22 April Monday

'വേലൈക്കാരന്‍ മലയാളത്തിലാണെങ്കിലും ചെയ്യുമായിരുന്നു'; ആദ്യ തമിഴ് ചിത്രത്തെ കുറിച്ച് ഫഹദ് ഫാസില്‍ സംസാരിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Monday Dec 18, 2017

കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഫഹദ് ഫാസിലും ശിവകാര്‍ത്തികേയനും

  ആള്‍ക്കൂട്ടമോ ഫാന്‍സ് അസോസിയേഷനോ ഇല്ലാതെ സ്വന്തം അഭിനയശൈലികൊണ്ട് മലയാളത്തില്‍ തന്റേതായ ഇടം കണ്ടെത്തിയ നടനാണ് ഫഹദ് ഫാസില്‍. മികവുറ്റ കഥാപാത്രങ്ങള്‍ കൊണ്ട് മലയാളികളെ അമ്പരിപ്പിച്ച ഫഹദ്, തമിഴില്‍ അരങ്ങേറ്റം കുറിക്കുകയാണ്. തമിഴ് യുവനിരയില്‍ ശ്രദ്ധേയനായ ശിവകാര്‍ത്തികേയനോടൊപ്പം 'വേലൈക്കാരാനി'ല്‍ ആണ് ഫഹദിന്റെ അരങ്ങേറ്റം. തനി ഒരുവന്‍ ഒരുക്കിയ മോഹന്‍ രാജയാണ് സംവിധാനം. തമിഴില്‍ തന്റെ അരങ്ങേറ്റത്തെകുറിച്ചും 'വേലൈക്കാരന്‍' ചിത്രത്തെകുറിച്ചും ഫഹദ് ഫാസില്‍ സംസാരിക്കുന്നു.

മലയാളത്തില്‍ നിറഞ്ഞു നില്‍ക്കുന്ന അഭിനേതാവാണ് ഫഹദ്, മറ്റുള്ള യുവനായകര്‍ എല്ലാം തന്നെ തമിഴില്‍ അരങ്ങേറ്റം കുറിച്ചു. ഫഹദിന്റെ തമിഴിലേക്കുള്ള അരങ്ങേറ്റം വൈകിയെന്നു തോന്നുന്നുണ്ടോ?

 ഒരിക്കലുമില്ല, നേരത്തെയാണെന്നാണ് എന്റെ അഭിപ്രായം. യഥാര്‍ഥത്തില്‍ 'മഹേഷിന്റെ പ്രതികാരം' കഴിഞ്ഞു ഒരു ഇടവേള എടുത്തിരിക്കുന്ന സമയാത്താണ് 'വേലൈക്കാരന്‍' സിനിമയുമായി ബന്ധപ്പെടുന്നത്. ഇതുവരെ ചെയ്യാത്ത തരത്തിലുള്ള ഒരു ചിത്രം  ചെയ്യണമെന്നാഗ്രഹിച്ചിരിക്കുകയായിരുന്നു, അത് ഏത് ഭാഷയില്‍ ആയിരുന്നാലും കുഴപ്പമില്ല. ആ സമയത്താണ് വേലൈക്കാരനിലൂടെ അതിനായി ഒരവസം ലഭിക്കുന്നത്.

തമിഴ് ഡയലോഗുകള്‍, അതും ഒമ്പതു പേജുള്ള ഡയലോഗുകള്‍ ചെയ്യാന്‍ പ്രയാസം അനുഭവപ്പെട്ടോ?

 ശരിക്കും ഒമ്പതു പേജല്ല അതിലും കൂടുതല്‍ പേജുള്ള  ഡയലോഗുകള്‍ ആയിരുന്നു ഉണ്ടായിരുന്നത്. ഈ ഡയലോഗുകള്‍ ഇംഗ്ലീഷിലേക്ക് എഴുതിയെടുത്തു പഠിക്കുകയാണ് ചെയ്തത്. ഡയലോഗ് അവതരണവും, ഏറ്റവും മികച്ചതും ഏതാണെന്നു ചോദിച്ചാല്‍ അത് സിനിമ കണ്ടതിനു ശേഷം നിങ്ങള്‍ തീരുമാനിക്കുന്നതായിരിക്കും നല്ലത്.

