപാണിയായിരുന്നു തിരക്കഥ. നാടകമെഴുതുന്നതിനാല്‍ തിരക്കഥാരചനയിലും എനിക്ക് താല്‍പ്പര്യമായിരുന്നു. അതിനാല്‍ ശാരംഗപാണിയോട് തിരക്കഥയെക്കെുറിച്ച് അഭിപ്രായങ്ങളൊക്കെ പറയുമായിരുന്നു. അടൂര്‍ ഭാസിയാണ് ആ സിനിമയുടെ സംവിധായകന്‍. പെട്ടെന്ന് സിനിമ റിലീസ് ചെയ്യണമെന്നുള്ളതിനാല്‍ രണ്ട് യൂണിറ്റായിട്ടാണ് ഷൂട്ടിങ് നടന്നത്. ഒരു യൂണിറ്റ് അടൂര്‍ ഭാസി സംവിധാനം ചെയ്തു. മറ്റേ യൂണിറ്റ് വിന്‍സെന്റ് മാഷും. മാഷിന്റെ വലിയ ആരാധകനാണെന്നും അദ്ദേഹത്തിന്റെ സ്റ്റോറി പിക്ചറൈസേഷന്‍ എനിക്ക് വലിയ ഇഷ്ടമാണെന്നും ബോബന്‍ കുഞ്ചാക്കോയോട് ഞാന്‍ പറയാറുണ്ട്. ഷൂട്ടിങ് തുടങ്ങുന്നതിന് മുമ്പ് ഒരു ദിവസം എനിക്ക് വിന്‍സെന്റ് മാഷെ ബോബന്‍ കുഞ്ചാക്കോ പരിചയപ്പെടുത്തിത്തന്നു. മാഷ് പടം ഡയറക്ട് ചെയ്യുന്നത് കാണാന്‍ എനിക്ക് ആഗ്രഹമുണ്ട് എന്നൊക്കെ പറഞ്ഞു. ഞാന്‍ പോലും പ്രതീക്ഷിക്കാതെയാണ് ബോബന്‍ കുഞ്ചാക്കോ അങ്ങനെയൊക്കെ പറഞ്ഞത്. ഷൂട്ടിങ്ങിന് തൊട്ടുമുമ്പത്തെ ദിവസമായിരുന്നു ഇത്. അങ്ങനെ ഷൂട്ടിങ് സമയത്ത് ഞാന്‍ ഏകലവ്യനെപ്പോലെ എല്ലാം നോക്കിക്കണ്ടു. നാടകം എഴുതി സംവിധാനംചെയ്തുള്ള പരിചയമുള്ളതിനാല്‍ ഷൂട്ടിങ് കൂടി കണ്ടതോടെ എനിക്ക് വലിയ ആത്മവിശ്വാസവും പ്രതീക്ഷയുമൊക്കെയായി.  11 ദിവസങ്ങളാണ് ഷൂട്ട് കണ്ടത്. ആ ദിവസങ്ങളാണ് എന്റെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ദിനങ്ങള്‍. ആ ദിനങ്ങളാണ് എന്നെ സിനിമ പഠിപ്പിച്ചത്.

അപ്പച്ചന്‍

നവോദയ അപ്പച്ചന് രണ്ട് പെണ്‍മക്കളായിരുന്നു. ഞാനും വേണുവുമായിരുന്നു അവരെ മിമിക്രി പഠിപ്പിച്ചിരുന്നത്. അതുകൊണ്ട് അവരുമായി നല്ല അടുപ്പമായിരുന്നു. മാത്രമല്ല അച്ചാരം അമ്മിണിയുടെ സ്ക്രിപ്റ്റില്‍ ഞാന്‍ ഒപ്പമിരുന്നതെല്ലാം അവര്‍ക്കറിയാമായിരുന്നു. അങ്ങനെ വടക്കന്‍പാട്ട് സിനിമയെടുക്കുന്ന കാര്യം പറഞ്ഞു. അതിന്റെ സ്ക്രിപ്റ്റ് വായിച്ചുനോക്കാന്‍ പറഞ്ഞു. വലിയ സ്ക്രിപ്റ്റ് ആയിരുന്നു. ശിവാജി ഗണേശനൊക്കെ അഭിനയിക്കുന്ന സിനിമയാണ്. വായിച്ചുകഴിഞ്ഞപ്പോള്‍ എന്നോട് അഭിപ്രായം ചോദിച്ചു. ഞാന്‍ വളരെ മോശമാണെന്ന് പറഞ്ഞു. അന്നൊന്നും ആരും അങ്ങനെയൊന്നും പറയാറുണ്ടായിരുന്നില്ല. കുറെ കുഴപ്പങ്ങളും ഞാന്‍ പറഞ്ഞുകൊടുത്തു. അവര്‍ക്ക് സ്ക്രിപ്റ്റ് ഇഷ്ടപ്പെട്ടതിനാല്‍ മാറ്റി എഴുതാനിരുന്നു. ഞാന്‍ കുഴപ്പം പറഞ്ഞപ്പോള്‍ അന്ന് ഉച്ചയ്ക്ക് ശേഷം മാറ്റിയെഴുതിയ സ്ക്രിപ്റ്റ് വായിപ്പിച്ചു. അതും മോശമാണെന്നായിരുന്നു എന്റെ അഭിപ്രായം. ശിവാജി ഗണേശന്‍ അഭിനയിക്കുന്നതുകൊണ്ട് അദ്ദേഹത്തെ ഇന്റര്‍വെല്ലിന് കൊണ്ടുവരുന്ന തരത്തിലാണ് സ്ക്രിപ്റ്റ് എഴുതിയത്. ഞാന്‍ പറഞ്ഞു അത് വര്‍ക്ക്ഔട്ട് ആകില്ലെന്ന്. ആദ്യം തന്നെ അദ്ദേഹത്തെ കൊണ്ടുവരണമെന്നും പറഞ്ഞു. അതെങ്ങനെയെന്നായി അവര്‍. ഞാനങ്ങനെ ഓരോ സീനായി എനിക്ക് തോന്നിയപോലെ കഥ പറഞ്ഞു. എന്നോടൊപ്പം അമാന്‍ എന്ന അവിടത്തെ അസിസ്റ്റന്റും ഉണ്ടായിരുന്നു. ഞാന്‍ പറഞ്ഞുകൊടുക്കുകയും അമാന്‍ എഴുതിയെടുക്കുകയുംചെയ്തു. അമാന്‍ എന്റെ കൂടെ പഠിച്ചിട്ടുമുണ്ട്. അപ്പോള്‍ ഞാനോര്‍ത്തിരുന്നില്ല ഒരു സിനിമയുടെ തിരക്കഥയാണ് ഞാന്‍ പറഞ്ഞുകൊടുക്കുന്നത് എന്ന്. ക്ലൈമാക്സ് വരെ പറഞ്ഞുകൊടുത്തു. ഗോവിന്ദന്‍കുട്ടിയായിരുന്നു ശരിക്കും തിരക്കഥാകൃത്ത്. ഞാനെഴുതിയത് കൊണ്ടുപോയി ആ ഓര്‍ഡറില്‍ അദ്ദേഹം മാറ്റി എഴുതി. ആ സിനിമയാണ് 'തച്ചോളി അമ്പു'. മലയാളത്തിലെ ആദ്യത്തെ സിനിമാസ്കോപ്പ്. അതുവരെയുള്ള എല്ലാ റെക്കോഡുകളും തകര്‍ത്ത പടം. അങ്ങനെ നവോദയയുമായി നല്ല അടുപ്പമായി.

മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍

നവോദയയയിലെ ജിജോ ആണ് അന്ന് എന്നെ എല്ലാറ്റിനും സഹായിച്ചിരുന്നത്. പിന്നീട് എന്നോട് ചോദിച്ചു അടുത്ത പരിപാടി എന്താണെന്ന്... ഞാന്‍ പറഞ്ഞു ഒരു കൊച്ചു പടം ചെയ്യണം, പുതുമുഖങ്ങളെയൊക്കെ വച്ച് മ്യൂസിക്കലായി ഒരു പടം. നവോദയ വീണ്ടും വടക്കന്‍ പാട്ടിന്റെ പശ്ചാത്തലത്തില്‍ പടം എടുക്കാന്‍ തീരുമാനിച്ചു. പക്ഷേ, അതിന് ഞാന്‍ പോയില്ല. ജിജോയും എന്നോട് പോകേണ്ടന്ന് പറഞ്ഞു. ആ സമയത്താണ് മാമാങ്കം എടുത്തത്. അതത്ര വിജയിച്ചില്ല. എന്നെ വീണ്ടും വിളിപ്പിച്ചു. കഥയുണ്ടോ എന്ന് ചോദിച്ചു. ഞാന്‍ പണ്ട് കോളേജില്‍ അവതരിപ്പിച്ച നാടകത്തിന്റെ ത്രെഡ് പറഞ്ഞു. ഞാന്‍ എഴുതി അവതരിപ്പിച്ച നാടകമായിരുന്നു. ആ കഥ അവര്‍ക്ക് ഇഷ്ടപ്പെട്ടു. ആ കഥ ഞാന്‍ ഡവലപ് ചെയ്തു. മലയാളത്തിലെ ആദ്യത്തെ മള്‍ട്ടി സ്റ്റാര്‍ സിനിമയായിരുന്നു അത്്. പ്രേംനസീര്‍, മധു, ശ്രീവിദ്യ എല്ലാവരുമുണ്ട്.

സിനിമ പെട്ടെന്ന് പുറത്തിറക്കേണ്ടതുണ്ടയിരുന്നു. അതിനായി അവര്‍ രണ്ട് യൂണിറ്റാക്കി. ഒരു യൂണിറ്റ് അപ്പച്ചന്‍ സാറായിരുന്നു സംവിധാനം ചെയ്തത്. അതില്‍ എന്നെ അസോസിയേറ്റ് ഡയറക്ടറാക്കി. അദ്ദേഹം ഒന്നോ രണ്ടോ സീനാണ് ചെയ്തത്.  അങ്ങനെ ഞാനറിയാതെതന്നെ അങ്ങ് സംവിധായകനായി മാറി. 'തീക്കനല്‍' എന്നായിരുന്നു പടത്തിന്റെ പേര്. കഥ, സംഭാഷണം ഫാസില്‍ എന്നായിരുന്നു ടൈറ്റില്‍. അതിനുശേഷം എന്നോട് എനിക്കിഷ്ടമുള്ള സിനിമ സംവിധാനം ചെയ്യാന്‍ പറഞ്ഞു. അങ്ങനെയാണ് മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയില്‍ എത്തുന്നത്. അക്കാലത്ത് ഒരു വീക്കിലിയില്‍ വന്ന ഒരു സംഭവത്തിന്റെ പശ്ചാത്തലത്തിലാണ്  ആ സിനിമ ഉണ്ടായത്. 
ഡോക്ടറാക്കണമെന്നായിരുന്നു ബാപ്പയുടെ ആഗ്രഹമെങ്കിലും ഞാന്‍ സിനിമയില്‍ വന്നതോടെ അതില്‍ വിജയിക്കണം എന്നായി. നല്ല സപ്പോര്‍ട്ടായിരുന്നു തന്നത്. നാടക്കാരനായപ്പോഴും മിമിക്രിക്കാരനായപ്പോഴും ഒക്കെ ഇതേ സപ്പോര്‍ട്ട് എനിക്ക് തന്നിരുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂക്കളും നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന സിനിമയും അതിന്റെ തമിഴും ഞാനെടുത്ത ശേഷമാണ് ബാപ്പ മരിച്ചത്. ഞാന്‍ എന്റെ ഫീല്‍ഡില്‍ വിജയിച്ചത് കണ്ട ശേഷമാണ് അദ്ദേഹം വിടപറഞ്ഞത്.

മാറ്റത്തിന്റെ കാലം

ഇന്ത്യന്‍ സിനിമയില്‍ വലിയ മാറ്റത്തിന്റെ കാറ്റടിക്കുന്ന കാലത്താണ് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ചെയ്യുന്നത്. ഈ മാറ്റം പക്ഷേ, അന്ന് മലയാളത്തില്‍ വന്നിരുന്നില്ല. തമിഴിലൊക്കെ കണ്ടുതുടങ്ങിയിരുന്നു. ഭാരതിരാജയൊക്കെ ഈ മാറ്റത്തിന്റെ ആളായിരുന്നു.  ഭരതന്റെയൊക്കെ സിനിമകളാണ് അത്തരം മാറ്റത്തിന്റെ വരവ് മലയാളത്തില്‍ പതുക്കെ അറിയിച്ചുതുടങ്ങിയത്. ആരവം, തകര പോലുള്ള സിനിമകള്‍ ഈ സമയത്താണ് വന്നത്. ഇതുതന്നെ സമയം എന്ന തരത്തിലാണ് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ അന്ന് സംവിധാനം ചെയ്തത്. പടം വന്‍ഹിറ്റായി. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ക്ക് മുമ്പും ശേഷവും എന്ന തരത്തില്‍ വരെ സിനിമയെ പലരും വേര്‍തിരിക്കാറുണ്ട്. അത് സത്യമാണ്. ഞാന്‍ വന്നപ്പോള്‍ പലര്‍ക്കും പ്രചോദനമായി. പ്രിയദര്‍ശന്‍, സിബിമലയില്‍, സത്യന്‍ അന്തിക്കാട് തുടങ്ങിയവരൊക്കെ വരുന്നത് എന്നില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ വലിയൊരു വ്യതിയാനമാണ് മലയാളസിനിമയിലുണ്ടാക്കിയത്. അതോടെ ഞാന്‍ സ്റ്റാറായി. പക്ഷേ, തുടര്‍ന്നുള്ള ചില സിനിമകള്‍ പരാജയപ്പെട്ടു. പിന്നെ എന്റെ മാമാട്ടിക്കുട്ടിയമ്മക്ക്ആണ് വന്‍വിജയമായത്. അതിന്റെ തിരക്കഥയും സംവിധാനവും ഞാനയിരുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂക്കളെക്കാള്‍ സാമ്പത്തിക വിജയം നേടിയ ചിത്രമായിരുന്നു അത്. അത് കഴിഞ്ഞ് നോക്കെത്താദൂരത്ത് വന്നു. എന്നെ ഞാനാക്കിയ സിനിമയാണ് നോക്കെത്താദൂരത്ത്. അതുവരെയുള്ള സിനിമകളില്‍ എനിക്ക് വലിയ ബാനറിന്റെ സപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ നോക്കെത്താദൂരത്തിന് അതുണ്ടായിരുന്നില്ല. പുതുമുഖനായികയും അന്ന് ഒന്നുമാകാത്ത മോഹന്‍ലാലും പത്മിനി ചേച്ചിയുമായിരുന്നു ഉണ്ടായിരുന്നത്. ഇത്രയും പേരെ വച്ച് പടം ഇറക്കിയപ്പോള്‍ വന്‍വിജയമായി. അതോടെ ഫാസില്‍ എന്ന പേര് ബ്രാന്‍ഡഡ് ആയി. എനിക്ക് ഒരുപാട് ഫാന്‍സുണ്ടായി. ഭരതന്‍, പത്മരാജന്‍ പോലുള്ളവരൊക്കെ അക്കൂട്ടത്തിലുണ്ട്. പിന്നെ സൂക്ഷിച്ച് സൂക്ഷിച്ചാണ് സിനിമകള്‍ ചെയ്തത്.

