21 September Saturday

ധനുഷിനൊപ്പം ഐശ്വര്യ

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2019

മലയാള സിനിമയുടെ ഭാ​ഗ്യനായികയായ ഐശ്വര്യലക്ഷ്മി തമിഴ് സിനിമയിലേക്ക‌് ചുവട് വെക്കുന്നു.  മലയാളത്തില്‍ വളരെ ചുരുക്കം സിനിമകളിലൂടെ തന്റേതായ ഇടംനേടിയ താരം ഇനി ധനുഷിന്റെ നായികായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.രജനികാന്ത് ചിത്രം പേട്ടയ്ക്ക് ശേഷം കാര്‍ത്തിക് സുബ്ബരാജ് ഒരുക്കുന്ന ധനുഷ് ചിത്രത്തില്‍ നായിക ഐശ്വര്യയാണ്. പ്രീപ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായ സിനിമയുടെ ചിത്രീകരണം ആ​ഗസ‌്തില്‍ ലണ്ടനില്‍ ആരംഭിക്കും.

ആഷിക് അബു ചിത്രം മായാനദിയിലെ അപര്‍ണയിലൂടെയാണ് ഐശ്വര്യ മലയാളിയുടെ ഹൃദയം കവര്‍ന്നത്. നേരത്തെ സുന്ദര്‍ സി സംവിധാനം ചെയ്യുന്ന വിശാൽ ചിത്രത്തിലൂടെ തമന്നയ്ക്കൊപ്പം നായികയായി എത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. പൃഥ്വിരാജിനെ നായകനാക്കി കലാഭവന്‍ ഷാജോണ്‍ ഒരുക്കുന്ന ബ്രദേഴ്സ് ഡേയിലാണ് താരം ഇപ്പോഴുള്ളത്. ഫുട്ബോള്‍ ആരാധകരുടെ കഥ പറഞ്ഞ കാളിദാസ് ജയറാം ചിത്രം അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവാണ് ഐശ്വര്യയുടെ, ഒടുവിൽ തിയറ്ററിലെത്തിയ ചിത്രം. 

പരസ്യ ചിത്രങ്ങളിലൂടെ അഭിനയരം​ഗത്ത് എത്തിയ താരം സിനിമയിലെത്തും മുമ്പ‌് നിരവധി മാസികകളുടെ കവര്‍ ചിത്രമായിട്ടുണ്ട്. അമല്‍ നീരദ് ഫഹദ് ഫാസിലിനൊപ്പം വീണ്ടും ഒന്നിച്ച വരത്തന്‍, 2019ലെ ആദ്യ ഹിറ്റ് ചിത്രം വിജയ് സൂപ്പറും പൗര്‍ണമിയും എന്നിവയിലും ഐശ്വര്യയായിരുന്നു നായിക.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top