08 December Sunday

വീണ്ടും ബ്രോസ്‌... ; ധനുഷും സെൽവ രാഘവനും ഒന്നിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2019

വര്‍ഷങ്ങള്‍ക്കുശേഷം ധനുഷും സംവിധായകനായ സഹോദരൻ സെൽവ രാഘവനും ഒന്നിക്കുന്നു. ചിത്രത്തിന്റെ തിരക്കഥാരചന പുരോ​ഗമിക്കുന്ന വിവരം സെല്‍വ രാഘവന്‍ സാമൂഹ്യ മാധ്യങ്ങളിലൂടെ പങ്കുവച്ചു.

ധനുഷിന്റെ എല്ലാ സിനിമാ വിജയത്തിലും നന്ദി പറയുന്നപേരാണ്‌ സഹോദരൻ സെൽവ രാഘവൻ. 2013ല്‍ ഇറങ്ങിയ ‘കാതല്‍ കൊണ്ടെെ’നാണ് ധനുഷിനെ തമിഴ് സിനിമയില്‍ ശ്രദ്ധേയനാക്കിയത്.  സെല്‍വയാണ്  സിനിമ ഒരുക്കിയത്. ധനുഷിന്റെ കരിയറിലെ ആദ്യ ഘട്ടത്തില്‍ ഏറ്റവും ശ്രദ്ധേയമായ ചിത്രം ‘പുതുപ്പേട്ട’, വലിയ നിരൂപക പ്രശംസ നേടിയ ‘മയക്കം എന്ന’ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തതും സെല്‍വയായിരുന്നു. 

കാര്‍ത്തിക് സുബരാജിനൊപ്പമുള്ള ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ധനുഷ് ഇപ്പോള്‍ കുടുംബത്തിനൊപ്പം അവധിയാഘോഷിക്കുകയാണ്. ‘സുരുളി’യെന്ന് പേരിട്ട സിനിമയുടെ ചിത്രീകരണം ലണ്ടനിലായിരുന്നു. മലയാളി താരങ്ങളായ ഐശ്വര്യ ലക്ഷ്മിയും ജോജുവും സിനിമയിലുണ്ട്.  ​ഗെയിം ഓഫ് ത്രോണ്‍സിന്റെ ഭാ​ഗമായ ഹോളിവുഡ് നടന്‍ ജെയിംസ് കോസ്മോയും പ്രധാന വേഷത്തിലുണ്ട്‌.


 

ഏറെനാളത്തെ കാത്തിരിപ്പിനുശേഷം ധനുഷ് ​ഗൗതം മേനോന്‍ ചിത്രം എന്നെ നോക്കി പായും തോട്ട ഈ മാസം തിയറ്ററിലെത്തും. രജനികാന്തിന്റെ എ ആര്‍ മുരുകദോസ് ചിത്രം ദര്‍ബാറിനൊപ്പം ധനുഷിന്റെ ‘പട്ടാസും’ പൊങ്കലിന് തിയറ്ററിലെത്തും.  സ്നേഹ നായികയായി എത്തുന്ന ചിത്രം ഒരുക്കുന്നത് ദുരെെ സെന്തിലാണ്. പരിയേറും പെരുമാള്‍ സംവിധാനംചെയ്ത്‌ ശ്രദ്ധേയനായ മാരി സെല്‍വരാജിന്റെ ‘കര്‍ണ’നില്‍ നായകന്‍ ധനുഷാണ്.  ത്രില്ലര്‍ ചിത്രം രാക്ഷസന്‍ ഒരുക്കിയ റാം കുമാറിനൊപ്പമുള്ള ധനുഷ് ചിത്രത്തിന് ശേഷമായിരിക്കും സെല്‍വരാഘവനൊപ്പം ചേരുക.  സൂര്യക്കൊപ്പമുള്ള  പൊളിറ്റിക്കല്‍ ത്രില്ലര്‍ എന്‍ജികെയാണ് അവസാനം തിയറ്ററിലെത്തിയത്‌. 7ജി റെയിന്‍ബോ കോളനി, ആയിരത്തില്‍ ഒരുവന്‍ തുടങ്ങിയ തമിഴിലെ ശ്രദ്ധേയ സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് സെൽവ രാഘവന്‍.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top