സിനിമ രൂപപ്പെടുന്നത്

എന്നെ ചാര്‍ജ് ചെയ്യിക്കുന്ന എന്തെങ്കിലും സംഭവങ്ങളോ മറ്റോ തേടി വരാറാണ് പതിവ്. ചങ്ങമ്പുഴയുടെ മാറ്റൊലിക്കവിയാണ് വയലാര്‍ എന്ന പ്രചാരണം വന്നപ്പോള്‍ വയലാര്‍ എഴുതിയപോലെ

'കാട്ടിലെ കതിര്‍കാണാക്കിളി പാടിയാല്‍
മുളംകൂട്ടിലെ തത്തമ്മയ്ക്ക് നൊമ്പരം വിതുമ്പിയാല്‍
വന്നലയ്ക്കും പിന്നെ മറ്റൊന്നായ്
രൂപംകൊള്ളും എന്നന്തരംഗ
ത്തിലാഗാനവും വിതുമ്പലും'

അതേപോലെ എന്തോ വന്നലച്ച് മറ്റൊന്നായി മാറുന്നതാണ് എന്റെ സിനിമകള്‍. പപ്പയുടെ സ്വന്തം അപ്പൂസ്, സൂര്യപുത്രി എല്ലാം അങ്ങനെ തന്നെയാണ്. ചെന്നെയിലുണ്ടായിരുന്നപ്പോള്‍ ജയലളിതക്ക് ഒരു മകളുണ്ടെന്ന പ്രചാരണം ശ്രദ്ധയില്‍പ്പെട്ടു. ആരും അറിയാതെ എവിടെയോ വളര്‍ത്തുകയാണെന്നും കേട്ടു. അതില്‍ നിന്നാണ് സൂര്യപുത്രിയുണ്ടായത്. അപരിചിതയായ അമ്മയും മകളും എന്ന ചിന്തയില്‍ നിന്നാണ് നോക്കെത്താദൂരത്ത് ഉണ്ടായത്. മാമാട്ടിക്കുട്ടിയമ്മക്ക് കാരണം 'ആനി'യെന്ന മറ്റൊരു സിനിമയാണ്. ജിജോ ആണ് ആ സിനിമയെക്കുറിച്ച് പറഞ്ഞത്. ഒരു കോടീശ്വരന്റെ ഹോബിയായിരുന്നു  ദിവസവും ഓരോ ഓര്‍ഫനേജില്‍ നിന്ന് ഓരോ കുട്ടിയെ കൊണ്ടുവന്ന് അന്നത്തെ ദിവസം രാജ്ഞിയായി വാഴിക്കുക എന്നത്. വൈകീട്ട് വരെ രാജ്ഞിയാക്കി തിരിച്ചുവിടും. ഒരു ദിവസം കൊണ്ടുവന്ന കുട്ടിയെ അയാള്‍ക്ക്  തിരിച്ചുവിടാന്‍ തോന്നിയില്ല. അന്ന് മനസ്സില്ലാമനസ്സോടെ വിട്ടെങ്കിലും തൊട്ടടുത്ത ദിവസവും ആ കുട്ടിയെ കൊണ്ടുവന്നു. മൂന്നുനാലു ദിവസം കഴിഞ്ഞപ്പോള്‍ അയാള്‍ കുട്ടിയുടെ പേരന്റ്സിനെ അന്വേഷിച്ച് പരസ്യം കൊടുത്തു. ഒരുപാടുപേര്‍ കോടീശ്വരന്റെ പണം മോഹിച്ചിട്ട് വരുന്നതാണ് കഥ. ആ കഥ കേട്ടപ്പോഴാണ് ഞാന്‍ ചാര്‍ജായി മാമാട്ടിക്കുട്ടിയമ്മയില്‍ എത്തിയത്.

ട്രെന്റ് മേക്കര്‍

ഓരോ സിനിമയിലെയും ആര്‍ട്ടിസ്റ്റുകളുമായും നല്ല സിങ്ക് ഉണ്ടാകാറുണ്ട്. നോക്കെത്താദൂരത്ത് സിനിമയില്‍ നദിയാ മൊയ്തുവിന്റേത് ഡല്‍ഹിയില്‍ നിന്നും വന്ന കഥാപാത്രമാണ്. അതുകൊണ്ടുതന്നെ കോസ്റ്റ്യൂം ഉള്‍പ്പെടെ വേറിട്ടതായിരിക്കണമെന്ന് ചിന്തിച്ചു. നദിയാ മൊയ്തു ബോംബെയില്‍ താമസിക്കുന്ന നടിയാണ്. അതുകൊണ്ടുതന്നെ  ഫാഷന്‍ ട്രെന്റുകളെല്ലാം അവള്‍ക്ക് അപ്ടുഡേറ്റ് ആയിരുന്നു. ആ കഥാപാത്രത്തിന് യോജിച്ച തരത്തില്‍ ഒരുങ്ങാന്‍ അതൊക്കെ ഗുണംചെയ്തു. കളര്‍ കോമ്പിനേഷനെല്ലാം ഞാന്‍ ശ്രദ്ധിക്കാറുണ്ട്. ആര്‍ട് ഡയറക്ടര്‍, കോസ്റ്റ്യൂം ഡിസൈനര്‍, ക്യാമറാമാന്‍ എല്ലാവരുമായി ഇത്തരം കാര്യങ്ങള്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കുകയാണ് പതിവ്. മുറിയിലെ കര്‍ട്ടന്റെ കളര്‍ വരെ നോക്കും. കഥാപാത്രങ്ങളുടെ മൂഡ് എല്ലാം കളറുമായി ബന്ധപ്പെട്ട് കിടക്കുന്ന കാര്യങ്ങളാണ്.