മലയാളത്തിലും തമിഴിലും അഭിനയിക്കുന്ന സമയത്ത് അനുഭവപ്പെട്ട വ്യത്യാസം എന്താണ്?

 മലയാളം നമ്മള്‍ ചിന്തിക്കുന്ന ഭാഷയാണ്, ഇടപെടാന്‍ എളുപ്പമാണ്. അതേസമയം തമിഴില്‍ ഡയലോഗ് കൃത്യമായി അറിയണം എന്നിരുന്നാല്‍ മാത്രമെ അതിനനുസരിച്ച് മെച്ചപ്പെടുത്താന്‍ സാധിക്കുകയുള്ളു. ഒപ്പം തന്നെ ഷൂട്ട് തുടങ്ങുന്നതിനു മുമ്പ് തന്നെ ആ സീനിന് വേണ്ടി തയ്യാറെടുക്കാറുണ്ട്. ആദ്യമായിട്ടാണ് ഒരു ചിത്രത്തിനു വേണ്ടി ഞാന്‍ ഇത്രയും മുന്നൊരുക്കങ്ങള്‍ നടത്തുന്നത്. അത് ചിലപ്പോള്‍ ഭാഷയുടെ മാറ്റം കൊണ്ടാവാം.

വേലൈക്കാരന്‍ ചിത്രത്തിന്റെ പോസ്റ്റര്‍

വേലൈക്കാരന്‍ ചിത്രത്തിന്റെ പോസ്റ്റര്‍എന്തുകൊണ്ടാണ് വേലൈക്കാരനിലെ ഈ കഥാപാത്രം ചെയ്യാന്‍ തയ്യാറായത്?

 വേലൈക്കാരനിലെ കാഥാപാത്രവും  കഥയും അത്രയേറെ ഇഷ്ടപ്പെട്ടിരുന്നു. ഇനിയിപ്പോള്‍ ഈ ചിത്രം മലയാളത്തില്‍ ആണെങ്കില്‍ പോലും ഞാന്‍ ചെയ്യുമായിരുന്നു.

നായികാ കഥാപാത്രം അവതരിപ്പിക്കുന്ന നയന്‍ താരയുമായുള്ള അഭിനയ നിമിഷങ്ങള്‍

 ആദ്യമായിട്ടാണ് നയന്‍താരയൊടൊന്നിച്ച് അഭിനയിക്കുന്നത്. ആദ്യമായിട്ട് അവരെ കാണുന്നത് വേലൈക്കാരന്റെ സെറ്റില്‍ വെച്ചാണ്. പ്രൊഫഷനോട് വളരെയധികം ആത്മാര്‍ഥത പുലര്‍ത്തുന്ന നായികയാണവര്‍. മറ്റുള്ളവരോട് ബഹുമാനത്തോടെ പെരുമാറുകയും എല്ലാവരെയും ഒരു പോലെ കാണുകയും ചെയ്യുന്ന താരമാണ് നയന്‍താര.

വേലൈക്കാരന്‍ ചിത്രത്തെക്കുറിച്ചും, അവതരിപ്പിക്കുന്ന കാഥാപാത്രത്തെകുറിച്ചും

വേലൈക്കാരന്റെ കഥ കേള്‍ക്കുന്ന സമയത്ത് ചിത്രത്തിന് ഉദ്ദേശിച്ചിരുന്ന പേര് മെയ് ദിനം എന്നായിരുന്നു. അത്രത്തോളം ലേബറുമായി ബന്ധപ്പെട്ടൊരു ചിത്രമാണിത്. എട്ടു മണിക്കൂര്‍ ജോലി ചെയ്യന്ന ഒരു വര്‍ക്കര്‍ ബാക്കി വരുന്ന 16 മണിക്കൂറും കണ്‍സ്യൂമര്‍ ആയി മാറുന്ന ഒരു ഒരു വ്യവസ്ഥയുടെ കഥായാണിത്. അതിനുള്ളില്‍ നടക്കുന്ന നന്മയുടെ കഥ.
ചിത്രത്തില്‍ ഞാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് ആദി എന്നാണ്. ശിവ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് അറിവ് എന്നാണ്. അവരുടെ രണ്ടു പേരുടേയും തൊഴിലിടത്തിലെ കാഴ്ചപ്പാടുകളിലൂടെയാണ് സിനിമ മുമ്പോട്ട് പോകുന്നത്. ഇതില്‍ കൂടുതലായി  ഒന്നും പുറത്ത് പറയരുതെന്നാണ് നിര്‍ദേശം. ബാക്കി നിങ്ങള്‍ സിനിമ കണ്ട് വിലയിരുത്തുക. ആദി നെഗറ്റീവ് കാഥാപാത്രമാണോ അതോ പൊസീറ്റീവ് ആണോ എന്നൊക്കെ പ്രേക്ഷകര്‍ തീരുമാനിക്കട്ടെ.

