18 August Sunday

ഈ.മ.യൗ മികച്ച ഇന്ത്യൻ സിനിമ; എഫ്‌സിസിഐ പുരസ്‌കാരം നേടിയത്‌ പ്രശസ്‌തരായ 23 നിരൂപകരുടെ വോട്ടിങ്ങിലൂടെ

വെബ് ഡെസ്‌ക്‌Updated: Tuesday Feb 19, 2019

കൊച്ചി > 2018ലെ മികച്ച ഇന്ത്യന്‍ ചിത്രത്തിനുള്ള ഇന്ത്യന്‍ ഫിലിം ക്രിട്ടിക്‌സ് സര്‍ക്കിള്‍ (എഫ്‌സിസിഐ) പുരസ്‌കാരം സ്വന്തമാക്കി ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈമയൗ. രാജ്യത്തെ പ്രധാനപ്പെട്ട 23 നിരൂപകരുടെ വോട്ടിങ്ങിലൂടെയാണ് കഴിഞ്ഞ വര്‍ഷത്തെ മികച്ച ഇന്ത്യന്‍ ചിത്രമായി ‘ഈമയൗ’ തെരഞ്ഞെടുത്തത്.

2018ലെ ഇന്ത്യന്‍ സിനിമയിലെ തന്നെ ശ്രദ്ധേയമായ നിരവധി ചിത്രങ്ങളോട് മത്സരിച്ചാണ് മലയാളത്തിന്റെ ഈമയൗ പുരസ്‌കാരം സ്വന്തമാക്കിയത്. രാഹി അനില്‍ ബാര്‍വെയുടെ ‘തുംബാദ്’, റിമാ ദാസിന്റെ ‘ബുള്‍ബുള്‍ കാന്‍ സിങ്ങ്’, ആദിത്യ വിക്രം സെന്‍ഗുപ്തയുടെ ‘ജോനകി’ എന്നിവയെ അവസാന റൗണ്ടില്‍ പരാജയപ്പെടുത്തി. ‘ഭയാനകം’, ‘മാന്റോ’, ‘പരിയേറും പെരുമാള്‍’, ‘സുഡാനി ഫ്രം നൈജീരിയ’, ‘വട ചെന്നൈ’ തുടങ്ങിയ ചിത്രങ്ങള്‍ ആദ്യ റൗണ്ടിലെത്തിയിരുന്നു.

നേരത്തെ ഗോവന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ചിത്രം രണ്ട് പുരസ്‌കാരങ്ങള്‍ നേടിയിരുന്നു. ലിജോ ജോസ് മികച്ച സംവിധായകനുള്ള പുരസ്‌കാരവും ചെമ്പന്‍ വിനോദ് ജോസ് മികച്ച നടനുള്ള പുരസ്‌കാരവും നേടി. ഐഎഫ്എഫ്കെയില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരവും ചിത്രം നേടിയിരുന്നു.

പിഎഫ് മാത്യൂസ് തിരക്കഥ രചിച്ച ചിത്രത്തില്‍ ചെമ്പന്‍ വിനോദ് ജോസ്, വിനായകന്‍, കൈനകിരി തങ്കരാജ് പോളി വില്‍സണ്‍, ദിലീഷ് പോത്തന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ഷൈജു ഖാലിദ് ക്യാമറ, സംഗീതം പ്രശാന്ത് പിള്ള. ആഷിക് അബുവും രാജേഷ് ജോര്‍ജ് കുളങ്ങരയുമായിരുന്നു ചിത്രം നിര്‍മിച്ചത്.


പ്രധാന വാർത്തകൾ
 Top