19 February Tuesday

'ആ മുന്നൂറേക്കര്‍, സിനിമയ്ക്കായി കാത്തിരുന്നത് പോലെ'...രാമന്റെ ഏദന്‍ തോട്ടം ലോക്കേഷനെപ്പറ്റി രഞ്ജിത് ശങ്കര്‍

രശ്‌മി രാധാകൃഷ്ണന്‍Updated: Wednesday Apr 4, 2018

രശ്മി രാധാകൃഷ്ണന്‍

രശ്മി രാധാകൃഷ്ണന്‍

സിനിമയില്‍ ലൊക്കേഷനുകള്‍ കഥയുടെ കാന്‍വാസാണ്. ഏറെ അലഞ്ഞും ചിലപ്പോള്‍ അപ്രതീക്ഷിതവുമായാണ്
പല സംവിധായകരും ഇഷ്ട ലോക്കേഷനുകളിലേക്ക് എത്തുന്നത്. പ്രിയ ലൊക്കേഷനുകള്‍ തേടിയുള്ള യാത്രകളെപ്പറ്റി സംവിധായകര്‍ സംസാരിയ്ക്കുന്ന പരമ്പര 'കഥയിടം തേടി' ആരംഭിയ്ക്കുന്നു.

തയ്യാറാക്കുന്നത്: രശ്‌മി രാധാകൃഷ്ണന്‍

പരമ്പരയിലാദ്യം രാമന്റെ ഏദന്‍ തോട്ടം,പുണ്യാളന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകന്‍ രഞ്ജിത് ശങ്കര്‍.

സിനിമയ്ക്ക് വേണ്ടി ലൊക്കേഷന്‍ തേടിയലഞ്ഞ് ഒരുപാട് സമയം കളയുന്നയാളാണ് ഞാന്‍. ഇതുവരെ ചെയ്തതില്‍  ലൊക്കേഷന്‍ അത്രയും ക്രിട്ടിക്കല്‍ ആയി വന്ന സിനിമ  രാമന്റെ ഏദന്‍ തോട്ടം തന്നെയാണ്. ലൊക്കേഷന് ഒരുപാട് പ്രാധാന്യമുള്ള ഒരു കഥയായിരുന്നു.സിറ്റിയില്‍ നിന്ന് അകന്ന ഒരു സ്ഥലം.. കാട് ആയിരിയ്ക്കണം..ഈ കഥ  ഞാന്‍ ആലോചിയ്ക്കുന്നത് തന്നെ ഒരു ദിവസം നെല്ലിയാമ്പതിയില്‍ പോയപ്പോഴാണ്..അവിടെ ഒരു  റിസോര്‍ട്ട് ഉണ്ട്.അന്ന് ഞാന്‍ ഒരു പ്രൈവറ്റ് കമ്പനിയില്‍ ജോലി ചെയ്യുകയാണ്.പാസഞ്ചര്‍ ചെയ്ത് കഴിഞ്ഞയുടനെയാണ്..അതായത് ആറേഴു വര്‍ഷം മുന്‍പ്..വര്‍ഷങ്ങള്‍ക്ക് ശേഷം ആ സ്ഥലത്ത് ചെല്ലുമ്പോള്‍ എല്ലാം മാറിയിരുന്നു..ഞാന്‍ തകര്‍ന്നുപോയി എന്ന് തന്നെ പറയാം.അത്രയ്ക്ക് മാറ്റം.

