25 April Thursday

ക്ളിന്റ്: നിറങ്ങളില്‍ അലിഞ്ഞ ഒരു കണ്ണുനീര്‍ത്തുള്ളിയുടെ കഥ

രശ്‌മി രാധാകൃഷ്ണന്‍Updated: Monday Aug 14, 2017

രശ് മി രാധാകൃഷ്ണന്‍

രശ് മി രാധാകൃഷ്ണന്‍

നിറങ്ങളുടെ കൂട്ടുകാരനായിരുന്ന എഡ്മണ്ട് തോമസ് ക്ളിന്റ് എന്ന ബാലന്‍റെ ജീവിതം അതിഭാവുകത്വമില്ലാതെ കടന്നുപോകുകയാണ് ഹരികുമാറിന്‍റെ ക്ളിന്റ് എന്ന ചിത്രത്തിലൂടെ. ഏഴുവയസ്സിന് ഒരുമാസം മാത്രം ബാക്കി നില്‍ക്കെയാണ് അവിശ്വസനീയമായ രീതിയില്‍ പ്രതിഭയുടെ മികവും തികവുമുള്ള ഇരുപത്തയ്യായിരത്തോളം ചിത്രങ്ങളും പ്രിയപ്പെട്ടവര്‍ക്ക് എണ്ണമറ്റ ഓര്‍മ്മകളും ബാക്കി വച്ച് ക്ളിന്റ് കടന്നു പോയത്.ദൈവത്തിന്റെ കൈവിരലുകളുമായി ജനിച്ച ക്ളിന്റ് എന്ന ജീനിയസിനും ഇപ്പോഴും ആ  ഓര്‍മ്മകളില്‍ മാത്രം ജീവിതത്തിന്‍റെ താളം തേടുന്ന ക്ളിന്റിന്റെ മാതാപിതാക്കള്‍ക്കുമുള്ള ഒരു ട്രിബ്യൂട്ട് ആണ് ഈ ചിത്രം.

ക്ളിന്റിന്റെ കളിക്കൂട്ടുകാരിയായിരുന്ന  അമ്മു നായര്‍ എഴുതിയ 'ക്ളിന്റ് എ ബ്രീഫ് അവര്‍ ഓഫ് ബ്യൂട്ടി' യും സെബാസ്റ്റ്യന്‍ പള്ളിത്തോട് എഴുതിയ നിറങ്ങളുടെ രാജകുമാരന്‍ എന്ന പുസ്തകവും മുന്‍ നിര്‍ത്തിയെഴുതിയ തിരക്കഥയില്‍ നിന്നാണ് ഈ ചിത്രത്തിന്‍റെ പിറവി.വിഷുപ്പടക്കങ്ങളുടെ ആരവങ്ങളൊഴിഞ്ഞ ഒരു കറുത്ത രാത്രിയില്‍ മരണത്തിന്റെ കൈപിടിച്ച് നടന്നുപോയ ക്ളിന്റിന്റെ ജീവിതത്തിന്റെ തുടര്‍ച്ചയെന്ന പോലെ തന്നെയാണ് മാതാപിതാക്കളായ ജോസഫും ചിന്നമ്മയും ഇപ്പോഴും തങ്ങളുടെ ദിനരാത്രങ്ങള്‍ കഴിച്ച് കൂട്ടുന്നത്.അടഞ്ഞ ഒരു വാതിലിനപ്പുറം അവനുണ്ട് എന്നവര്‍ വിശ്വസിയ്ക്കുന്നു.അവനു വേണ്ടിയുള്ള മുറിയില്‍  അവനോട് അനുവാദം  ചോദിയ്ക്കാതെ അവര്‍ കയറാറില്ല.അവനോട് പങ്കുവയ്ക്കാത്തതൊന്നും ഇപ്പോഴും അവരുടെ ജീവിതത്തിലില്ല.അതുകൊണ്ട് തന്നെയാണ് സത്യവും മിഥ്യയും   വേര്‍തിരിച്ചറിയാനാവാത്ത ചില തീവ്രവൈകാരികനിമിഷങ്ങളില്‍ 'എന്‍റെ കുഞ്ഞിനെ ആരാണ് മഴയത്ത് നിര്‍ത്തിയിരിയ്ക്കുന്നത്' എന്ന് അവര്‍ ആധിയെടുക്കുന്നത്.