മണിച്ചിത്രത്താഴില്‍ ശോഭന തന്നെയാണ് ബംഗളൂരുവില്‍ നിന്ന് സാരികള്‍ എടുത്തത്. സിനിമയില്‍ ശോഭനയെ കാണുമ്പോള്‍ പ്രേക്ഷകര്‍ക്ക് തോന്നണം തൊട്ടടുത്ത കടയില്‍ ശോഭന ധരിച്ച സാരി കിട്ടും എന്ന്. എന്നാല്‍ കിട്ടാനും പാടില്ല. പ്രാപ്യം എന്ന് തോന്നുകയും അപ്രാപ്യമായിരിക്കുകയും ചെയ്യുക. ബംഗളൂരുവില്‍ നിന്ന് ശോഭന ത്രില്ലടിച്ചുകൊണ്ട് ഒരു ഗംഭീരസാരി കിട്ടിയിട്ടുണ്ട് എന്നുപറഞ്ഞിരുന്നു. ഏറ്റവും ലങ്തി സീനില്‍ ഉപയോഗിക്കണം സാര്‍ എന്നുപറഞ്ഞാണ് ശോഭന വന്നത്. ഞാന്‍ സാരി കാണിക്കാന്‍ പറഞ്ഞു. സില്‍ക് സാരിയായിരുന്നു. ബീജ് കളറില്‍ മെറൂണ്‍ ആന്റ് ഗ്രീന്‍ ലീഫ്സ് ഒക്കെയുള്ള സാരി. 'വരുവാനില്ലാരുമെന്‍...' എന്ന പാട്ടെടുത്തു കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ ശോഭനയോട് സാരിയെടുക്കാന്‍ പറഞ്ഞു. ശോഭനക്ക് വലിയ സന്തോഷമായി. വീട്ടി (ഈട്ടി) മരത്തിന്റെ സ്റ്റെയര്‍കേസാണ് കാണിക്കുന്നത്. ശോഭന കാണിച്ച സാരിയുടെ നിറം എന്റെ മനസ്സിലുണ്ടായിരുന്നു. ആ സ്റ്റെയര്‍ കേസില്‍ ശോഭന ബീജ് കളറുളള സാരിയുടുത്ത് വന്നാല്‍ മനോഹരമായിരിക്കും എന്ന് തോന്നി. സാരിയുടുത്തുവന്ന ശോഭന വിചാരിച്ചത് കുറേദിവസം ആ സാരി ധരിച്ചായിരിക്കും അഭിനയിക്കേണ്ടി വരിക എന്നാണ്. പാട്ടുസീനില്‍ കവിതാപുസ്തകവും പിടിച്ച് സ്റ്റെയര്‍കേസ് ഇറങ്ങി വരുന്നതുള്‍പ്പെടെ മൂന്ന് ഷോട്ടെടുത്ത ശേഷം സാരി മാറ്റാന്‍ ഞാന്‍ പറഞ്ഞു. ശോഭനയ്ക്ക് വല്ലാത്ത സങ്കടം വന്നു. അപ്പോള്‍ ഞാന്‍ ശോഭനയോട് പറഞ്ഞു. ഈ സാരി കണ്ട് കൊതിതീരരുത്, ഇനിയും കാണണം എന്ന് തോന്നണം. അപ്പോഴാണ് ആ സീന്‍ ഭംഗിയാകുക. എന്റെ ജഡ്ജ്മെന്റ് ശരിയായിരുന്നു എന്നെനിക്ക് മനസ്സിലായി. റിലീസ് ചെയ്ത് മൂന്നുദിവസം കഴിഞ്ഞപ്പോള്‍ തീയേറ്ററില്‍ സിനിമ കാണാന്‍ പോയി. സിനിമ കഴിഞ്ഞ് ഓഫീസിനടുത്ത് നില്‍ക്കുമ്പോള്‍ രണ്ട് സ്ത്രീകള്‍ ആ സാരിയെക്കുറിച്ച് പറയുന്നത് കേട്ടു. പാട്ടുസീനിലേ കാണിച്ചുള്ളൂ, ഇനി പാട്ട് ടിവിയില്‍ വരുമ്പോള്‍ സാരി കാണാം എന്നൊക്കെയായിരുന്നു അവരുടെ സംസാരം. ഞാന്‍ പ്രൊഡ്യൂസറെ വിളിച്ച് പാട്ട് ഉടനെയൊന്നും ടിവിക്ക് കൊടുക്കേണ്ട എന്ന് വിളിച്ചുപറഞ്ഞു.

മണിച്ചിത്രത്താഴ്

25 വര്‍ഷമായി മണിച്ചിത്രത്താഴ് ഇറങ്ങിയിട്ട്. ഇന്നും എല്ലാ ദിവസവും ആരെങ്കിലുമൊക്കെ എവിടെയെങ്കിലുമൊക്കെ ഇരുന്ന് ആ സനിമ കാണുന്നു എന്നതുതന്നെയാണ് അതിന്റെ വിജയം. പല ദിവസങ്ങളിലും ആരെങ്കിലുമൊക്കെ പടം കണ്ട് വിളിക്കാറുണ്ട്. ഞാനൊരുപാട് സമയമെടുത്തുചെയ്ത സിനിമയാണ്. മൂന്ന് വര്‍ഷത്തെ ശ്രമമുണ്ട്. കഥ പറഞ്ഞ ആരും ആദ്യം സ്വീകരിച്ചില്ല. ഈ കഥ പലരെയും നിരാശപ്പെടുത്തിയിരുന്നു.

അതിനെ അതിജീവിച്ച സിനിമയാണ്. മൂന്ന് വര്‍ഷം കിട്ടിയതിനാല്‍ എല്ലാ പഴുതുകളും അടക്കാന്‍ പറ്റിയിട്ടുണ്ട്. മനഃശാസ്ത്രജ്ഞര്‍ക്കുപോലും ഇതിനെ ക്രിട്ടിസൈസ് ചെയ്യാന്‍ പറ്റിയിട്ടില്ല. ഈ സിനിമ ഏറ്റവും നന്നായി എന്‍ജോയ് ചെയ്തത് ഡോക്ടേഴ്സും മറ്റുമാണ്. ഭ്രാന്ത് എന്നുപറഞ്ഞാല്‍ ആളുകള്‍ക്ക് മനസ്സിലാവും. എന്നാല്‍ സ്പ്ലിറ്റ് പേഴ്സണാലിറ്റി എന്നുപറഞ്ഞാല്‍ ആളുകള്‍ക്ക് മനസ്സിലാകണമെന്നില്ല. അത്തരത്തില്‍ ഒരു സിനിമ എടുക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കാണുന്നു.