അന്ന് ആ സ്ഥലത്ത് പോയപ്പോള്‍ അവിടെ വച്ച്  പരിചയപ്പെട്ട ആളുകളുള്‍പ്പെടെ കഥയിലുണ്ടായിരുന്നു..ഏദന്‍ തോട്ടം എന്നൊരു പേരിലേയ്ക്ക് എത്തിയിരുന്നില്ല.കഥ മാത്രമേ ഉണ്ടായിരുന്നുള്ളൂ..രണ്ടുപേര്‍ തമ്മിലുള്ള പേരിടാന്‍  കഴിയാത്ത ഒരു ബന്ധം..അവര്‍ പരസ്പ്പരം ഇന്‍സ്പയര്‍ ചെയ്യുന്നു..മാറുന്നു എന്നൊക്കെയാണ് മനസ്സിലുള്ളത്..ലൊക്കേഷന്‍ വളരെ പ്രധാനമാണ്.മാലിനി എന്ന കഥാപാത്രവും ഈ സ്ഥലവുമായി അത്രയ്ക്ക് ബന്ധമുണ്ടല്ലോ..അങ്ങനെയൊക്കെ ചിന്തിച്ച്  ഏഴുവര്‍ഷം കഴിഞ്ഞ്  ഈ കഥ ചെയ്യാന്‍ തീരുമാനിച്ച് ചെല്ലുമ്പോഴാണ്  തകര്‍ന്നു പോകുന്നത്.ആ സ്ഥലം ആകെ മാറി എന്ന് മാത്രമല്ല..ഭയങ്കര 'പുരോഗമനം'..പല സ്ഥലത്തായി ഷൂട്ട്‌ ചെയ്യേണ്ടി വരുമല്ലോ എന്നോര്‍ത്ത് വിഷമിച്ചിരിയ്ക്കുന്ന സമയത്ത്  സംഗീത സംവിധായകന്‍ ബിജിബാല്‍ ആണ് പറയുന്നത് വാഗമണ്ണില്‍ ഒരു സ്ഥലമുണ്ട് പോയി നോക്കാന്‍..ബിജി മുന്‍പ് മുന്തിരിവള്ളികള്‍ തളിര്ക്കുമ്പോള്‍ സിനിമയുടെ ഷൂട്ടിംഗ് സമയത്ത് അവിടെ പോയിട്ടുണ്ട്..

രഞ്ജിത് ശങ്കര്‍

രഞ്ജിത് ശങ്കര്‍


ഞാന്‍ സ്ക്രിപ്റ്റ് എഴുതുന്ന സമയത്ത് തന്നെയാണ് ലൊക്കേഷന്‍ കാണാന്‍ പോകുന്നത്.തലേദിവസം...ഞാന്‍ എഴുതിയത് എനിയ്ക്ക് ഓര്‍മ്മയുണ്ട്..വണ്ടി കുഴിയില്‍ ചാടിയിട്ട് എല്ലാവരും കൂടെ  തള്ളിക്കയറ്റുന്ന രംഗമാണ്.ഞാന്‍ ഒരിടത്ത് പോയാല്‍ പെട്ടെന്ന് വഴി തെറ്റുന്ന ആളാണ്‌.അന്ന് കൃത്യമായി ലൊക്കേഷന്‍ എത്തി..അത് തന്നെ പോസിറ്റീവായി  തോന്നി. മുന്നൂറോളം ഏക്കറുള്ള സ്ഥലമാണ്.എന്റെ വണ്ടിയും  കൊണ്ട് പോയിട്ട് വണ്ടി പോകില്ല.അവരുടെ ജീപ്പിലാണ് പോകുന്നത്..കറക്റ്റ് ഒരു സ്ഥലത്ത് വച്ച്  വണ്ടി കുഴിയില്‍വീണു.പിന്നെ ആള് വന്നിട്ടാണ് തള്ളിക്കയറ്റിയത്..അവിടെ തന്നെയാണ് പിന്നീട് സിനിമയിലെ ആ സീന്‍ ഷൂട്ട്‌ ചെയ്തത്!