എന്തിലും ഏതിലും നിറങ്ങള്‍ കണ്ടെത്തി ക്ളിന്റ്  വരച്ച് കൊണ്ടേയിരുന്നു.കുറഞ്ഞ സമയം കൊണ്ട് ചെയ്ത് തീര്‍ത്ത് പോകേണ്ടുന്ന എന്തോ തനിയ്ക്ക് ഇവിടെ,ഈ ഭൂമിയിലുണ്ട് എന്ന ചിന്ത പോലെ.ഒരിയ്ക്കലും നേരിട്ട് കാണാത്ത കാഴ്ചകളെപ്പോലും കടലാസിലേയ്ക്ക് പകര്‍ത്തുമ്പോള്‍ പ്രായത്തിന് അപ്രാപ്യമായ ഒരു പൂര്‍ണ്ണത ആ  ചിത്രങ്ങളില്‍ തെളിഞ്ഞിരുന്നു; അവസാനം വരച്ച മുച്ചിലോട്ടു ഭഗവതിത്തെയ്യത്തിന്‍റെ രൂപത്തില്‍ വരെ.ഈ ലോകത്ത് എന്തുമാത്രം നിറങ്ങളാണ് എന്ന് അത്ഭുതപ്പെട്ട്,ഇതെല്ലാം തനിയ്ക്ക് വരയ്ക്കാന്‍ കഴിയില്ലല്ലോ എന്ന് ക്ളിന്റ് സങ്കടപ്പെട്ടിരുന്നു.പക്ഷെ പ്രായവും പ്രതിഭയും വച്ച് നോക്കുമ്പോള്‍ ഒരു മനുഷ്യായുസ്സിന്റെ  നിര്‍വ്വചനങ്ങള്‍ക്കപ്പുറവും ചെയ്തിട്ടാണ് ക്ളിന്റ് കടന്നുപോയത് . അസാമാന്യ പ്രതിഭയുള്ള കുഞ്ഞുങ്ങള്‍ക്ക് ആയുസ്സ് കുറവാണ് എന്ന വിശ്വാസത്തിന്റെയും ക്ളിന്റിന്റെ ജീവിതത്തിന്റേയും ചുവട് പിടിച്ച് ആനന്ദഭൈരവി എന്ന ചിത്രം മുമ്പ് വന്നിരുന്നു.

ക്ളിന്റുമായി നേരിട്ട്  ബന്ധമുണ്ടായിരുന്നവര്‍ ജീവിച്ചിരിയ്ക്കുമ്പോള്‍ ആ ജീവിതം സിനിമയാക്കുന്നതിലെ വെല്ലുവിളികളെ അതിജീവിച്ച്,അവരോട്പൂര്‍ണ്ണമായും നീതി പുലര്‍ത്തുന്ന രീതിയിലാണ് ഹരികുമാര്‍ ഈ ചിത്രം ഒരുക്കിയിരിയ്ക്കുന്നത്. മധു അമ്പാട്ടിന്റെ ക്യാമറാമികവ് പ്രത്യേകപരാമര്‍ശം അര്‍ഹിക്കുന്നു. പ്രത്യേകിച്ചും മരണത്തിന്റെ വരവറിയിയ്ക്കുന്ന ആ ഇരുണ്ട രാത്രി. പ്രഭാവര്‍മയുടെ വരികളും  ഇളയരാജയുടെ പതിഞ്ഞ താളത്തിലുള്ള സംഗീതവും  ക്ളിന്റിന്റെ ജീവിതത്തിനൊപ്പം വളരെ റിയലിസ്റ്റിക് ആയി സഞ്ചരിയ്ക്കുന്നുണ്ട്. അസാധാരണമായ തന്മയത്വത്തോടെ  ക്ളിന്റായി ജീവിച്ച ആലോക് പ്രശംസയര്‍ഹിയ്ക്കുന്നു.ഉണ്ണി മുകുന്ദന്‍റെ അഭിനയ ജീവിതം ഒരുപക്ഷെ ക്ളിന്റിന് മുന്‍പും ശേഷവും എന്ന്അടയാളപ്പെടുത്തപ്പെടുത്തപ്പെട്ടെയ്ക്കാം.അമ്മയുടെ നോവായി റിമകല്ലിങ്ങലും മികവു പുലര്‍ത്തി. എണ്‍പതുകളുടെ മൂഡ് കഥയിലേയ്ക്ക് ചേര്‍ത്ത്  വസ്ത്രാലങ്കാരവും മേയ്ക്കപ്പുംപ്രത്യേക പ്രശംസയര്‍ഹിയ്ക്കുന്നു..ഈ മികച്ച ചിത്രം നിര്‍മ്മിച്ച് പ്രേക്ഷകരിലേയ്ക്ക് എത്തിച്ച ഗോകുലം ഗോപാലനും അഭിനന്ദനം.


ആരവങ്ങള്‍ ആഘോഷങ്ങളാകുന്ന സിനിമകളുടെ ഇടയില്‍ ഈ കൊച്ചു ചിത്രത്തിന്‍റെ വരും ദിനങ്ങളേക്കുറിച്ച് ആശങ്കയുണ്ട്.എങ്കിലും നല്ല സിനിമയെ സ്നേഹിയ്ക്കുന്നവര്‍ ക്ളിന്റ് എന്ന കണ്ണുനീര്‍ത്തുള്ളിയുടെ ജീവിതം അടുത്തറിയാന്‍ ഈ ചിത്രം കാണുകതന്നെവേണം


 

പ്രധാന വാർത്തകൾ
 Top