19 June Wednesday

നയൻതാരക്കെതിരായ മോശം പരാമർശം; നടൻ രാധാ രവിയെ ഡിഎംകെ സസ്പെൻഡ് ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Monday Mar 25, 2019

ചെന്നൈ > പൊള്ളാച്ചി പീഡന സംഭവത്തെക്കുറിച്ചും നടി നയൻതാരയ്ക്കെതിരെയും ലൈംഗികച്ചുവയോടെ പൊതുവേദിയിൽ പരാമർശം നടത്തിയ തമിഴ്‌ നടൻ രാധാ രവിയെ ഡിഎംഎകെ സസ്പെൻഡ് ചെയ്തു. നയൻതാര അഭിനയിച്ച 'കൊലൈയുതിർ' കാലം എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കുന്ന ചടങ്ങിൽ വച്ചായിരുന്നു രാധാ രവിയുടെ വിവാദ പ്രസംഗം. പാർട്ടി അച്ചടക്കം ലംഘിച്ചതിനാൽ പ്രാഥമിക അംഗത്വത്തിൽനിന്നും എല്ലാ പദവികളിൽനിന്നും രാധാ രവിയെ നീക്കുന്നതായി ഡിഎംകെ ജനറൽ സെക്രട്ടറി കെ. അൻപഴകൻ ഞാഴറാഴ്ച രാത്രി വൈകി പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.

‘നയൻതാര പ്രേതമായും സീതയായും അഭിനയിക്കുന്നു. മുൻപ്, കെ ആർ വിജയയെപോലെ മുഖത്തു നോക്കുമ്പോൾ പ്രാർഥിക്കാൻ തോന്നുന്നവരാണ് സീതയായി അഭിനയിച്ചിരുന്നത്’ എന്നു പറഞ്ഞ ശേഷമായിരുന്നു നയൻ താരയ്ക്കെതിരായ അശ്ലീല പരാമർശം. തുടർന്ന് ഗായിക ചിന്മയി, സംവിധായകൻ വിഘ്നേഷ് ശിവൻ തുടങ്ങിയവർ രൂക്ഷ വിമർശനവുമായി രംഗത്തെത്തി.

പൊള്ളാച്ചി പീഡനവുമായി ബന്ധപ്പെട്ട പരാമർശം ഇങ്ങനെ- എന്താണു വലിയ സിനിമയും ചെറിയ സിനിമയും തമ്മിലുള്ള വ്യത്യാസം? ഒരാൾ ഒരു പെൺകുട്ടിയെ പീഡിപ്പിച്ചാൽ അതു ചെറിയ ചിത്രം. പൊള്ളാച്ചിയിലേതു പോലെ, 40 പേർ ഒരു പെൺകുട്ടിയെ പീഡിപ്പിച്ചാൽ അതു വലിയ ചിത്രം.

ദക്ഷിണേന്ത്യൻ ഡബ്ബിങ് അസോസിയേഷൻ പ്രസിഡന്റ് കൂടിയായ രവിക്കെതിരെ സിനിമാ സംഘടനാ പ്രമുഖരാരും പ്രതികരിച്ചിട്ടില്ല. നേരത്തെ മീ ടൂ മുന്നേറ്റത്തിന്റെ ഭാഗമായും രാധാ രവിക്കെതിരെ ആരോപണമുയർന്നിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top