അങ്ങനെ അവരുടെ ഓഫീസില്‍ എത്തി.അവിടെ ഒരു  കുതിരയും രണ്ടു പട്ടികളും ഉണ്ട്..അത് കഥയില്‍ ഉണ്ടായിരുന്നതാണ്..ഗ്ലോബല്‍, പപ്പു പപ്പി എന്നൊക്കെയുള്ള പേരുകള്‍ തന്നെയാണ് സിനിമയിലും ഉപയോഗിച്ചത്..ശരിയ്ക്കും പത്തു മുന്നൂറെക്കര്‍ വരുന്ന ഒരു ലൊക്കേഷന്‍ നമുക്ക് വേണ്ടി,ഈ സിനിമയ്ക്ക് വേണ്ടി  സൃഷ്ടിച്ച് കാത്തിരുന്ന പോലെയായിരുന്നു .അവിടെ എനിയ്ക്ക് വേണ്ടതെല്ലാം  ഉണ്ടായിരുന്നു..എനിയ്ക്ക് പൊതുവേ ലൊക്കേഷനുകളോട് അറ്റാച്മെന്റ് തോന്നാറില്ല. ഷൂട്ടിംഗ് ദിവസങ്ങളില്‍ ഞാനും കാമറാമാനും അവിടെ അടുത്ത്  തന്നെയാണ് താമസിച്ചത്..രാവിലെ എണീറ്റ് നടന്നു പോയി ഷൂട്ട്‌ ചെയ്തു..ഭയങ്കര അറ്റാച്ച്മെന്റ് ആയി ആ സ്ഥലത്തോട്..വേറൊരു സ്ഥലവും അത്ര പെര്‍ഫെക്റ്റ് ആയിട്ട് കിട്ടില്ല..അങ്ങനെ വന്നില്ലെങ്കില്‍ കഥ വര്‍ക്ക് ആവില്ലായിരുന്നു...മാലിനിയ്ക്ക് എല്ലാം വിട്ടു ഓടിപ്പോരണം എന്ന് തോന്നണമെങ്കില്‍ അങ്ങനെയൊരു സ്ഥലമായിരിയ്ക്കണം..അത് കിട്ടിയത് ഭാഗ്യമാണ്.പതിനഞ്ചുദിവസത്തെ ഷൂട്ടിന് ആ ലൊക്കേഷന്‍ ലീസിനു എടുക്കുകയായിരുന്നു. ഒരുപക്ഷെ കുറച്ച് നാള്‍ കഴിഞ്ഞിരുന്നെങ്കില്‍ ആ സ്ഥലം അതേപോലെ കിട്ടില്ലായിരുന്നു.

സിറ്റിയിലെ മാലിനിയുടെ ഫ്ലാറ്റും അങ്ങനെ തന്നെയായിരുന്നു. ഷൂട്ട്‌ തുടങ്ങാറായിട്ടും ഫ്ലാറ്റ് ശരിയായിയിട്ടില്ല.തൃപ്പൂണിത്തുറയില്‍ ഒരു ഫ്ലാറ്റ് കണ്ടിരുന്നു.പക്ഷെ മനസ്സില്‍ ശരിയായി വരുന്നില്ല. ഷൂട്ട്‌ തുടങ്ങുന്നതിന്റെ തലേന്ന് വൈകുന്നേരം ഏഴുമണിയ്ക്കാണ് മറൈന്‍ ഡ്രൈവിലെ ഫ്ലാറ്റ്  കാണുന്നത്.കണ്ടപാടെ മനസ് പറഞ്ഞു ഇതാണ് മാലിനിയുടെ ഫ്ലാറ്റ്. അതൊക്കെ സംഭവിയ്ക്കുന്നതാണ്..നല്ല സിനിമ ചെയ്ത് വരുമ്പോള്‍  എല്ലാം ഇങ്ങനെ ഒരുങ്ങി വരും..

ലൊക്കേഷന്‍ കിട്ടിയപ്പോഴാണ് എനിയ്ക്ക് കാസ്റ്റിങ്ങില്‍ പോലും കോണ്‍ഫിഡന്‍സ് വന്നത്. അതുവരെ മാലിനിയുടെ റോളില്‍ എസ്ടാബ്ലിഷ്ഡ് ആയ ഒരു ആര്‍ട്ടിസ്ട്ടായിരുന്നു മനസ്സില്‍.. അതിനുവേണ്ടി വെയിറ്റ് ചെയ്തതുമാണ്.ലൊക്കേഷന്‍ മനസ്സിനിണങ്ങി കിട്ടിയതോടെയാണ് പുതുമുഖമായ അനു സിതാരയിലേയ്ക്കുള്ള വഴിയൊരുങ്ങിയത്..

ഇന്നലെ പുതിയ  സിനിമയുടെ ലൊക്കേഷന്‍ കണ്ടതേയുള്ളൂ..കഥ നടക്കുന്ന  പശ്ചാത്തലം വളരെ പ്രധാനമാണ്.പുണ്യാളന്‍ പോലൊരു സിനിമയ്ക്ക് തൃശ്ശൂര്‍ വിട്ട് മറ്റൊരു സ്ഥലം. ആലോചിയ്ക്കാനെ വയ്യ.സു സു  സുധിയില്‍  കുറച്ച്  ഉള്ളിലേയ്ക്കുള്ള ഒരു സ്ഥലമാണ്. രണ്ടു ബസ്  മാത്രം  വരുന്ന സ്ഥലം. അങ്ങനെ ഓരോ  കഥയും  നടക്കേണ്ടുന്ന ഒരു സ്ഥലമുണ്ട്..അത് കൃത്യമാകണം.അത് ഒത്തുവന്നാലെ  കഥ വര്‍ക്കാകൂ..