ചാത്തനേറും
മധു മുട്ടവും

'ചാത്തനേറ്,' എന്ന സംഭവത്തെക്കുറിച്ച് ഒരു സിനിമ എടുത്താലോ എന്ന ചോദ്യവുമായാണ് തിരക്കഥാകൃത്ത് മധു മുട്ടം വന്നത്. മധു മുട്ടം ഒരിക്കലും കഥയുമായല്ല എന്റെ അടുത്ത് വന്നിരുന്നത്. ഇത്തരത്തിലുള്ള ആശയങ്ങളുമായിട്ടായിരുന്നു. മാറ്റിവച്ച പരീക്ഷ എന്ന ആശയമാണ് 'എന്നെന്നും കണ്ണേട്ടന്റെ' എന്ന സിനിമയായത്. തെണ്ടക്കാരുടെ സെറ്റ് എന്ന ചിന്തയില്‍ നിന്നാണ് 'കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍' ഉണ്ടായത്. പണ്ടൊക്കെ ചാത്തനേറ് വലിയ സംഭവമായിരുന്നു. വൈദ്യുതി വരുംമുമ്പായിരുന്നു ചാത്തനേറ് കൂടുതലുണ്ടായിരുന്നത്. തൃശൂര്‍ ഭാഗത്തൊക്കെയായിരുന്നു കൂടുതലും. ഓല വീടും ഓടിട്ട വീടുകളുമായിരുന്നു അന്ന് കൂടുതലും. വീടിനുമുകളില്‍ ശബ്ദത്തില്‍ കല്ലുകള്‍ വന്ന് വീഴുന്നതും അടുപ്പത്തുവച്ച അരിയില്‍ മാലിന്യം വന്ന് വീഴലുമൊക്കെ ചാത്തനേറിന്റെ ഭാഗമായി കണക്കാക്കിയിരുന്നു. ചാത്തന്‍ കൂടിയാല്‍ ഉണ്ടാകുന്ന കാര്യങ്ങളാണിവ. ഇത് ഒരുതരം മനോരോഗമാണെന്ന്  പിന്നീട് തെളിഞ്ഞു. രോഗിതന്നെ മറ്റുള്ളവര്‍ക്കൊപ്പം നിന്ന് ചെയ്യുന്ന വികൃതികളാണ് എല്ലാം എന്ന് മനസ്സിലായി. ഇതിനെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കി. അങ്ങനെയാണ് ചാത്തനേറ് എന്ന ലഘുമനോരോഗചിന്ത വികസിച്ച് മണിച്ചിത്രത്താഴിലെത്തുന്നത്. ഏറെ സങ്കീര്‍ണമായ ഒരു വിഷയമാണ് കൈകാര്യം ചെയ്യുന്നത് എന്നറിയാമായിരുന്നു. പലരും വിഷയം കേട്ടപ്പോള്‍ നിരുത്സാഹപ്പെടുത്തി. പലതവണ വേണ്ടെന്നുവച്ചെങ്കിലും പിന്നെയും മുന്നോട്ടുപോവുകയായിരുന്നു. മൂന്ന് വര്‍ഷമെടുത്തു തിരക്കഥ പൂര്‍ത്തിയാക്കാന്‍.

വേണ്ടാത്ത രണ്ടു രംഗങ്ങള്‍

മണിച്ചിത്രത്താഴില്‍ രണ്ടു രംഗങ്ങള്‍ വേണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. ശോഭന തെക്കിനിയില്‍ നിന്നിറങ്ങുമ്പോള്‍ കുതിരവട്ടം പപ്പു കോണിപ്പടിയുടെ അടിയില്‍ നിന്നും ഗംഗയുടെ വിരലുകള്‍ കാണുന്നുണ്ട്. അത് വേണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. ജീവത്തായ ഒന്നും കാണിക്കാതെ പകരം മറ്റെന്തെങ്കിലും കാണിക്കാമായിരുന്നു. മറ്റൊന്ന്  മഹാദേവന്‍ എഴുതിക്കൊണ്ടിരിക്കുമ്പോള്‍ ഗേറ്റിന്റെ പടിക്കല്‍ വെള്ളസാരിയും ബ്ലൗസുമുടുത്ത് ശോഭന വരുന്നുണ്ട്. അതു വേണ്ടായിരുന്നു. ഭരതനാട്യം വേഷത്തില്‍ വന്നാല്‍ മതിയായിരുന്നു.

അപൂര്‍വ അംഗീകാരം


മണിച്ചിത്രത്താഴ് ചിത്രീകരിച്ച പലസ്ഥലങ്ങളും ഇന്നും അതിന്റെ പേരില്‍ അറിയപ്പെടുന്നുണ്ട്. ഹില്‍ പാലസ്, പത്മനാഭപുരം പാലസിലൊക്കെ ഗൈഡ്, മണിച്ചിത്രത്താഴ് ഷൂട്ട് ചെയ്ത വിശേഷങ്ങളാണ് പറഞ്ഞുകൊടുക്കുന്നത്. എഴുത്തുകാരി കെ ആര്‍ മീര പത്മനാഭപുരം പാലസ് സന്ദര്‍ശിച്ചപ്പോള്‍ ശോഭന കട്ടിലുപൊക്കിയ സ്ഥലവും മോഹന്‍ലാലും തിലകനും ആദ്യമായി കണ്ട സ്ഥലവുമൊക്കെയാണ് ഗൈഡ് വിവരിച്ചുകൊടുത്തത്. റിലീസായി 25 വര്‍ഷം കഴിഞ്ഞിട്ടും സന്ദര്‍ശകരോട് ഗൈഡുകള്‍ ഒരു സിനിമയുടെ കാര്യം ആവര്‍ത്തിച്ചു പറയുന്നത് അപൂര്‍വ അംഗീകാരം തന്നെയല്ലേ... ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഈ സിനിമ ട്രോളായും മറ്റും നിറഞ്ഞുനില്‍ക്കുന്നുണ്ട്. നാഗവല്ലി, കിണ്ടി, വാരിയംപള്ളിയിലെ മീനാക്ഷി, കാര്‍ണോര്... ഇങ്ങനെ സിനിമയിലെ പലതും അന്തരീക്ഷത്തില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്.

