Deshabhimani

ഇരട്ടിയല്ല, നാലിരട്ടി മധുരം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 06, 2024, 08:06 AM | 0 min read


ഓണം റിലീസ് സിനിമകളിൽ ബോക്സ് ഓഫീസ് കീഴടക്കി മുന്നേറുകയാണ്‌ ആസിഫ് അലി നായകനായ ‘കിഷ്‌കിന്ധാ കാണ്ഡം’.  രണ്ടാഴ്ചയ്‌ക്കുള്ളിൽ  അമ്പത് കോടി ക്ലബ്ബിൽ കയറിയ  സിനിമയുടെ തിരക്കഥയും സംഭാഷണവും ഛായാഗ്രഹണവും നിർവഹിച്ച ബാഹുൽ രമേഷ് സംസാരിക്കുന്നു.

തിരക്കഥ രചനയിലേക്ക്


സത്യം പറഞ്ഞാൽ, അറിയാണ്ട് പറ്റിപ്പോയതാണ്.  ഒട്ടും പ്ലാൻഡ് അല്ലായിരുന്നു. സ്കൂളിൽ കഥാരചനാ മത്സരങ്ങളിൽ പങ്കെടുക്കാറുണ്ടായിരുന്നു. പിന്നീട് വിഷ്വൽ കമ്യൂണിക്കേഷൻ പഠിക്കാൻ ചെന്നൈയിലേക്ക് പോയി. അവിടെ സീനിയേഴ്സ് ആയിരുന്നു ഇപ്പോഴത്തെ സിനിമാറ്റോഗ്രാഫർമാരായ വിഷ്ണു ശർമയും സുധീപ്  ഇളമണും. അവരുടെ ഷോർട്ട് ഫിലിമുകൾക്ക് ചില്ലറ എഴുത്തുപണികൾ ചെയ്യാറുണ്ടായിരുന്നു. പക്ഷേ കോളേജ് ടൈം കഴിഞ്ഞപ്പോൾ കളി കാര്യമായി. ഒരു തൊഴിൽ മേഖല കണ്ടെത്തിയേ തീരൂ എന്ന ഘട്ടം വന്നു . തിരക്കഥാ രചന  എത്രകണ്ട് വിജയകരമാകുമെന്ന് പ്രവചിക്കാൻ കഴിയില്ലല്ലോ, അങ്ങനെയാണ്  സിനിമാറ്റോഗ്രഫിയിലേക്ക് തിരിഞ്ഞത്. കോവിഡ് ലോക്ഡൗൺ കാലത്ത് വീട്ടിൽ അടച്ചിരിക്കേണ്ടി വന്നപ്പോൾ തിരക്കഥ എഴുതാൻ ശ്രമിച്ചാലോ എന്ന് തോന്നി.

മാജിക്കൽ തിരക്കഥ

ലോക്ഡൗൺ അല്ലേ.  ഞാനും വീട്ടിൽ ലോക്ക്.  ഒന്നും ചെയ്യാനില്ല. ആരും വിളിക്കാനില്ല.  അപ്പൊ ധൈര്യമായി ഫോൺ ഓഫ് ചെയ്ത് വയ്‌ക്കാം. പ്രോഡക്റ്റീവ് ആയി എന്ത് ചെയ്യാമെന്നായി ആലോചന. കഥയ്ക്കുള്ള  ത്രെഡ് കിട്ടിയപ്പോ സമയം കളയാൻ എഴുതിനോക്കാമെന്ന് വച്ചു. കഥയുടെ പൂർണരൂപം ആലോചിച്ചുണ്ടാക്കാൻ മെനക്കെട്ടില്ല.  ആലോചിച്ചുകൊണ്ടിരുന്നാൽ ചിലപ്പോൾ ആലോചിച്ചുകൊണ്ടേയിരിക്കും. എഴുത്ത് നടക്കില്ല.  തുടങ്ങുമ്പോൾ അപ്പുപ്പിള്ള  എന്ന കഥാപാത്രം മാത്രമായിരുന്നു മനസ്സിൽ.  സീനുകൾ എഴുതിയെഴുതി മുന്നോട്ട് പോയപ്പോൾ റിസർവ് ഫോറസ്റ്റ് പശ്ചാത്തലവും വീടും കുരങ്ങന്മാരും അജയനും അപർണയും സുമദത്തനും എല്ലാം വന്നു.  പൂർത്തിയാക്കാൻ കഴിയുമെന്നുപോലും കരുതിയിരുന്നില്ല.  

കാമറയും തിരക്കഥയും

തീരുമാനങ്ങളെടുക്കാൻ എളുപ്പമായിരുന്നു. ഒരു ഫ്രെയ്‌മിയിൽ എന്തൊക്കെ വേണം എന്തൊക്കെ ഉണ്ടായിക്കൂടാ. എന്തിനൊക്കെ എത്ര മാത്രം പ്രാധാന്യം കൊടുക്കണം,  എപ്പോ കാമറ മൂവ് ചെയ്യണം. എപ്പോ പാൻ ചെയ്യണം. അങ്ങനെ പലവിധ കാര്യങ്ങളിൽ അനുയോജ്യമായി ഷൂട്ട്‌ ചെയ്യാൻ അത് സഹായകമായിരുന്നു.

