20 February Wednesday

നന്ദുവും അമ്മുവും" ഈട "ഉണ്ടാകും, ഒപ്പരം പ്രേക്ഷകരും

വിനീത വിജയന്‍Updated: Saturday Jan 6, 2018

സുന്ദരമായ ഒരു റിയലിസ്റ്റിക്  പ്രണയകഥയാണ് ഈട. ആഘോഷങ്ങള്‍ക്കും ആകുലതകള്‍ക്കും അതിജീവനത്തിനുമൊപ്പം  ഒരു പ്രത്യേക താളത്തില്‍ പറഞ്ഞു പോകുന്ന കഥ പതിയെ പതിയെ മനസ്സില്‍ പതിയുന്നുണ്ട്... പ്രേക്ഷകര്‍ക്ക് നല്ലൊരു ദൃശ്യാനുഭവം സമ്മാനിക്കുന്നുമുണ്ട്...എന്തായാലും, നന്ദുവും അമ്മുവും ഈട ഉണ്ടാകും, ഒപ്പരം പ്രേക്ഷകരും!. രാഷ്ട്രീയചിത്രീകരണത്തില്‍ ന്യൂനീകരണങ്ങളുടെ   ഒട്ടേറെ പാളിച്ചകള്‍ ഉണ്ടെങ്കിലും കലാസൃഷ്ടി എന്ന നിലയില്‍ ചിത്രം മികച്ചു നില്‍ക്കുന്നു.

യാദൃശ്ചികമായ കണ്ടുമുട്ടലും, പരസ്പരമുള്ള ആകര്‍ഷണവും, പിന്നീടങ്ങോട്ട് തകര്‍ത്തു മുന്നേറുന്ന പ്രണയവും കഥയ്ക്ക് ഒരു ക്ളീഷേ പരിവേഷം നല്‍കുമ്പോഴും, ഉള്ളില്ലേക്കിറങ്ങി ചെല്ലുമ്പോള്‍ പ്രമേയത്തിന് ചില സവിശേഷതകളുണ്ട്, അടയാളപ്പെടുത്തി പോകേണ്ട സവിശേഷതകള്‍.

അങ്ങിനെയുള്ള ചില രാഷ്ട്രീയ കൊലപാതകങ്ങള്‍ പശ്ചാത്തലമാക്കി ഒരുക്കിയ പ്രണയ ചിത്രമാണ് ഈട. അതിഭാവുകത്വമോ വികലമായ അജ്ഞാനമോ മുഴച്ചു നില്‍ക്കാതെ  ഈട തുറന്നു വയ്ക്കുന്നത് മറ്റൊരു മുഖമാണ്... കൊല്ലുന്നവനോ ചാകുന്നവനോ അതുമായി ബന്ധപ്പെട്ടവരോ അല്ലാത്ത മറ്റു മനുഷ്യരുടെ മാനറിസങ്ങളും സിനിമ ചര്‍ച്ച ചെയ്യുന്നു.ഒരു രാഷ്ട്രീയ കൊലപാതകം ബാക്കിയാക്കിയ ഒരു ഹര്‍ത്താല്‍ ദിനത്തിലാണ് ചിത്രം തുടങ്ങുന്നതും അവസാനിക്കുന്നതും. യാദൃശ്ചികമായി കണ്ടുമുട്ടുന്ന രണ്ടു പേര്‍ സൌഹൃദത്തിലാവുകയും അത് വളര്‍ന്നു പ്രണയമാവുകയും ചെയ്യുന്നതൊക്കെ തന്നെയാണ് ചിത്രമെങ്കിലും, രാഷ്ട്രീയമായി വ്യത്യസ്ത പക്ഷങ്ങളില്‍ നില്‍ക്കുന്ന നായകനും നായികയും, അവരുടെ ജീവിതവും, പ്രണയത്തില്‍ ഉയരുന്ന വെല്ലുവിളികളും അതിനെ ചുറ്റിപറ്റി പറഞ്ഞു പോകുന്ന കുറെ സാധാരണ ജീവിതങ്ങളും കൂടിയാണ് ഈ ചിത്രം. 

അത് രണ്ടു വ്യക്തികളുടെ പ്രണയത്തിലും ജീവിതത്തിലും ഉയര്‍ത്തുന്ന ആകുലതകളും സംഘര്‍ഷങ്ങളും നിസ്സഹായതകളും ഒക്കെ കൃത്യമായി പറയുവാനും പ്രമേയത്തിന്റെ ഗൌരവം കാത്തു സൂക്ഷിക്കാനും തിരക്കഥയുടെ കെട്ടുറപ്പിനായി.
 
