18 April Thursday

'ഒരു കുപ്രസിദ്ധ പയ്യന്‍' നമ്മുടെ നാട്ടില്‍ നടന്ന കഥ: മധുപാല്‍

ഷംസുദ്ദീന്‍ കുട്ടോത്ത്Updated: Thursday Nov 8, 2018

 

പുതിയ കാലത്തിന്റെ കഥയാണ് 'ഒരു കുപ്രസിദ്ധ പയ്യന്‍' എന്ന സിനിമയിലൂടെ മധുപാല്‍ പറയുന്നത്. ഓരോ വ്യക്തിയും സത്യസന്ധനാണ് എന്ന് ഓരോ നിമിഷവും സമൂഹത്തിനു മുന്നില്‍ സ്വയം തെളിയിച്ചുകൊണ്ടിരിക്കേണ്ട ഒരു കാലത്ത്  ഈ സിനിമ ചര്‍ച്ച ചെയ്യുന്ന വിഷയം ഏറെ പ്രസക്തമാണ്. നിയമത്തിന്റെ സങ്കീര്‍ണതയ്ക്കും മനുഷ്യത്വത്തിന്റെ സ്വാഭാവികതയ്ക്കുമിടയില്‍ പെട്ടുപോകുന്നവരുടെ കഥ കൂടിയാണ് ഒരു കുപ്രസിദ്ധ പയ്യന്റേത്. പുതിയ ചിത്രത്തെകുറിച്ച് സംവിധായകന്‍ മധുപാല്‍ സംസാരിക്കുന്നു....തലപ്പാവ്, ഒഴിമുറി തുടങ്ങിയ സിനിമകള്‍ക്കു ശേഷം ടൊവീനോ തോമസിനെ നായകനാക്കി മധുപാല്‍ സംവിധാനം ചെയ്യുന്ന 'ഒരു കുപ്രസിദ്ധ പയ്യന്‍'- നവംബര്‍ 9ന് തിയേറ്ററുകളില്‍ എത്തുകയാണ്. നിമിഷ സജയന്‍, അനു സിത്താര, ശരണ്യ പൊന്‍വണ്ണന്‍, നെടുമുടി വേണു, അലന്‍സിയര്‍, സിദ്ദിഖ്, സുധീര്‍ കരമന, സുജിത്ത് ശങ്കര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ജീവന്‍ ജോബ് തോമസിന്റേതാണ്. ശ്രീകുമാരന്‍ തമ്പിയുടെ ഗാനങ്ങള്‍ക്ക് ഔസേപ്പച്ചന്‍  സംഗീതം പകരുന്നു. ഛായാഗ്രഹണം നൗഷാദ് ഷെരീഫ്. എഡിറ്റിങ് വി സാജന്‍.

'ഒരു കുപ്രസിദ്ധ പയ്യന്‍' (ഒ കു പ) പേരില്‍ തന്നെ പുതുമയുണ്ട്. സിനിമയെ കുറിച്ച് കൂടുതല്‍ പറയാമോ?

