21 November Thursday

‘പിറന്നാളാശംസകൾ പപ്പ... എന്ന വാക്ക് കേൾക്കാൻ ഞാൻ ഏറെ കാത്തിരുന്നിട്ടുണ്ട്

വെബ് ഡെസ്‌ക്‌Updated: Tuesday Nov 5, 2019

കുഞ്ഞിനെ വാരിപ്പുണർന്ന് നിൽക്കുന്ന അച്ഛനെ കാണാം കുഞ്ചാക്കോ ബോബന്റെ പിറന്നാൾ കേക്കിൽ. മകൻ പിറന്നശേഷമുള്ള പിറന്നാൾ ആഘോഷത്തെക്കുറിച്ച് വികാരതീവ്രമായ വാക്കുകളാണ് താരം  സാമൂഹ്യമാധ്യമങ്ങൾവഴി പങ്കുവച്ചത്. ‘പിറന്നാളാശംസകൾ പപ്പ... എന്ന വാക്ക് കേൾക്കാൻ ഞാൻ ഏറെ കാത്തിരുന്നിട്ടുണ്ട്. പിറന്നാൾ ആശംസകൾ പറഞ്ഞ എല്ലാവർക്കും നന്ദിയും സ്നേഹവും അറിയിക്കുന്നു'–- പിറന്നാൾ ആഘോഷ ചിത്രങ്ങൾക്ക് ഒപ്പം കുഞ്ചാക്കോ കുറിച്ചു.

പതിനാലുവർഷത്തെ കാത്തിരിപ്പിനുശേഷമാണ് കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും കുഞ്ഞ് പിറന്നത്.  കുഞ്ഞിനായുള്ള കാത്തിരിപ്പിന്റെ വേദന താരം സാമൂഹ്യമാധ്യമങ്ങളിലൂടെ മുമ്പും തുറന്നുപറഞ്ഞിട്ടുണ്ട്. ജീവിതത്തിലേക്ക് ഇസഹാക്ക് ബോബൻ കുഞ്ചാക്കോ എത്തിയശേഷമുള്ള ആദ്യ പിറന്നാൾ ആഘോഷം ഏറെ പ്രത്യേകത നിറഞ്ഞതാണ് താരത്തിന്.

കുഞ്ചാക്കോ ബോബനെ മലയാളക്കര ഏറ്റെടുത്ത ചിത്രം നിറം റിലീസ് ചെയ്തിട്ട് 20 വർഷം പൂർത്തിയാകുന്ന വേളകൂടിയാണിത്. കമൽ സംവിധാനംചെയ്ത ചിത്രത്തിൽ ശാലിനിയായിരുന്നു നായിക. കേരളത്തിലെ ക്യാമ്പസുകൾ ഏറ്റെടുത്ത ചിത്രം 1999ലെ‍ സൂപ്പർഹിറ്റായി മാറി.  ആലപ്പുഴയിൽ താരത്തിന്റെ സുഹൃത്തുക്കൾ സിനിമയുടെ പ്രത്യേക പ്രദർശനം സം​ഘടിപ്പിച്ചു.

മിഥുൽ മാനുവൽ തോമസ് സംവിധാനംചെയ്യുന്ന അഞ്ചാം പാതിരയാണ് താരത്തിന്റെ ഉടൻ പുറത്തുവരാനുള്ള ചിത്രം. ക്രിമിനൽ സൈക്കോളജിസ്റ്റായാണ് സിനിമയിൽ കുഞ്ചാക്കോ എത്തുന്നത്. കെ എം കമാലിന്റെ പുതിയ ചിത്രത്തിലൂം കുഞ്ചാക്കോ ബോബൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ബോബിയും സ‍ഞ്ജയും തിരക്കഥ ഒരുക്കുന്ന ചിത്രത്തിലും കുഞ്ചാക്കോയാണ് നായകൻ. ജിസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രം കൊച്ചിയിൽ ചിത്രീകരണം തുടങ്ങി. സിദ്ദിഖ്, ശ്രീനിവാസൻ, രമേഷ് പിഷാരടി, ബേസിൽ ജോസഫ് തുടങ്ങിയവരും അഭിനയിക്കുന്നു.

 


പ്രധാന വാർത്തകൾ
 Top