അതുപോലെ ആളുകള്‍ ഇത്രയും വിമര്‍ശന ബുദ്ധിയോടെ സമീപിച്ച സിനിമ വേറെയുണ്ടോ എന്ന് സംശയമാണ്. പലതവണ മണിച്ചിത്രത്താഴ് കണ്ട് ഒരു മിസ്റ്റേക്ക് കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നവരെ സോഷ്യല്‍മീഡിയയില്‍ കാണാറുണ്ട്. ക്ലോക്കിന്റെ ചില്ലുടയുംമുമ്പ് ശോഭന കല്ല്് ചുരുട്ടിപിടിച്ചതെല്ലാം കണ്ടുപിടിച്ച് സോഷ്യല്‍ മീഡിയയില്‍ ഇടുന്നുണ്ട്. അതുപോലെ നകുലന്‍ സണ്ണിക്ക് കുളിക്കാന്‍ കൊടുത്ത മുണ്ട് അന്വേഷിക്കുന്നവരുണ്ട്. സണ്ണി കെപിഎസി ലളിതയുടെ മുണ്ടാണ് ഉപയോഗിക്കുന്നത്. അപ്പോള്‍ നകുലന്‍ കൊടുത്ത മുണ്ട് എവിടെ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ ഇപ്പോഴുമുണ്ട്. പിന്നെ, എല്ലാം തികഞ്ഞ സിനിമയൊന്നുമല്ല മണിച്ചിത്രത്താഴ്. ഒരു മനഃശാസ്ത്ര വിഷയം കൈകാര്യം ചെയ്യാന്‍ ശ്രമിച്ചു. സിനിമ കൈകാര്യംചെയ്ത രീതിയും മികവും കാരണം വന്ന പിഴവുകള്‍ ആളുകള്‍ കണ്ടില്ലെന്നേയുള്ളൂ. കലാമേ·ക്കും ജനപ്രീതിക്കുമുള്ള അവാര്‍ഡ് സിനിമയ്ക്ക് കിട്ടി. ശോഭന നല്ല നടിയായി. ദേശീയതലത്തിലുള്ള അവാര്‍ഡുകള്‍. സംവിധായകനുള്ള രാമു കാര്യാട്ട് അവാര്‍ഡ് കിട്ടി.

അന്ധവിശ്വാസമല്ല

മന്ത്രവാദിയെ കൊണ്ടുവരുന്നത് അന്ധവിശ്വാസത്തിന്റെ ഭാഗമായല്ല. രോഗിയുടെ മനസ്സിനെ പഠിച്ചിട്ടാണ് ഡോ. സണ്ണി മന്ത്രവാദിയുടെ സഹായം തേടുന്നത്. അമേരിക്കയില്‍ പോയി ആസ്ട്രോഫിസിക്സില്‍ ഗവേഷണം നടത്തിയ ഒരു മന്ത്രവാദിയെയാണ് നമ്മള്‍ കാണിക്കുന്നത്. 'താങ്കളുടെ ഉപകരണങ്ങള്‍ എനിക്ക് വേണം' എന്നാണ് ആധുനിക സൈക്യാട്രിസ്റ്റ് മന്ത്രവാദിയോട് പറയുന്നത്. എല്ലാ കാലത്തും ഇത്തരത്തിലുള്ള ഇടപെടലുകള്‍ മനഃശാസ്ത്രത്തിലും മറ്റും നടത്തേണ്ടി വരാറുണ്ട്.

എംജി രാധാകൃഷ്ണനും ജോണ്‍സണും

എം ജി രാധാകൃഷ്ണനായിരുന്നു സംഗീതം. കര്‍ണാടക സംഗീതത്തില്‍ അടിസ്ഥാനമാക്കിയാണ് പ്രധാനപ്പെട്ട രണ്ട് പാട്ടും ചെയ്യേണ്ടത്. എം ജി രാധാകൃഷ്ണനല്ലാതെ വേറൊരു ഓപ്ഷന്‍ എനിക്കില്ലായിരുന്നു. കഥ കേട്ടപ്പോള്‍ അദ്ദേഹം ഈ സിനിമ എടുക്കുന്നതിനെ നിരുത്സാഹപ്പെടുത്തി. ആളുകളുടെ തലമണ്ടക്ക് താങ്ങാന്‍ പറ്റാത്ത സബ്ജക്ടാണെന്ന് പറഞ്ഞു. പിന്നെ അനുനയിപ്പിച്ച് ചെയ്യിക്കുകയായിരുന്നു. ആഹരി രാഹഗത്തിലാണ് 'പഴംതമിഴ് പാട്ടിഴയും' ശ്രുതിയില്‍ ചെയ്തത്. ബിച്ചു തിരുമലയും എം ജി രാധാകൃഷ്ണനും ചെയ്തുവച്ച പാട്ട് സന്ദര്‍ഭത്തിനനുസരിച്ച് ഉപയോഗിക്കുകയായിരുന്നു. ബിച്ചുവിന്റെ വരികളില്‍ നിന്നാണ് മണിച്ചിത്രത്താഴ് എന്ന പേരുകിട്ടിയത്. ഈ രണ്ട് പാട്ടുകളും സിനിമയിലേക്ക് വരികയായിരുന്നു. വാലിയും ബിച്ചുവും ചേര്‍ന്നാണ് 'ഒരു മുറൈ വന്ത് പാര്‍ത്തായ' എഴുതിയത്. ചടുലതയും ലാസ്യവും ശൃംഗാരവുമെല്ലാം നിറഞ്ഞ ഗാനം.

മധു മുട്ടം പണ്ടെങ്ങോ  എഴുതിയ കവിതയാണ് 'വരുവാനില്ലാരും..' എന്ന ഗാനം. ഒരിക്കല്‍ എന്റെ വീട്ടില്‍ വരുമ്പോള്‍ മധുവിന്റെ കൈയില്‍ ഒരു ആഴ്ചപ്പതിപ്പുണ്ടായിരുന്നു. ഞാനത് തുറന്നുനോക്കിയപ്പോള്‍ കിട്ടിയ കടലാസ് കഷണത്തിലാണ് ആ കവിതയുണ്ടായിരുന്നത്. ഗംഗയുടെ കഥ ആ വരികള്‍ക്കിടയിലുണ്ടെന്ന് എനിക്ക് തോന്നി. ഗംഗയുടെ മനസ്സ് കൊരുത്ത ആ വരികള്‍ സിനിമയില്‍ ചേര്‍ക്കുകയായിരുന്നു.

റീ റിക്കോഡിങ് നടത്തിയത് ജോണ്‍സണാണ്. മാടമ്പള്ളിയുടെ മൊത്തത്തിലുള്ള ദുരൂഹതയും സസ്പെന്‍സുമെല്ലാം അവതരിപ്പിക്കുന്നതില്‍ ജോണ്‍സന്റെ പങ്ക് ഏറെ വലുതാണ്. വീണകൊണ്ടാണ് തെക്കിനിയിലെ ഭീകരാന്തരീക്ഷ പശ്ചാത്തലമൊരുക്കിയത്.