പുണ്യാളന്‍ സിനിമയിലെ കോടതി രംഗം ഷൂട്ട്‌ ചെയ്യാന്‍ ഒരുപാട്  സ്ഥലങ്ങള്‍ പോയിക്കണ്ടിരുന്നു.എന്തോ എനിയ്ക്ക് ഒന്നും ഇഷ്ടമാകുന്നില്ല.കാരണം എന്താണെന്ന് മനസിലാകുന്നുമില്ല..കോടതിയല്ലേ  ഏതെങ്കിലും കെട്ടിടം മതി എന്ന് വിചാരിയ്ക്കാം..പക്ഷെ എനിയ്ക്ക് പറ്റുന്നില്ല.ലൊക്കേഷന്‍ കൃത്യമായാല്‍ പെട്ടെന്ന് ഷൂട്ട്‌ ചെയ്യാം.അല്ലേല്‍ ആകെ സ്ലോ ആകും.എന്താ എനിയ്ക്ക് ഇഷ്ടമാകാത്തത് എന്ന് ഞാന്‍ തന്നെ കുറെ ആലോചിച്ചു .അതില്‍ ഇത് എന്റെ കോടതിയാണ് എന്ന് ജഡ്ജി പറയുന്ന ഒരു സീനുണ്ട്..കോടതി പഴയ ഫീലുള്ള,ഇന്‍ഡിപെണ്ടന്റ്റ് ആയ ഒരു കെട്ടിടം ആയിരിയ്ക്കണം.എങ്കില്‍ മാത്രമേ  ആ സീന്‍ വര്‍ക്ക് ആകുകയുള്ളൂ..അതുവരെ കണ്ട  സ്കൂളുകളും ഒക്കെ അഞ്ചുനിലക്കെട്ടിടങ്ങള്‍ ഒക്കെയാണ്..പിന്നെ കുറെ ദൂരം ട്രാവല്‍ ചെയ്ത് കുന്നംകുളത്തെ വൈഎംസിഎ ഹാള്‍ ചെന്നുകണ്ടു .അത് ഇഷ്ടപ്പെട്ടു. അങ്ങനെ പുണ്യാളന്‍ രണ്ടു പാര്‍ട്ടിലേയും കോടതി അത് തന്നെയായി.

ഒരു സിനിമ കണ്ടിട്ട് അതിന്‍റെ ലൊക്കേഷന്‍ ഇന്നും ഹോണ്ട് ചെയ്യുന്നുണ്ട്..ഷ്വാഷാങ്ക് റിഡംപ്ഷനിലെ  ജയില്‍ ആണത്.ഏറ്റവും ക്രൂരമായ ഒരു ജയിലാണ്..എനിയ്ക്ക് വല്ലാത്ത ഹോപ്പ് എലിമെന്‍റ് ഫീല്‍ ചെയ്യുന്ന ഒരു സിനിമയാണ്.ഇപ്പോഴും ഒന്ന് ഡെസ്പ്പ് ആയാല്‍ കാണാന്‍ തോന്നുന്ന സിനിമ.. ഞാന്‍ ചെയ്ത വര്‍ഷം എന്നെ സംബന്ധിച്ച് ഷ്വാഷാങ്ക്ന്‍റെ  എന്റെ വേര്‍ഷന്‍ ആണ്. പലര്‍ക്കും അത് ട്രാജഡി ലെവലില്‍ കാണുമ്പോള്‍ ഹോപ്പ് എലമന്റ്റ് ആങ്കിളില്‍ കാണാനാണ് എനിയ്ക്കിഷ്ടം. ഞാന്‍ കണ്ട സിനിമകളില്‍ എന്നെ ഇപ്പോഴും ഹോണ്ട് ചെയ്യുന്നത് ആ ജയിലാണ്.

പ്രധാന വാർത്തകൾ
 Top