നമ്മുടെ നാട്ടില്‍ ഉണ്ടായ ഒരു  സംഭവത്തെ അടിസ്ഥാനമാക്കിയാണ് 'ഒരു കുപ്രസിദ്ധ പയ്യന്‍'- സിനിമ രൂപപ്പെട്ടത്. തിരക്കഥയെഴുതിയ ജീവന്‍ജോബ് തോമസുമായി നിരവധി കഥകള്‍ ചര്‍ച്ച ചെയ്തിരുന്നു. ശാസ്ത്ര ലേഖകന്‍ കൂടിയായ ജീവന്റെ ഒരു ലേഖനം ആ സമയത്ത് വായിക്കാനിടയായി. നാട്ടില്‍ നടന്ന ഒരു കൊലപാതകത്തെ അടിസ്ഥാനമാക്കിയുള്ള ലേഖനമായിരുന്നു അത്. മനുഷ്യാവകാശ പ്രശ്‌നമാണ് ജീവന്‍ ആ ലേഖനത്തില്‍ കൈകാര്യം ചെയ്തത്. ഒരു മനുഷ്യനെ  എപ്പോള്‍ വേണമെങ്കിലും ഏത് സാഹചര്യത്തിലും തെറ്റ്കാരനാക്കാം എന്ന   ഒരവസ്ഥ  നിലനില്‍ക്കുന്നുണ്ട്. പത്തുപേര്‍ ചേര്‍ന്നാള്‍ ഒരാളെ കൊലപാതകിയാക്കാം, കള്ളനാക്കാം, കുറ്റക്കാരനാക്കാം. നിരവധി സംഭവങ്ങള്‍ ഇത്തരത്തില്‍ നമുക്കിടയില്‍ ഉണ്ടാകുന്നുണ്ട്.  ഇങ്ങനെ ഒരു കൊലപാതകത്തിന്  പ്രതിയാകേണ്ടിവന്ന  ഒരു ചെറുപ്പക്കാരനെ ജീവന്‍ കാണുകയും അയാളുമായി സംസാരിക്കുകയും ഒക്കെ ചെയ്ത ശേഷം കേരളത്തില്‍ നടന്ന മറ്റു കൊലപാതകങ്ങളില്‍ എങ്ങിനെയാണ്  ഇത്തരത്തിലുള്ള കാര്യങ്ങള്‍  സംഭവിക്കുന്നത് എന്ന അന്വേഷണം കൂടിയായിരുന്നു ആ ലേഖനം. ആ ചിന്തയില്‍ നിന്നാണ് ഈ സിനിമയുടെ പിറവി. ഒരുപാട് കൊലപാതകകേസുകളുടേയും ക്രൈം സ്‌റ്റോറീസിന്റെയും പുറകെ യാത്ര ചെയ്താണ് ഒരു കുപ്രസിദ്ധ പയ്യനില്‍ എത്തിയത്.പുതിയ കാലത്ത് എല്ലാ മനുഷ്യര്‍ക്കു പിന്നിലും അവരറിയാതെ തന്നെ  ഒരു നിഗൂഢത രൂപപ്പെടുന്നുണ്ട്. ഒറ്റക്കു നടന്നുപോകുന്ന ഒരു മനുഷ്യനേയും ഒരു സ്ത്രീക്കൊപ്പം പോകുന്ന ആണിനേയുമൊക്കെ സംശയത്തോടെ കാണുന്ന ഒരു കണ്ണ് എങ്ങിനെയോ നമ്മുടെ സമൂഹത്തിന് കിട്ടിയിട്ടുണ്ട്. എല്ലാ മനഷ്യരും പൊലീസുകാരാകുന്ന ഒരവസ്ഥ. എല്ലാവരും എല്ലാവരേയും ചോദ്യം ചെയ്യുന്ന ഒരു കാലം. തൊട്ടടുത്തിരിക്കുന്ന ആളെ പോലും മനസിലാകാതെ സംശയിക്കേണ്ടി വരുന്ന സാഹചര്യം. എല്ലാവരും അവരവരിലേക്ക് കൂടുതല്‍ ഉള്‍വലിഞ്ഞ് നില്‍ക്കുന്ന ഒരന്തരീക്ഷത്തിലാണ് ഞങ്ങള്‍ ഈ സിനിമ ആലോചിച്ചത്.

ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമകളാണല്ലോ തലപ്പാവും ഒഴിമുറിയും. ഇതില്‍ നിന്നും ഏതൊക്കെ തരത്തിലാണ്  "ഒ കു പ' വ്യത്യസ്തമാകുന്നത്?

