21 February Thursday
ഫഹദിലെ നടനെ ആദ്യമായി തിരിച്ചറിയുന്നത്‌ മോഹൻലാലും പ്രിയദർശനും

നായകൻ ഫഹദ്‌, സംവിധാനം ഫാസിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jan 17, 2019

കൊച്ചി> മകൻ ഫഹദിനെ നായകനാക്കിയാണ്‌ അടുത്ത സിനിമ ആലോചിക്കുന്നതെന്ന്‌ സംവിധായകൻ ഫാസിൽ. ദേശാഭിമാനിക്ക്‌ നൽകിയ അഭിമുഖത്തിലാണ്‌ ഫാസിൽ ഇക്കാര്യം പറഞ്ഞത്‌. ''ചിത്രത്തിന്റെ തിരക്കഥ എഴുതിക്കൊണ്ടിരിക്കുകയാണ്‌. ഞാൻ നിർമിച്ച്‌ ഫഹദിനെ നായകനാക്കി ദിലീഷ്‌ പോത്തൻ സംവിധാനം ചെയ്യുന്ന സിനിമയ്‌ക്ക്‌ ശേഷമായിരിക്കും ചിത്രത്തിന്റെ പ്രവർത്തനങ്ങൾ തുടങ്ങുക''-അദ്ദേഹം പറഞ്ഞു.

2002ൽ പുറത്തിറങ്ങിയ ഫഹദിന്റെ ആദ്യചിത്രമായ കയ്യെത്തും ദൂരത്താണ്‌ ഇരുവരും ഒന്നിച്ച ഏകചിത്രം. 16 വർഷത്തിനുശേഷം മകനെ നായകനാക്കി ഒരുക്കുന്ന സിനമയെപ്പറ്റി ഫാസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ഫഹദിലെ നടനെ ആദ്യമായി തിരിച്ചറിയുന്നതും പ്രോത്സാഹിപ്പിക്കുന്നതും മോഹൻലാലും പ്രിയദർശനുമാണെന്നും ഫാസിൽ പറഞ്ഞു. പണ്ട് ഫഹദിന്റെ കുറെ വിഡിയോ എടുത്തുവച്ചിരുന്നു. ആറേഴ് മിനിട്ടുള്ള വീഡിയോ ആയിരുന്നു അത്‌. എന്റെ ഒരു അസിസ്റ്റന്റ് ഫഹദിനോട് കുറെ ചോദ്യങ്ങള്‍ ചോദിക്കുന്നതും അവന്‍ മറുപടി പറയുന്നതുമാണ്. ഉത്തരം പറയുമ്പോള്‍ അവനിലെ അഭിനയസാധ്യതകള്‍ പുറത്തുവരുന്നതായി കണ്ടു.

ഒരു ദിവസം മോഹന്‍ലാല്‍ വീട്ടില്‍ വന്നപ്പോള്‍ ഇത്‌ കാണിച്ചു. കണ്ടിട്ട് ലാല്‍ ഒന്നും പറയാതെ പോയി. ലാല്‍ വീട്ടില്‍ നിന്ന് ഇറങ്ങിയയുടന്‍ പ്രിയദര്‍ശന്‍ വിളിച്ചുചോദിച്ചു. മോന്‍ നന്നായി ചളിപ്പില്ലാതെ അഭിനയിക്കുന്നതായി ലാല്‍ പറഞ്ഞല്ലോ എന്ന്. പണ്ട് ലാലിനെക്കുറിച്ച് ഞാന്‍ പറഞ്ഞത് ഒരു ചളിപ്പുമില്ലാതെ അഭിനയിക്കുന്നു എന്നുതന്നെയാണ്. ആ വീഡിയോ ഞാന്‍ മമ്മൂട്ടിക്കും അയച്ചുകൊടുത്തു. അദ്ദേഹവും അവന്‍ കലക്കി എന്നാണ് പറഞ്ഞത്. ഫഹദിന്റെ ഉള്ളില്‍ സംഗതി കിടക്കുന്നുണ്ടായിരുന്നു. അത് പുറത്തേക്ക് വരാന്‍ സമയമെടുത്തു. ഫഹദിനെ ആക്ടര്‍ വിത്ത് എ ബ്രെയിന്‍ എന്ന് വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം. പുതിയ തലമുറയില്‍ ദുല്‍ഖറും നല്ല ചാം ഉള്ള ആക്ടര്‍ ആണ്- ഫാസിൽ പറഞ്ഞു.

അഭിമുഖത്തിന്റെ പൂർണരൂപം താഴെ

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top