29 February Saturday

ചിന്തിക്കുന്ന പുതിയ യൗവ്വനത്തിന്റെ പ്രതീകം; ദാവോസിലും ദീപിക

വെബ് ഡെസ്‌ക്‌Updated: Wednesday Jan 22, 2020

ദാവോസിലെ ലോക സാമ്പത്തിക ഫോറത്തില്‍ ദീപിക പദുകോണിനെന്തുകാര്യം. ജെഎൻയുവില്‍ ദീപികയ്ക്ക് എന്തുകാര്യമെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് അതിന്റേയും ഉത്തരം. അഭിനേത്രിമാത്രമല്ല, ചിന്തിക്കുന്ന പുതിയ യൗവ്വനത്തിന്റെ പ്രതീകംകൂടിയാണവര്‍. ലോകരാഷ്ട്രത്തലവന്മാര്‍ എത്തുന്നവേദി സമ്മാനിക്കുന്ന വാര്‍ഷിക പുരസ്‌കാരം ഏറ്റുവാങ്ങാനും പ്രഭാഷണം നടത്താനുമാണ് ബോളിവുഡ്താരമെത്തിയത്. യുവജനങ്ങള്‍ക്കിടയില്‍ മാസികാരോഗ്യത്തെ കുറിച്ച് അവബോധമുണ്ടാക്കാന്‍ ലിവ് ലൗ ലാഫ് എന്ന സ്വന്തം ഫൗണ്ടേഷന്‍ വഴി നടത്തിയ പരിശ്രമങ്ങള്‍ക്കാണ് പുരസ്‌കാരം. വിഷാദരോഗവും ഉത്കണ്ഠാ രോഗവും നേരിട്ടിട്ടുണ്ടെന്നും കഠിനമായ പരിശ്രമത്തിലൂടെയാണ് അവ അതിജീവിച്ചതെന്നും താരം മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്. ഇവ രണ്ടും മറ്റേത് രോഗവും പോലെ ചികിത്സിച്ച് മാറ്റുകയാണ് വേണ്ടതെന്ന് ദീപിക ദാവോസിലെ ലോ​കവേദിയില്‍  പറഞ്ഞു.

"വിഷാദരോഗവുമായുള്ള മല്‍പ്പിടിത്തം എന്നെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചിട്ടുണ്ട്. ഇത്തരം പ്രതിസന്ധിയിലുള്ളവരോട് എനിക്കൊന്നേ പറയാനുള്ളു. നിങ്ങള്‍ ഒറ്റയ്ക്കല്ല. വിഷാദരോഗം പോലുള്ള മാനസികപ്രശ്‌നങ്ങള്‍ മൂലം  ലക്ഷംകോടി ഡോളറിന്റെ പ്രത്യാഘാതം ലോകസമ്പദ്ഘടന നേരിടുന്നു. ഞാനീ പുരസ്‌കാരം ഏറ്റുവാങ്ങുമ്പോള്‍ പോലും ആരെങ്കിലുമൊരാള്‍ വിഷാദത്താല്‍ ജീവനൊടുക്കുന്നുണ്ടാകും' -അവര്‍ പറഞ്ഞു. ദീപികയുടെ ഫൗണ്ടേഷന്‍ ഇന്ത്യയിലെ വിദ്യാലയങ്ങളില്‍ വിഷാദരോഗത്തെ കുറിച്ചുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങളിലും സജീവമാണ്.


പ്രധാന വാർത്തകൾ
 Top