തലപ്പാവിലും ഒഴിമുറിയിലുമെല്ലാം മൂന്നോ നാലോ പ്രധാന നടീനടന്മാരും ബാക്കിയെല്ലാവരും പുതുമുഖങ്ങളുമായിരുന്നു. എന്നാല്‍ ഈ സിനിമയുടെ ക്യാന്‍വാസ് കുേറക്കൂടി വിശാലമാണ്. ഒറ്റ സീനീല്‍ വന്നുപോകുന്ന കഥാപാത്രം പോലും സിനിമയുടെ വളര്‍ച്ചയില്‍ വലിയ പങ്കു വഹിക്കുന്നവരാണ്.  അതുകൊണ്ടു തന്നെ  ഒട്ടുമിക്ക കഥാപാത്രങ്ങളേയും അവതരിപ്പിച്ചത്  പ്രശസ്ത നടീനടന്മാരാണ്. 40 വര്‍ഷമായി സിനിമയില്‍ അഭിനയിക്കുന്ന നെടുമുടി വേണുച്ചേട്ടന്റെ വേറിട്ടൊരു മുഖമാണ് ഇതില്‍ കാണുക. സിദ്ദിഖ്, അലന്‍സിയര്‍ തുടങ്ങി എല്ലാവരും ഇതുവരെ അവര്‍ ചെയ്തതില്‍ നിന്നും ഏറെ വ്യത്യസ്തതയുള്ള കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്.

പടത്തിന്റെ യ്രെിലര്‍ കാണുമ്പോള്‍ കഥയെ കുറിച്ച് പല സംശയങ്ങളും പ്രേക്ഷകര്‍ക്കുണ്ടാകുന്നുണ്ട്. ഏത് ജോണറില്‍ പെടുത്താവുന്ന സിനിമയാണിത്? 

പല ലെയറുകളുള്ള ഒരു കഥയാണ് ഒരു കുപ്രസിദ്ധ പയ്യന്റേത്. ഒരു കൊലപാതക കഥ എന്ന് ഒറ്റ വാക്കില്‍ പറയാം. അതേ സമയം പ്രണയവും ആക്ഷനും എല്ലാം ഇതിലുണ്ട്.  എല്ലാതരം പ്രേക്ഷകരേയും തൃപ്തിപ്പെടുത്തുന്ന പല സംഗതികള്‍ സിനിമയിലുണ്ട്. നിരന്തരം നാം കാണുന്നതും കേള്‍ക്കുന്നതുമായ കാര്യങ്ങള്‍ തന്നെയാണ് ചിത്രത്തില്‍ പറയുന്നത്.തലപ്പാവ്, ഒഴിമുറി, തുടങ്ങിയ സിനിമകള്‍ പഴയ കാലത്തിന്റെ കഥകളാണ് പറഞ്ഞത്. വായിച്ചും കേട്ടറിഞ്ഞുമുള്ള അറിവ് ആ സിനിമകള്‍ ആസ്വദിക്കാന്‍ ആവശ്യമാണ്. എന്നാല്‍ 'ഒരു കുപ്രസിദ്ധ പയ്യന്‍' ഈ നിമിഷത്തിന്റെ കഥയാണ്. കാണുമ്പോള്‍ നമുക്കോരോരുത്തര്‍ക്കും പരിചയമുള്ള ജീവിതമായി ഇതിലെ നായകനായ അജയന്റെ ജീവിതത്തെ അനുഭവപ്പെടും. നമുക്ക് മുന്നില്‍ മുന്നില്‍ നടന്നതും നടന്നുകൊണ്ടിരിക്കുന്നതുമായ  പല സംഭവങ്ങളേയും ഈ കഥയുമായി കൂട്ടിവായിക്കാം. നീതി കിട്ടുക എന്നതാണ് എല്ലാവരും എപ്പോഴും ആഗ്രഹിക്കുന്ന വലിയ കാര്യം. അതിന് നമ്മള്‍ സമീപിക്കുന്നത് കോടതിയെയാണ്. 'ദൈവത്തിന്റെ കോടതി' എന്ന പ്രയോഗം വരെയുണ്ട്. അത്രയും ഉയരത്തിലാണ് കോടതിക്ക് നമ്മള്‍ നല്‍കിയിരിക്കുന്ന സ്ഥാനം. പരമോന്നത നീതി പീഠത്തിനു മുന്നില്‍ നിന്ന് ഞാനാണ് ശരി, ഞാനാണ് സത്യം എന്ന് ബോധിപ്പിക്കേണ്ട വല്ലാത്ത അവസ്ഥ ഈ സിനിമയില്‍ കാണിക്കുന്നുണ്ട്. ആള്‍ക്കൂട്ട വിചാരണകളുടേയും പേടിയുടേയും കാലത്ത് അതില്ലാതാക്കുക എന്ന ചിന്ത പ്രേക്ഷകനിലേക്ക് പകരാന്‍ ഈ സിനിമ ശ്രമിക്കുന്നുണ്ട്. 