വേലൈക്കാരന്‍ ചിത്രീകരണത്തിനിടെ ഫഹദ് ഫാസിലിനും ശിവകാര്‍ത്തികേയനും നിര്‍ദേശങ്ങള്‍ നല്‍കുന്ന സംവിധായകന്‍ മോഹന്‍ രാജ

വേലൈക്കാരന്‍ ചിത്രീകരണത്തിനിടെ ഫഹദ് ഫാസിലിനും ശിവകാര്‍ത്തികേയനും നിര്‍ദേശങ്ങള്‍ നല്‍കുന്ന സംവിധായകന്‍ മോഹന്‍ രാജവേലൈക്കാരനിലെ ആദി വെല്ലുവിളി ഉയര്‍ത്തിയ കഥാപാത്രമായി അനുഭവപ്പെട്ടോ?

 തീര്‍ച്ചയായും, ഞാന്‍ ചെയ്തിട്ടുള്ളതെല്ലാം മലയാളത്തിലാണ്. അതുകൊണ്ട് തന്നെ മറ്റൊരു ഭാഷയിലുള്ള ചിത്രം ചെയ്യുക എന്നുള്ളത് ബുദ്ധിമുട്ടുള്ള കാര്യം തന്നെയായിരുന്നു. കുഴപ്പമില്ലാത്ത രീതിയില്‍ ആദിയെ അവതരിപ്പിച്ചു എന്നാണ് വിശ്വാസം. ചിത്രം മികച്ചതായതിനാല്‍ കഥാപാത്രവും നല്ലതാവുമെന്ന് വിശ്വസിക്കുന്നു. നമുക്ക് കാത്തിരുന്ന് കാണാം.

സംവിധായകന്‍ മോഹന്‍രാജയുമായുള്ള അനുഭവം

 സംവിധാനത്തില്‍ പുതു പരീക്ഷണങ്ങള്‍ നടത്തുന്ന വ്യക്തിയാണദ്ദേഹം. ഒരു സീനിന്റെ മൂന്ന് തലങ്ങള്‍ നമ്മളോട് ആലോചിക്കാന്‍ ആവശ്യപ്പെടും. തുടര്‍ന്ന് ആ സീന്‍ എടുക്കുന്ന സമയത്ത് അതിനു പുതിയൊരു തലംകൂടി അദ്ദേഹം കണ്ടെത്തും, അതിലൂടെയായിരിക്കും ആ സീന്‍ അവതരിപ്പിക്കുക. ഒരോ സീനിലും പ്രേക്ഷകന് ഒരു ഇന്‍ഫോര്‍മേഷന്‍ കൈമാറണമെന്നാണ് അദ്ദേഹത്തിന്റെ രീതി. അത് ഞാന്‍ മറ്റൊരു സംവിധായകനിലും കണ്ടിട്ടില്ല.

അടുത്ത പ്രൊജക്ടുകള്‍

 വേലൈക്കാരന് ശേഷം വീണ്ടും ഒരു തമിഴ് സിനിമയില്‍ കൂടി അഭിനയിക്കും. മലയാളത്തില്‍ പുറത്തിറങ്ങാനുള്ള ചിത്രം കാര്‍ബണ്‍ ആണ്. ട്രാന്‍സിന്റെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നു. അതിനിടയില്‍ ഒരു ചെറിയ ചിത്രത്തില്‍ അഭിനയിക്കും.
 


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top