കഥപറയാന്‍ സംവിധായകന്‍ തിരഞ്ഞെടുക്കുന്ന ഭൂമിക കണ്ണൂര്‍ ആണ്. അവിടെയാണ് കഥ തുടങ്ങുന്നതും ഒടുങ്ങുന്നതും. സംസ്കാരവും പ്രകൃതി ഭംഗിയും ഭാഷാ ഭംഗിയും ഒക്കെ വേണ്ട വിധത്തില്‍ ചേര്‍ത്ത്, ഒരു രാഷ്ട്രീയ ഗ്രാമത്തിന്റെ യഥാര്‍ത്ഥ ചിത്രം പ്രേക്ഷകര്‍ക്ക് കാണിച്ചു കൊടുക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചു.  സന്ദര്‍ഭത്തിനനുസരിച്ചു  മാത്രം കടന്നു വന്ന തെയ്യകോലങ്ങള്‍, തറി വ്യവസായം, കാവുകള്‍, കടവുകള്‍, എന്നിവ ഇതിനു ഉദാഹരണമാണ്.ആദ്യ കഥാഖ്യാനത്തിനു നല്ല ഇഴയടുപ്പം പകരാന്‍ തിരക്കഥക്ക് സാധിച്ചിട്ടുണ്ടെങ്കിലും, ചിലയിടത്ത് തിരക്കഥ ദുര്‍ബലമാകുന്നുണ്ട്. അതിനു ഉദാഹരണമാണ്, രണ്ടാം പകുതിയില്‍ നായകനെ എതിര്‍ പാര്‍ട്ടിക്കാര്‍ ഓടിച്ചിടുന്ന രംഗം. ഭാഷയുടെ അവതരണത്തില്‍ ചില പരിമിതികള്‍ ഉണ്ടെങ്കിലും രാജേഷ് ശര്‍മ്മയുടെ ഉണ്ണികൃഷ്ണന്‍ എന്ന കഥാപാത്രമൊക്കെ മികവ് പുലര്‍ത്തി. സ്വാഭാവികതയുള്ള ഡീട്ടെയിലിംഗ് അതി മനോഹരമായി ഉപയോഗിച്ചിട്ടുണ്ട് ചിത്രം.

ഐശ്വര്യ എന്ന അമ്മുവായി നിമിഷ ജീവിക്കുകയായിരുന്നു എന്ന് പറയാം. അതിഭാവുകത്വങ്ങള്‍ തെല്ലുമില്ലാതെ തികച്ചും സ്വാഭാവികമായ അഭിനയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കാന്‍ നിമിഷക്ക് കഴിഞ്ഞു. ഈ ചിത്രത്തിന്റെ മറ്റൊരു സവിശേഷതയായി എടുത്തു പറയേണ്ടത്, നായകന് ഒപ്പം തന്നെ സ്ക്രീന്‍ പ്രസന്‍സ് നായികക്കുമുണ്ട് എന്നതാണ്.

അനന്ദുവായി എത്തിയ ഷെയിനും ഒട്ടും നിരാശപ്പെടുത്തുന്നില്ല. അഭിനയ മികവ് കൊണ്ടും, കയ്യടക്കം കൊണ്ടും ഈ യുവനടന്‍ വീണ്ടും ശ്രദ്ധിക്കപ്പെടുകയാണ്. ഇത്രയും അഭിനയ സാധ്യതകളുള്ള ഒരു നടനെ, ദുരന്ത ക്ഷുഭിത കഥാപാത്രങ്ങളിലേക്ക് ടൈപ്പ് ചെയ്തു പോകുന്നുണ്ടോ എന്ന് സംശയിച്ചു പോകുന്നു.     അത്തരം കഥാപാത്രങ്ങളില്‍ കെട്ടു പിണഞ്ഞു പോകാതെ എത്രയും പെട്ടെന്ന് പുറത്തു വരേണ്ടിയിരിക്കുന്നു ഷെയിന്‍.

പ്രശസ്ത ചിത്രസംയോജകനായ ബി അജിത്കുമാര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഈട. കളക്റ്റീവ് ഫേസിന്റെ ബാനറില്‍ രാജീവ് രവി പുറത്തിറക്കിയ ചിത്രത്തിന്റെ നിര്‍മാണം ശര്‍മിള രാജയാണ്. എല്‍ ജെ ഫിലിംസ് തീയറ്ററുകളില്‍ എത്തിച്ച ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നതും ബി അജിത് കുമാറാണ്.  ഷെയിന്‍ നിഗമും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങള്‍ ആയെത്തുന്ന ചിത്രത്തില്‍ അലന്‍സിയര്‍, ശര്‍മാജി, സുരഭിലക്ഷ്മി, പി ബാലചന്ദ്രന്‍, മണികണ്ഠന്‍ ആചാരി, സുനിത, ഷെല്ലി തുടങ്ങി ഒട്ടേറെ താരങ്ങളും അണിനിരക്കുന്നുണ്ട്.

കോസ്റ്യൂംസ് ഡിസൈന്‍ ചെയ്തിരിക്കുനത് രതീഷ് ചമ്രവട്ടം ആണ്. ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് പപ്പുവാണ്. ചിത്രസംയോജനം ആകട്ടെ, സംവിധായകന്‍ തന്നെയും. അന്‍വര്‍ അലിയുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ജോണ്‍ പി വര്‍ക്കിയും ചന്ദ്രന്‍ വയട്ടുമ്മലും ചേര്‍ന്നാണ്. സിനിമയുടെ കഥാ പശ്ചാത്തലത്തോടും, പറഞ്ഞു പോകുന്ന കഥാ സന്ദര്‍ഭങ്ങളോടും ചേര്‍ന്ന് നില്‍ക്കുന്ന പാട്ടുകള്‍ ഏറെ മികവുറ്റ് നിന്നു. അമല്‍ ആന്റണിയുടെയും റോഷ്നി സുരേഷിന്റെയും ശബ്ദം ഗാനങ്ങള്‍ക്ക് വേണ്ട ഭാവതലം സമ്മാനിക്കുന്നു. ദൂരെയാകിലും കൂടെയുണ്ട് ഞാന്‍ എന്ന് പറയുമ്പോള്‍ നീ തനിച്ചല്ല എന്ന പ്രണയ ഫീല്‍ തിളങ്ങുന്നു.
 

പ്രധാന വാർത്തകൾ
 Top