മോഹന്‍ലാല്‍

ആദ്യമായി മോഹന്‍ലാലിനെ കാണുമ്പോള്‍ത്തന്നെ ഇയാളില്‍ എന്തോ ഉണ്ട് എന്ന് തോന്നിയിരുന്നു. അങ്ങനെയാണ് മഞ്ഞില്‍വിരിഞ്ഞ പൂക്കളിലേക്ക് ലാലിനെ തെരഞ്ഞെടുത്തത്. ആ സിനിമയുടെ ഷൂട്ടിന്റെ സമയത്ത് മോഹന്‍ലാലിന് അപകടം പറ്റി. ഫൈറ്റ് ഷൂട്ട് ചെയ്യാന്‍ മദ്രാസില്‍ പോയപ്പോഴായിരുന്നു അത്. ഷൂട്ടിന്റെ തലേന്ന് ലാലിന്റെ കാലൊടിഞ്ഞു. ഞങ്ങള്‍ വന്ന ജീപ്പിനൊപ്പം ബൈക്കില്‍ വരികയായിരുന്നു ലാല്‍. കുറെ ദൂരം വന്നപ്പോള്‍ എവിടെ നിന്നോ കാലിന് പരിക്കേല്‍ക്കുകയായിരുന്നു. ഫൈറ്റെടുക്കാന്‍ പറ്റാത്ത അവസ്ഥയായി. ഫൈറ്റേഴ്സ് എല്ലാം ബോംബെയില്‍ നിന്നും നേരത്തെ വന്നിട്ടുണ്ട്. ഷൂട്ട് ചെയ്തില്ലെങ്കില്‍ വന്‍ നഷ്ടമാകും. അപ്പോഴാണ് എനിക്ക് ഒരു ഐഡിയ തോന്നിയത്. ശങ്കര്‍ ലാലിനെ സ്ട്രീറ്റിലേക്ക് തള്ളുന്ന സീനുണ്ട്. ആ തള്ളലില്‍ എവിടെയോ പോയി വീണ് കാലൊടിയുന്നതായി അവതരിപ്പിച്ചു. പ്ലാസ്റ്റര്‍ ഒക്കെ ഇട്ടായിരുന്നു പിന്നെ ലാല്‍ അഭിനയിച്ചത്. ഹോസ്പിറ്റലില്‍ നിന്നും വന്ന് ഒറിജിനലായി അഭിനയിക്കുകയായിരുന്നു. പക്ഷേ, അയാളിലെ വില്ലന്റെ കരുത്ത് കൂട്ടാന്‍ ആ അവസ്ഥക്ക് കഴിഞ്ഞു. രോമകൂപം വരെ അഭിനയിക്കുന്ന നടനാണ് മോഹന്‍ലാല്‍. നോക്കെത്താദൂരത്തിന്റെ ക്ലൈമാക്സിലൊക്കെ ഇത് കാണാം.

ശോഭന എന്ന ഗംഗ

പല അഭിമുഖങ്ങളിലും ഞാന്‍ പറഞ്ഞതാണ്. ശോഭന മണിച്ചിത്രത്താഴില്‍ അഭിനയിക്കുകയായിരുന്നില്ല. ജീവിക്കുകയുമായിരുന്നില്ല. ജ്വലിക്കുകയായിരുന്നു. ഗംഗ നാഗവല്ലിയായി മാറിയശേഷം ഇന്ന് ദുര്‍ഗാഷ്ടമി എന്ന് പറയുന്ന സീന്‍ ചെയ്യുമ്പോള്‍ ശോഭന നെര്‍വസ് ആയിരുന്നു. പലതവണ തിരക്കഥ വായിച്ചു. ആ സീന്‍ എന്നൊക്കൊണ്ട് അഭിനയിപ്പിച്ച് കണ്ട് എന്റെ കൈവിരലുകള്‍ വരെ അവര്‍ നോട്ട് ചെയ്യുന്നുണ്ടായിരുന്നു. കട്ടില്‍ പൊക്കുന്ന സീന്‍ എടുക്കുമ്പോള്‍ ശോഭന എന്ന നടിയുണ്ടായിരുന്നില്ല. നാഗവല്ലി മാത്രമായിരുന്നു.

സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയ വല്ലപ്പോഴും മാത്രമേ ശ്രദ്ധിക്കാറുള്ളൂ. എല്ലാം അറിയും. ഒരു പരിധിവരെ നല്ലതാണ്. ആര്‍ക്കും കേറി എന്തും പറയാം എന്ന അപകടം ഇപ്പോഴുണ്ട്. അതിന്റെ തുടക്കകാലം ആയതുകൊണ്ടാകാം. അതൊരു ബുദ്ധിമുട്ടായി തോന്നിയിട്ടുണ്ട്. സിനിമ ഇറങ്ങി ഷോ പകുതിയാകുമ്പോള്‍ത്തന്നെ റിവ്യൂ ഒക്കെ വരുന്നുണ്ട്. ചിലതൊക്കെ നല്ലതാണ്. പൈസ കൊടുത്തൊക്കെ ചെയ്യുന്നതായി കേള്‍ക്കുന്നുണ്ട്. അതിനെക്കുറിച്ചല്ല ഞാന്‍ പറയുന്നത്. അല്ലാതെ തുറന്നുപറച്ചിലിനും വികാരം പ്രകടിപ്പിക്കാനും സോഷ്യല്‍ മീഡിയ ഉപയോഗിക്കാം.

പ്രണയ കഥകള്‍

പ്രണയസിനിമകളുടെ പേരിലാണ് എന്നെ പലരും ഓര്‍ക്കുന്നത്. പക്ഷേ, അത്തരത്തില്‍  മൂന്നുസിനിമകളേ എടുത്തിട്ടുള്ളൂ. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍, എന്നെന്നും കണ്ണേട്ടന്റെ, അനിയത്തിപ്രാവ്. 

എഴുത്ത്

ആദ്യകാലത്ത് ഹോട്ടലില്‍ താമസിച്ചാണ് എഴുതിയത്. നോക്കെത്താദൂരവും മാമാട്ടിക്കുട്ടിയമ്മയുമൊക്കെ എഴുതിയത് അങ്ങനെയാണ്. മണിച്ചിത്രത്താഴിന്റെ  ചര്‍ച്ച മുഴുവനും ഹോട്ടലില്‍ ആയിരുന്നു. എന്നാല്‍ അനിയത്തിപ്രാവ്, ഹരികൃഷ്ണന്‍സ് ഒക്കെ വീട്ടിലിരുന്നാണ് എഴുതിയത്.