വെല്ലുവിളി


കാമറയും എഴുത്തും  ഇഷ്ടമാണ്. എഴുതുമ്പോൾ  നമ്മൾ ഒറ്റയ്ക്കാണ്. അതൽപ്പംകൂടി സുഖവും എളുപ്പവുമാണ്. ഷൂട്ടിങ്‌ സമയത്ത് ദിവസംപ്രതി പലവിധ പ്രതിസന്ധികൾ വന്നുകൊണ്ടിരിക്കും. അതിനെയൊക്കെ തരണം ചെയ്ത് ഷൂട്ട്‌ മുന്നോട്ട് കൊണ്ടുപോകണം.  എഴുത്ത്  പൂർണമായും സർഗാത്മക ജോലിയാണ്. പക്ഷേ സിനിമാറ്റോഗ്രഫിക്ക്‌ പലപ്പോഴും മാനേജ്മെന്റ് സ്കിൽ കൂടുതലായി വേണ്ടിവരും.

ത്രില്ലർ സിനിമ


ത്രില്ലർ സിനിമകളിൽ കണ്ടുവരുന്ന ഷോട്ടുകളും ജമ്പ്‌ സ്കേറുകളും എല്ലാം ഒഴിവാക്കാൻ ശ്രമിച്ചു നോക്കിയതാണ്‌. വെറുതെ ഒരു കൗതുകത്തിനാണ് പലതും ട്രൈ ചെയ്തത്. ഒരു കുസൃതി ഒപ്പിക്കുന്നതിന്റെ കൗതുകം. മോശമായാൽ ആരെയും കാണിക്കാതിരുന്നാൽ മതിയല്ലോ. പിന്നെന്തിനാ ട്രൈ ചെയ്യാൻ പേടിക്കുന്നത് എന്നതായിരുന്നു ധൈര്യം. ഷൂട്ടിങ്‌ സമയത്തും പോസ്റ്റ്‌ പ്രൊഡക്ഷൻ സമയത്തുമെല്ലാം ഇതേ രീതി തുടർന്നു. എങ്ങനെയിരിക്കുമെന്ന് നോക്കാലോ എന്നൊരു കൗതുകത്തിന്.

ഓണം റിലീസ്


ഈ സിനിമ ഓണം റിലീസായി ഇറക്കിയതിന്റെ മുഴുവൻ ക്രെഡിറ്റും പ്രൊഡ്യൂസർ ജോബി ചേട്ടന് (ജോബി ജോർജ് തടത്തിൽ) അവകാശപ്പെട്ടതാണ്. അദ്ദേഹത്തിന് സിനിമയിൽ വലിയ വിശ്വാസമുണ്ടായിരുന്നു. പ്രൊഡ്യൂസർ അത്രയും ധൈര്യം കാണിച്ചപ്പോൾ ഞങ്ങൾ ആശങ്കകൾ ഒന്നുമില്ലാതെ അദ്ദേഹത്തിന്റെ കൂടെ കട്ടയ്ക്ക് നിന്നു.

ഇരട്ടി മധുരം


ഇരട്ടിയല്ല, നാലിരട്ടി മധുരമാണ്.  ഇന്നത്തെ ഈ വിജയത്തിൽ ഏറ്റവുമധികം സന്തോഷിക്കുന്നത്‌ ‘കക്ഷി അമ്മിണിപ്പിള്ള’യിൽ ഭാഗമായിരുന്ന നൂറോളം പേരാണ്. അമ്മിണിപ്പിള്ളയുടെ സമയത്ത് ഉണ്ടാക്കിയ വാട്സാപ് ഗ്രൂപ്പ് ഇന്നും സജീവമാണ്. തറവാട്ടിൽ ഒരു കല്യാണം നടന്നതിന്റെ ആഘോഷവും സന്തോഷം പങ്കിടലുമാണ് ഗ്രൂപ്പിൽ നടക്കുന്നത്. കിഷ്‌കിന്ധാ കാണ്ഡത്തിൽ ഭാഗമാകാത്ത അംഗങ്ങൾ പോലും അങ്ങനെ  സന്തോഷം പ്രകടിപ്പിക്കുന്നത് കാണുമ്പോൾ ഞങ്ങൾക്കും വലിയ സന്തോഷമാണ്.

പുതിയ ചിത്രങ്ങൾ


ഹോട്ട്‌സ്റ്റാറിൽ അഹമ്മദ് കബീർ  ഡയറക്ട്‌ ചെയ്യുന്ന കേരള ക്രൈം ഫയൽ സീസൺ -2 വിന്  തിരക്കഥയെഴുതി. ഈ വർഷം അവസാനം റിലീസ് ഉണ്ടാകും.

സംവിധാനം

ഏയ്‌ ഇല്ലില്ല. ഷൂട്ടിങ്‌ സമയത്തെ ക്രിയേറ്റീവ് സംവിധാനം നല്ല ഇഷ്ടമാണ്. പക്ഷേ ഒരു പ്രോജക്ട് ഉണ്ടാക്കി ഷൂട്ടിങ്‌ വരെ എത്തിക്കുക എന്നത് ഇന്നത്തെക്കാലത്ത് ഒത്തിരി സമയവും ക്ഷമയും വേണ്ട കാര്യമാണ്. ഷൂട്ടിങ്‌ കഴിഞ്ഞ് റിലീസ് വരെയും അതുപോലെ തന്നെ. അതിനാൽ തൽക്കാലം എഴുത്തും കാമറാ ജോലികളുമായി ഒരു സൈഡിൽക്കൂടി പോകാമെന്നാണ് ആഗ്രഹം.



deshabhimani section

Related News

View More
0 comments
Sort by

Home