20 February Wednesday

നിത്യ ഇനി അഭിഷേകിനൊപ്പം 

വെബ് ഡെസ്‌ക്‌Updated: Tuesday Feb 12, 2019

മികച്ച കഥാപാത്രങ്ങളെ ഭംഗിയായി അവതരിപ്പിച്ച‌് ദക്ഷിണേന്ത്യൻ ചലച്ചിത്രലോകത്ത‌് പ്രേക്ഷക–-നിരൂപകശ്രദ്ധ ഏറെ നേടിയതാണ‌് നിത്യാമേനോൻ. ഈയിടെയിറങ്ങിയ വി കെ പ്രകാശിന്റെ പ്രാണഃ എന്ന പരീക്ഷണചിത്രത്തിൽ ആകെയുള്ള ഒരേയൊരു കഥാപാത്രമായി നിത്യ മികച്ച പ്രകടനമാണ‌് കാഴ‌്ചവച്ചത‌്.

ബോളിവുഡ് താരം അഭിഷേക് ബച്ചനും നിത്യ മേനോനും ആദ്യമായി ഒന്നിക്കുന്നുവെന്നതാണ‌് പുതിയവാർത്ത. ആമസോണ്‍ പ്രൈമിന്റെ സൈക്കളോജിക്കല്‍ ത്രില്ലര്‍ സീരീസായ ബ്രീത്തിന്റെ രണ്ടാം സീസണിലാണ് ഇരുവരും ഒന്നിക്കുന്നത്. മായങ്ക് ശര്‍മാണ് സംവിധാനം ചെയ്യുക. വിക്രം തൂലി, ഭവാനി അയ്യര്‍, അര്‍ഷാദ് സെയ്ദ് എന്നിവര്‍ക്കൊപ്പം മായങ്കും ചേര്‍ന്നാണ് ബ്രീത്തിന്റെ തിരക്കഥാ രചന.

മാധവനും അമിത് സാധും സപ്‌നാ പബ്ബിയുമായിരുന്നു ബ്രീത്തിന്റെ ഒന്നാം സീസണില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നത്. ഒരു സാധാരണ മനുഷ്യന്‍ കടന്നുപോകുന്ന ചില അസാധാരണ സാഹചര്യങ്ങളായിരുന്നു ആദ്യ സീസണിലുണ്ടായിരുന്നത്. അബന്‍ഡാന്റിയ എന്റര്‍ടെയ്ൻമെന്റ‌്സിന്റെ  ബാനറില്‍ വിക്രം മല്‍ഹോത്രയാണ് ബ്രീത്തിന്റെ നിര്‍മാണം, താന്‍ അഭിനയിക്കുന്ന ആദ്യ ഡിജിറ്റല്‍ പരമ്പരയാണിത‌്. ഡിജിറ്റൽ മേഖലയിലേക്ക്​ പോകുന്നതി​​​​ന്റെ ആവേശത്തിലാണ‌്. ഒരുപാട് പ്രതീക്ഷയുണ്ട്. വലിയൊരു ക്യാന്‍വാസാണ് ബ്രീത്ത് നല്‍കുന്നത്. കഥാപാത്രത്തെ കുറിച്ച്​ കൂടുതൽ വെളിപ്പെടുത്താൻ സാധ്യമല്ല. എന്നാൽ, തന്നിലെ അഭിനേത്രിയെ തൃപ്തിപ്പെടുത്തുന്ന കഥാപാത്രമാണെന്നും നിത്യ പറഞ്ഞു.

താന്‍ നിത്യയുടെ സിനിമയുടെ ആരാധകനായിരുന്നു. പ്രത്യേകിച്ച് ഓകെ കണ്‍മണി കണ്ടശേഷം. ബ്രീത്തിന്റെ രണ്ടാം സീസണില്‍ നിത്യ അഭിനയിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും മായങ്ക് പറഞ്ഞു.
 


പ്രധാന വാർത്തകൾ
 Top