07 April Tuesday

താരങ്ങൾ നിരീക്ഷണത്തിലാണ്

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020

കോവിഡ്‌ 19 അതിവേഗം ലോകത്താകെ വ്യാപിക്കുകയാണ്‌. ഈ സാഹചര്യത്തിൽ പല സൂപ്പർ താരങ്ങളും വീട്ടിൽ സമ്പർക്കരഹിത ജീവിതം (സെൽഫ്‌ ക്വാറന്റൈൻ) നയിക്കുകയാണ്‌. അമിതാഭ്‌ ബച്ചൻ, പ്രിയങ്ക ചോപ്ര, പ്രഭാസ്‌ തുടങ്ങിയവരാണ്‌ സെൽഫ്‌ ക്വാറന്റൈനിൽ കഴിയുന്നത്‌. സാമൂഹ്യമാധ്യമത്തിലൂടെയാണ്‌ മൂവരും ഇക്കാര്യം ലോകത്തെ അറിയിച്ചത്‌.

അമിതാഭ്‌ ബച്ചൻ മുംബൈയിലെ വീട്ടിലാണ്‌ നിരീക്ഷണത്തിലുള്ളത്‌. കൊറോണ ക്വാറന്റൈന്റെ ഭാഗമായി സീൽ പതിപ്പിച്ച കൈയുടെ പടം  കഴിഞ്ഞ ദിവസം താരം ട്വീറ്റ്‌ ചെയ്‌തു. രോഗലക്ഷണങ്ങൾ കണ്ടാൽ മറ്റുള്ളവരിൽനിന്ന്‌ ഒറ്റപ്പെട്ട്‌ നിരീക്ഷണത്തിലിരിക്കണമെന്ന്‌ ബിഗ്‌ബി പറയുന്നു. കൂടാതെ എല്ലാവരും സുരക്ഷിതമായിരിക്കുകയും ജാഗ്രത പാലിക്കുകയും വേണം.

പ്രിയങ്ക ചോപ്രയും ഭർത്താവായ നിക്ക് ജോനസും എട്ടു ദിവസമായി ക്വാറന്റൈനിലാണ്. വിദേശയാത്ര കഴിഞ്ഞെത്തിയ ഇരുവർക്കും രോഗലക്ഷണങ്ങൾ ഒന്നും ഇല്ലെങ്കിലും മറ്റുള്ളവരുടെ സുരക്ഷയെ കരുതി ക്വാറന്റൈനിൽ കഴിയുകയാണ്‌. 

‘എല്ലാവരും സുരക്ഷിതരായി ഇരിക്കുന്നു എന്ന് പ്രതീക്ഷിക്കുന്നു. ഹോം ക്വാറന്റൈന്‍ ജീവിതത്തിൽ മറക്കാൻ കഴിയാത്ത ഒരു അനുഭവമായി  മാറിയിരിക്കുകയാണ്. എത്ര പെട്ടെന്നാണ് നമ്മുടെ എല്ലാവരുടെയും ജീവിതങ്ങൾ മാറിമറിഞ്ഞിരിക്കുന്നത്.’ പ്രിയങ്ക കഴിഞ്ഞദിവസം പുറത്തുവിട്ട വീഡിയോയിൽ പറയുന്നു.

വിദേശത്തുനിന്ന്‌ ഷൂട്ടിങ് കഴിഞ്ഞെത്തിയതാണ്‌ തെന്നിന്ത്യൻ താരം പ്രഭാസ്‌. താൻ നിരീക്ഷണത്തിൽ കഴിയുകയാണെന്നും എല്ലാവരും സുരക്ഷിതരായിരിക്കാൻ ആവശ്യമായ മുൻ കരുതലുകൾ എടുക്കുന്നുവെന്ന്‌ പ്രതീക്ഷിക്കുന്നുവെന്നും താരം ട്വിറ്ററിൽ കുറിച്ചു.


പ്രധാന വാർത്തകൾ
 Top