ടൊവീനോ തോമസാണ് കുപ്രസിദ്ധ പയ്യന്‍ എന്ന് തീരുമാനിച്ചതെപ്പോഴാണ്?


പല തവണ മാറ്റിയെഴുതുമ്പോഴും പല മുഖങ്ങള്‍ ഞങ്ങള്‍ക്ക് മുന്നില്‍ വന്നെങ്കിലും വളരെ സൂക്ഷ്മമായി തിരക്കഥ എഴുതി പൂര്‍ത്തിയാക്കിയപ്പോള്‍ ടൊവീനോയുടെ മുഖമാണ് ഞങ്ങള്‍ക്ക് മുന്നില്‍ തെളിഞ്ഞത്. ഡ്യുവല്‍ സ്വഭാവമുണ്ട്  അജയന്‍ എന്ന കഥാപാത്രത്തിന്. ഒരേ സമയം ശാന്തനാകുകയും വയലന്റാകുകയും ചെയ്യും. തന്നിലേക്ക് ഉള്‍വലിയുന്ന അജയന്‍ നമ്മള്‍ വിചാരിക്കാത്ത സമയത്ത് ശക്തമായി റിയാക്ട് ചെയ്യും. അയാളുടെ ശരീരത്തിനൊക്കെ വലിയ പ്രാധാന്യമുണ്ട്. അടിയുണ്ടാക്കുമെന്ന് നമുക്ക് തോന്നുന്ന സന്ദര്‍ഭങ്ങളില്‍ വളരെ ശാന്തനായി പോകാന്‍ അയാള്‍ക്ക് കഴിയും. അതേ സമയം നമ്മള്‍ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് അയാള്‍ അടിയുണ്ടാക്കുകയും ചെയ്യും. മള്‍ട്ടി ഫേസ് സ്വഭാവമുള്ള ആര് എന്ന ചിന്തയാണ് ടൊവീനോയില്‍ എത്തിയത്.

ടൊവീനോക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്ന മധുപാല്‍

ടൊവീനോക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്ന മധുപാല്‍അജയനെ പൂര്‍ണ അര്‍ഥത്തില്‍ ഓരോ നിമിഷവും അയാള്‍ കഥാപാത്രമാകാനുള്ള ശ്രമത്തിലായിരുന്നു. അജയന്റെ സ്വഭാവം എന്താണ് അയാള്‍ എങ്ങിനെയാണ് പെരുമാറുക, പുരുഷന്മാരോടും സ്ത്രീകളോടുമുള്ള അയാളുടെ ഇടപെടല്‍ എങ്ങിനെയാണ്, നോട്ടം ഏത് തരത്തിലാണ് തുടങ്ങി സൂക്ഷ്മമായ കാര്യങ്ങള്‍ വരെ ടൊവീനോ ചോദിച്ചു മനസിലാക്കുമായിരുന്നു. അജയന്‍ തല താഴ്ത്തി സംസാരിക്കുന്ന രംഗമുണ്ട് ചിത്രത്തില്‍. അപ്പോള്‍ അയാളുടെ കണ്ണില്‍ വിരിയുന്ന ചില ഭാവങ്ങളുണ്ട്. ഒരു ആക്ടറെ സംബന്ധിച്ച് താഴോട്ടു നോക്കുകയും ഇങ്ങനെ ബിഹേവ് ചെയ്യുകയും ചെയ്യുക എന്നത് വലിയ പണിയാണ്. ടൊനോയുടെ ശരീരവും മനസും ഭാഷയുമെല്ലാം കൃത്യമായി ഈ സിനിമയില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

