10 December Tuesday

ഭയപ്പെടുത്തുന്ന ചിരി; അതിശയിപ്പിക്കുന്ന ലുക്കില്‍ മമ്മൂട്ടി; പിറന്നാള്‍ ദിനത്തില്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് 'ഭ്രമയുഗം' ടീം

വെബ് ഡെസ്‌ക്‌Updated: Thursday Sep 7, 2023

കറപുരണ്ട പല്ലുകള്‍ കാട്ടിയുള്ള ഭയപ്പെടുത്തുന്ന ചിരി, നരച്ച താടിയും മുടിയും കഴുത്തില്‍ ജപമാല.. മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടിയുടെ പുതിയ ചിത്രം ഭ്രമയുഗത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.

പ്രേക്ഷ-നിരൂപക പ്രശംസ നേടിയ ഭൂതകാലം സിനിമയ്ക്ക് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഹൊറര്‍ ത്രില്ലര്‍ സിനിമയാണ് ഭ്രമയുഗം. നായകനാണോ വില്ലനോണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത വിധം പ്രേക്ഷകരെ അതിശയിപ്പിക്കുന്ന തരത്തിലാണ് പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്.

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ  ചക്രവർത്തി രാമചന്ദ്രയും എസ്. ശശികാന്തും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൊച്ചിയിലും ഒറ്റപ്പാലത്തുമായാണ് ‘ഭ്രമയുഗം’ ചിത്രീകരിക്കുന്നത്.

മമ്മൂക്കയെ സംവിധാനം ചെയ്യുക എന്ന സ്വപ്നത്തിൽ ജീവിക്കുന്നതിൽ ഞാൻ സന്തോഷവാനാണ്. ‘ഭ്രമയുഗം’ കേരളത്തിന്റെ ഇരുണ്ട കാലഘട്ടത്തിൽ വേരൂന്നിയ കഥയാണ്. ഇത് ഒരു ആഴത്തിലുള്ള ചലച്ചിത്രാനുമാക്കി മാറ്റുന്നതിന് നിർമ്മാതാക്കളുടെ പിന്തുണ ലഭിച്ചതിൽ എനിക്ക് സന്തോഷമുണ്ടെന്ന് സംവിധായകന്‍ രാഹുല്‍ സദാശിവന്‍ പറഞ്ഞു.

മമ്മൂട്ടിക്കൊപ്പം അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമൽദ ലിസ് എന്നിവർ സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം: ഷെഹനാദ് ജലാൽ, പ്രൊഡക്ഷൻ ഡിസൈനർ: ജോതിഷ് ശങ്കർ, എഡിറ്റർ: ഷഫീക്ക് മുഹമ്മദ് അലി, സംഗീതം: ക്രിസ്റ്റോ സേവ്യർ, സംഭാഷണങ്ങൾ: ടി ഡി രാമകൃഷ്‌ണൻ, മേക്കപ്പ്: റോനെക്‌സ് സേവ്യർ, കോസ്റ്റംസ് : മെൽവി ജെ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും YNOT സ്റ്റുഡിയോയും അവതരിപ്പിക്കുന്ന ‘ഭ്രമയുഗം’ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ഒരേസമയം 2024-ന്റെ തുടക്കത്തിൽ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും. പിആർഒ: ശബരി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top