സംഗീതം

സംഗീതത്തിന് എന്റെ സിനിമയില്‍ വലിയ സ്ഥാനം നല്‍കാറുണ്ട്. എന്നോടൊത്ത് വര്‍ക്ക് ചെയ്ത മ്യൂസിക് കമ്പോസേഴ്സ് ഒക്കെ പറയാറുണ്ട് ഒപ്പം വര്‍ക്ക് ചെയ്യാന്‍ ഇഷ്ടമാണെന്ന്. അതിന്റെ കാരണം ഒരിക്കല്‍ ഔസേപ്പച്ചന്‍ പറഞ്ഞത് ഓര്‍ക്കുന്നു. എനിക്ക് താളബോധം ഒട്ടുമില്ല. അവതാളമേയുള്ളൂ. ശ്രുതി എന്താണെന്നറിയില്ല. ഞാന്‍ പാടുന്നതുപോലും അപശ്രുതിയാണ്. പക്ഷേ, രണ്ട് ചെവിയുണ്ട്. അതുകൊണ്ട് ഫാസിലിന് ഇഷ്പ്പെട്ടാല്‍ സാധാരണക്കാര്‍ക്ക് ഇഷ്ടപ്പെടും എന്ന ഒരു വിശ്വാസമുണ്ട്. പാട്ട് കേള്‍ക്കുമ്പോള്‍ എനിക്ക്  തിരിച്ചറിയാന്‍ പറ്റാറുണ്ട്. എന്റെ സിനിമയില്‍ പാട്ടെഴുതുന്നവര്‍ക്ക് സജഷന്‍സ് കൊടുക്കാറുണ്ട്. ഇന്നും നല്ല ഗാനങ്ങളുണ്ടാകുന്നുണ്ട്. നില്‍ക്കേണ്ട ഗാനങ്ങള്‍ നില്‍ക്കുന്നുണ്ട്. പിന്നെ ഒരുപാട് പാട്ടുകള്‍ വരുന്നതുകൊണ്ടും മറ്റുമുള്ള പ്രശ്നമാണ്.
എല്ലാതരം പാട്ടുകളും കേള്‍ക്കാന്‍ ഇഷ്ടമാണ്.  മെലഡീസിനോട് കൂടുതല്‍ താല്‍പ്പര്യമുണ്ട്. എ ആര്‍  റഹ്മാനൊക്കെ മെലഡിയെടുത്ത് അമ്മാനമാടുന്നത് കാണാന്‍ രസമാണ്. മെലഡിയെടുത്തിട്ട് ആടയാഭരണങ്ങള്‍ കൊണ്ട് നിറയ്ക്കുകയാണ് പതിവ്. ഊര്‍വ്വശീ... ഊര്‍വ്വശീ... എന്ന പാട്ട് കേള്‍ക്കുമ്പോള്‍ റഫായി തോന്നുമെങ്കിലും അന്വേഷിച്ച് ചെല്ലുമ്പോള്‍ അതിന്റെ വേരുകള്‍ മെലഡിയില്‍ തൊടുന്നത് കാണാം.

ഫഹദ്

ഫഹദിന്റെ ഉള്ളില്‍ നല്ലൊരു ആക്ടര്‍ ഉണ്ട്. പണ്ട് ഫഹദിന്റെ കുറെ വിഡിയോ എടുത്തുവച്ചിരുന്നു. ആറേഴ് മിനിട്ടുള്ള വീഡിയോ ആയിരുന്നു. എന്റെ ഒരു അസിസ്റ്റന്റ് ഫഹദിനോട് കുറെ ചോദ്യങ്ങള്‍ ചോദിക്കുന്നതും അവന്‍ മറുപടി പറയുന്നതുമാണ്. ആന്‍സര്‍ പറയുമ്പോള്‍ അവനിലെ അഭിനയസാധ്യതകള്‍ പുറത്തുവരുന്നതായി കണ്ടു. ഒരു ദിവസം മോഹന്‍ലാല്‍ വീട്ടില്‍ വന്നപ്പോള്‍ കാണിച്ചു. കണ്ടിട്ട് ലാല്‍ ഒന്നും പറയാതെ പോയി. ലാല്‍ വീട്ടില്‍ നിന്ന് ഇറങ്ങിയയുടന്‍ പ്രിയദര്‍ശന്‍ വിളിച്ചുചോദിച്ചു. മോന്‍ നന്നായി ചളിപ്പില്ലാതെ അഭിനയിക്കുന്നതായി ലാല്‍ പറഞ്ഞല്ലോ എന്ന്. പണ്ട് ലാലിനെക്കുറിച്ച് ഞാന്‍ പറഞ്ഞത് ഒരു ചളിപ്പുമില്ലാതെ അഭിനയിക്കുന്നു എന്നുതന്നെയാണ്. ആ വീഡിയോ ഞാന്‍ മമ്മൂട്ടിക്കും അയച്ചുകൊടുത്തു. അദ്ദേഹവും അവന്‍ കലക്കി എന്നാണ് പറഞ്ഞത്. ഫഹദിന്റെ ഉള്ളില്‍ സംഗതി കിടക്കുന്നുണ്ടായിരുന്നു. അത് പുറത്തേക്ക് വരാന്‍ സമയമെടുത്തു. ഫഹദിനെ ആക്ടര്‍ വിത്ത് എ ബ്രെയിന്‍ എന്ന് വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം. പുതിയ തലമുറയില്‍ ദുല്‍ഖറും നല്ല ചാം ഉള്ള ആക്ടര്‍ ആണ്.

ഞാനെന്ന നടന്‍

ഞാന്‍ ബേസിക്കലി ആക്ടര്‍ ആയിരുന്നു. അതുകൊണ്ട് അഭിനയിച്ച് കാണിച്ചുകൊടുക്കാറുണ്ട്. ഞാന്‍ ചെയ്യുന്നതില്‍ നിന്ന് എന്തെങ്കിലും കിട്ടുമോ എന്ന്. ആര്‍ടിസ്റ്റുളോട് ആശയവിനിമയത്തിനുള്ള ഉപാധിയായിട്ടാണ് അങ്ങനെ കാണിക്കുന്നത്. അല്ലാതെ നിര്‍ബന്ധിച്ച് കാണിക്കുന്നതല്ല. ഈയിടെ പ്രിഥ്വിരാജിന്റെ നിര്‍ബന്ധം കാരണം 'ലൂസിഫര്‍' എന്ന സിനിമയില്‍ ചെറിയ വേഷം ചെയ്തിട്ടുണ്ട്. 

സ്ത്രീ കഥാപാത്രങ്ങള്‍

എന്റെ സിനിമയില്‍ സ്ത്രീകഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കാറുണ്ട്. എന്റെ സിനിമയിലെ ചെറിയ കഥാപാത്രങ്ങള്‍ പോലും ശക്തരാണ് എന്നാണ് വിശ്വസിക്കുന്നത്...  ആ ഒരു ബഹുമാനം എനിക്ക് കിട്ടാറുണ്ട്.

രാഷ്ട്രീയം

ആലപ്പുഴക്കാരനായതുകൊണ്ടുതന്നെ എല്ലാ രാഷ്ട്രീയ സാമൂഹിമാറ്റങ്ങളും നിരീക്ഷിക്കാറുണ്ട്.  ജാതീയ ചിന്തകള്‍, വര്‍ഗീയത എന്നിവ പണ്ടും ഉണ്ടായിരുന്നെങ്കിലും ഇന്ന് എല്ലാം ഓപ്പണായി പറയുന്നു എന്ന് തോന്നിയിട്ടുണ്ട്. ഇപ്പോള്‍ എല്ലാം ലൗഡ് ആണ്. കാലങ്ങളെടുക്കും ഒരു മാറ്റത്തിന്.

പുതിയ സിനിമ

ഫഹദിനെ നായകനാക്കി ഒരു സിനിമയാണ് ആലോചിക്കുന്നത്. തിരക്കഥ എഴുതിക്കൊണ്ടിരിക്കുന്നു. അടുത്ത വര്‍ഷം ഞാന്‍ നിര്‍മിച്ച് ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഫഹദ് ആയിരിക്കും നായകന്‍. ആദ്യം ആ വര്‍ക്ക് നടക്കാനാണ് സാധ്യത.

(ദേശാഭിമാനി വാരികയില്‍ നിന്ന്)

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top