03 June Saturday

"ഭീഷ്‌മപർവ്വം' തിരക്കഥാകൃത്ത്‌ ദേവദത്ത്‌ ഷാജി സംവിധായകനാകുന്നു; "ജയ ജയ ജയ ജയഹേ' നിർമാതാക്കളുടെ പുതിയചിത്രം

വെബ് ഡെസ്‌ക്‌Updated: Wednesday Mar 29, 2023

കൊച്ചി > സൂപ്പർഹിറ്റായ മമ്മൂട്ടി - അമൽ നിരദ്‌ ചിത്രം ഭീഷ്‌മപർവ്വം സിനിമയുടെ തിരക്കഥാകൃത്ത്‌ ദേവദത്ത്‌ ഷാജി സംവിധായകനാകുന്നു. ജയ ജയ ജയ ജയഹേ, ജാനേ മൻ, വികൃതി സിനിമകളുടെ നിർമാതാക്കളായ ഗണേഷ്‌ മേനോൻ, ലക്ഷ്‌മി വാര്യർ എന്നിവരാണ്‌ ചിത്രം നിർമിക്കുന്നത്‌. ദേവദത്ത്‌ തന്നെയാണ്‌ ചിത്രത്തിന്‌ തിരക്കഥ ഒരുക്കുന്നതും. ദേവദത്ത്‌ തന്നെയാണ്‌ വാർത്ത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്‌.

അമൽ നീരദിനൊപ്പമാണ്‌ ദേവദത്ത്‌ ഭീഷ്‌മപർവ്വത്തിന്റെ തിരക്കഥ ഒരുക്കിയത്‌. കൊച്ചിന്‍ സരിഗ എന്ന മിമിക്‌സ് ട്രൂപ്പിലൂടെ പലര്‍ക്കും സുപരിചിതനായ കലാകാരന്‍ ഷാജി സരിഗയാണ് ദേവദത്തിന്റെ അച്ഛന്‍. പ്ലസ് ടു പഠനകാലം മുതല്‍ തന്നെ ദേവദത്ത് കഥകള്‍ എഴുതി തുടങ്ങിയിരുന്നു. ‘കാലം എന്നോട് പറഞ്ഞത്’ എന്നായിരുന്നു ആദ്യ പുസ്‌തകത്തിന്റെ പേര്. എഞ്ചിനീയറിംഗ് പഠനകാലത്ത് ‘ഗുരുവായൂര്‍ പാസഞ്ചര്‍’ എന്ന് പുസ്‌തകം രചിച്ചു.

കോളേജ് പഠനകാലത്താണ് ഷോര്‍ട്ട് ഫിലിമുകള്‍ നിര്‍മിക്കാന്‍ തുടങ്ങിയത്. കോളേജ് പഠനകാലത്തിനിടയില്‍ എട്ട് ഷോര്‍ട്ട്ഫിലിമുകളാണ് ദേവദത്ത് ചെയ്‌തത്. ഫേസ്ബുക്കിലെ ഷോര്‍ട്ട് ഫിലിം ലിങ്കുകള്‍ കണ്ടാണ് ദിലീഷ് പോത്തന്‍ നിര്‍മിച്ച ചിത്രമായ കുമ്പളങ്ങി നൈറ്റ്‌സിലേക്ക് വിളിക്കുന്നത്.

കുമ്പളങ്ങി നൈറ്റ്‌സില്‍ സംവിധായകന്‍ മധു സി. നാരായണന്റെ അസിസ്റ്റന്റായി സിനിമരംഗത്തേക്ക് ചുവടു വച്ചു. തുടര്‍ന്ന് ബിലാലില്‍ വര്‍ക്ക് ചെയ്യാനായി അമല്‍ നീരദിനോടൊപ്പം ചേര്‍ന്നെങ്കിലും കൊവിഡ് പ്രതിസന്ധികള്‍ കൊണ്ട് ബിലാല്‍ ഷൂട്ടിംഗ് നീട്ടിവയ്ക്കപ്പെട്ടു. പിന്നീടാണ് അമല്‍നീരദിന്റെ തന്നെ ഭീഷ്‌മപര്‍വ്വം എഴുതി തുടങ്ങുന്നതും. മഹാഭാരതം ഇതിഹാസത്തിലെ ഭീഷ്മരെ മമ്മൂട്ടിയിലൂടെ അവതരിപ്പിക്കണമെന്നത് അമല്‍ നീരദിന്റെ ഏറെ നാളായുള്ള ആഗ്രഹമായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top