05 July Sunday

താരപദവി ഉറപ്പിക്കാൻ മാസ്‌ രംഗങ്ങൾ ചെയ്യേണ്ട കാലം കഴിഞ്ഞു; കള്ളനും അത്യാഗ്രഹിയും മനോരോഗിയുമായി എത്താൻ മടിയില്ല - ഫഹദ്‌ ഫാസിൽ

വെബ് ഡെസ്‌ക്‌Updated: Sunday Feb 9, 2020

മലയാള സിനിമയിലെ യുവതാരങ്ങളില്‍ ഒരു തിരിച്ചുവരവിലൂടെ വിസ്മയിപ്പിച്ച നടനാണ് ഫഹദ് ഫാസില്‍. എല്ലാ വര്‍ഷവും മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളില്‍ ഏതെങ്കിലും ഒരെണ്ണം ഫഹദിന്റെ അക്കൗണ്ടിലുണ്ടാകും. പുതിയ ചിത്രമായ ട്രാന്‍സ് ഫെബ്രുവരി 14ന് തിയറ്ററില്‍ എത്തുകയാണ്. തനിക്ക് ഫാന്‍സ് അസോസിയേഷനുകള്‍ വേണ്ടെന്നും താരപദവി തന്നെ ഭ്രമിപ്പിക്കുന്നില്ലെന്നുമാണ് ഫഹദ് വ്യക്തമാക്കുന്നത്. മാതൃഭൂമി വാരാന്തപതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് ഫഹദ് ഇക്കാര്യം വ്യക്തമാക്കുന്നത്.

എന്നെ ആരാധിക്കാനും എന്റെ സിനിമകള്‍ വിജയിപ്പിക്കാനും എനിക്ക് ഫാന്‍സ് അസോസിയേഷനുകള്‍ ആവശ്യമില്ല. താരപദവി ഉറപ്പിക്കാന്‍ കൈയടിനേടുന്ന മാസ് രംഗങ്ങള്‍ കൂടുതല്‍ ചെയ്യേണ്ട കാലമൊക്കെ കഴിഞ്ഞു. കുമ്പളങ്ങി നൈറ്റ്സില്‍ ഞാന്‍ നായകനല്ല. പക്ഷേ, കഥയും കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. അതുകൊണ്ടുതന്നെ കള്ളനും അത്യാഗ്രഹിയും മനോരോഗിയുമായി എത്താന്‍ എനിക്ക് മടിയില്ല.

കഥയിലേക്കും കഥാപാത്രത്തിലേക്കും എത്തിച്ചേരാനായി ചില ശ്രമങ്ങള്‍ നടത്താറുണ്ട്. പലപ്പോഴും രണ്ട് ദിവസം മുന്‍പെ സെറ്റിലെത്തി കാര്യങ്ങള്‍ മനസിലാക്കുകയാണ് പതിവ്. അഭിനയിക്കേണ്ട രംഗങ്ങള്‍ക്കായി തലേദിവസം റിഹേഴ്‌സലുകളൊന്നും നടത്താറില്ല. നമ്മള്‍ കണ്ടതും കേട്ടതും അറിഞ്ഞതുമായ കാര്യങ്ങള്‍ കഥാപാത്രങ്ങളെ സ്വാധീനിക്കും. തന്റെ അഭിനയത്തെ ചിട്ടപ്പെടുത്തുന്നതില്‍ വായനയ്ക്ക് വലിയ സ്വാധീനമുണ്ടെന്നും ഫഹദ് പറയുന്നു.

അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ട്രാന്‍സ് ഫഹദിന്റെ കരിയറിലെ ഏറ്റവും വലിയ പ്രൊജക്ട് ആണ്. മൂന്ന് വര്‍ഷത്തോളമെടുത്താണ് സിനിമ പൂര്‍ത്തിയാക്കുന്നത്. ഉസ്താദ് ഹോട്ടലിനും, അഞ്ച് സുന്ദരികള്‍ എന്ന ആന്തോളജിയിലെ ആമി എന്ന ചെറു സിനിമക്കും ശേഷം അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രവുമാണ് ട്രാന്‍സ്. കന്യാകുമാരിയിലെ ചെറുപട്ടണത്തില്‍ നിന്ന് ആഗോള തലത്തില്‍ സ്വീകാര്യത നേടുന്ന വിജുപ്രസാദ് എന്ന മോട്ടിവേഷണല്‍ ട്രെയിനറെയാണ് ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്നത്.

അമല്‍ നീരദ് ഛായാഗ്രഹണവും റസൂല്‍ പൂക്കുട്ടി സൗണ്ട് ഡിസൈനിംഗും. വിന്‍സന്റ വടക്കനാണ് തിരക്കഥ. ഫഹദിനൊപ്പം നസ്രിയാ നസീം, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ് ജോസ്, വിനായകന്‍, ശ്രീനാഥ് ഭാസി, ജോജു ജോര്‍ജ്ജ് എന്നിവരും നെഗറ്റീവ് ഷേഡില്‍ സംവിധായകന്‍ ഗൗതം വാസുദേവ മേനോനും ചിത്രത്തില്‍ ഉണ്ട്. ജാക്‌സണ്‍ വിജയന്‍ ആണ് സംഗീത സംവിധാനം. ജാക്‌സണ്‍ വിജയനും സുഷിന്‍ ശ്യാമും ബാക്ക് ഗ്രൗണ്ട് സ്‌കോര്‍. വിനായകന്‍ ഈണമിട്ടതാണ് ടൈറ്റില്‍ സോംഗ്. എന്നാലും മത്തായിച്ചാ എന്ന ഗാനം സൗബിന്‍ ഷാഹിര്‍ ആണ് പാടിയിരിക്കുന്നത്. വിനായക് ശശികുമാറാണ് ഗാനരചന.


പ്രധാന വാർത്തകൾ
 Top