പോസ്റ്ററിലും സോഷ്യല്‍ മീഡിയയിലുമെല്ലാം നിമിഷ സജയനും അനു സിതാരയും നിറഞ്ഞു നില്‍ക്കുന്നുണ്ട്. സ്ത്രീ കഥാപാത്രങ്ങള്‍ക്ക് ഇതില്‍ എത്രത്തോളം പ്രാധാന്യമുണ്ട്?

ശക്തമായ സ്ത്രീ കഥാപാത്രങ്ങളാണ് ഈ സിനിമയിലുള്ളത്. നിമിഷ സജയന്‍, അനു സിത്താര, ശരണ്യ പൊന്‍വണ്ണന്‍ തുടങ്ങിയവരെല്ലാം വളരെ സ്‌ട്രോങ് ആയിട്ടുള്ള കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്. ഹന്ന എലിസബത്ത് എന്ന നിമിഷയുടെ കഥാപാത്രം പുതിയ കാലത്തിന്റെ പ്രതിനിധി കൂടിയാണ്. ഏത് പ്രശ്‌നത്തേയും നേരിടാനുള്ള ഒരു മനസ് ഹന്നയ്ക്കുണ്ട്. അതേ സമയം പറ്റുമോ ഇല്ലയോ എന്ന ഭയവും ഉള്ളിലുണ്ട്. വളരെ കംഫര്‍ട്ടായി കൈകാര്യം ചെയ്യാവുന്ന നടിയാണ് നിമിഷ. കാര്യങ്ങള്‍ പെട്ടെന്ന് മനസിലാക്കാന്‍ കഴിയും. ഹന്നയെ അതിഗംഭീരമാക്കാന്‍ നിമിഷയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

അനുസിത്താരയുടെ ജലജ അരികുവല്‍കരിക്കപ്പെടുന്ന സ്ത്രീയുടെ പ്രതിനിധിയാണ്.  റോഡരികുകളിലും ഹോട്ടലുകളുടെ പിന്നാമ്പുറങ്ങളിലുമൊക്കെ ജലജയെ നമ്മള്‍ കാണാറുണ്ട്. ഏത് കഠിന ജോലിയും ചെയ്യാന്‍ കഴിയുന്ന ശരീരവും മനസും ഇവര്‍ക്കുണ്ടാകും.  മറ്റുള്ളവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന മനസാണ് ജലജയ്ക്കുള്ളത്. ജലജയെ അനു ഒട്ടും ചോര്‍ന്നുപോകാതെ തന്നെ അവതരിപ്പിച്ചിട്ടുണ്ട്.പാട്ടുകളെ കുറിച്ച്?

തലപ്പാവില്‍ ഒഎന്‍വി സാറാണ് പാട്ടെഴുതിയത്. ഒഴിമുറിയില്‍ വയലാര്‍ ശരത്ചന്ദ്രവര്‍മയും ജയമോഹനും എഴുതി. വലിയ സന്തോഷം തരുന്ന കാര്യമാണ് ശ്രീകുമാരന്‍ തമ്പി സാറിന്റെ കൂടെ ഈ സിനിമയില്‍  വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞു എന്നത്. വല്ലാത്തൊരു നൊസ്റ്റാള്‍ജിയ ഉണ്ടാക്കാന്‍ അദ്ദേഹത്തിന്റെ വരികള്‍ക്ക് കഴിയുന്നുണ്ട്. ഔസേപ്പച്ചനും കൂടെ ചേര്‍ന്നപ്പോള്‍ അത് പൂര്‍ണതയിലെത്തി. നല്ല പ്രതികരണമാണ് പാട്ടുകള്‍ക്ക് കിട്ടികൊണ്ടിരിക്കുന്നത്.
 
ചിത്രത്തിന്റെ ട്രെയ്‌ലര്‍

 

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top