25 May Monday

വെളുവെളുത്ത ബാഫ്‌ത

വെബ് ഡെസ്‌ക്‌Updated: Tuesday Feb 4, 2020

ജോക്കറിനെ പിന്തള്ളി ബാഫ്തയിൽ തിളങ്ങി സാം മെൻഡിസ്. ഒന്നാംലോകയുദ്ധകാലം പ്രമേയമാക്കി സാം മെൻഡിസ് ഒരുക്കിയ 1917 വാരിക്കൂട്ടിയത് മികച്ച സിനിമ, സംവിധായകൻ, ഛായാഗ്രഹണം എന്നിവയടക്കം ഏഴ് പുരസ്‌കാരം. 11നാമനിർദേശം നേടിയ അമേരിക്കയുടെ സൂപ്പർഹിറ്റ് ചിത്രം ജോക്കർ മികച്ച നടൻ അടക്കം മൂന്ന് പുരസ്കാരംകൊണ്ട് തൃപ്തിപ്പെട്ടു.. ജെയിംസ് ബോണ്ട് ചിത്രങ്ങളായ സ്‌പെക്ട്രെ, സ്‌കൈഫാൾ തുടങ്ങിയവ ഒരുക്കിയ മെൻഡിസ് ഇത്തവണ ഓസ്‌കറിലും ചലനം സൃഷ്ടിക്കുമെന്നാണ് ഹോളിവുഡ് മാധ്യമങ്ങളുടെ പ്രവചനം.

ദക്ഷിണകൊറിയൻ ചിത്രം പാരസൈറ്റ്  മികച്ച തിരക്കഥ അടക്കം രണ്ട് പുരസ്‌കാരം നേടി. വിഖ്യാത സംവിധായകൻ മാർട്ടിൻ സ്‌കോർസെസെയുടെ ദ ഐറിഷ്മാൻ ഒറ്റ പുരസ്‌കാരവും നേടിയില്ല. ഹോളിവുഡ് സൂപ്പർഹീറോ ബ്രാഡ് പിറ്റ് മികച്ച സഹനടനായി തെരഞ്ഞെടുക്കപ്പെട്ടു. ക്വിന്റിൻ ടാരന്റീനോയുടെ വൺസ് അപ് ഓൺ എ ടൈം ഇൻ ഹോളിവുഡിലെ പ്രകടനത്തിനാണ് അംഗീകാരം. ജൂഡി ഗാർലാൻഡ് എന്ന അമേരിക്കൻ നടിയുടെ ജീവിതകഥപറഞ്ഞ ചിത്രത്തിലൂടെ റീനീ സെൽവേഗർ മികച്ച നടിയായി. മാര്യേജ് സ്റ്റോറിയിലൂടെ ലൗറ ഡെറിൻ സഹനടി പുരസ്‌കാരം നേടി.

1977ന് ശേഷം ആദ്യമായി അഭിനയവിഭാഗത്തിലുള്ള എല്ലാ പുരസ്‌കാരവും അമേരിക്കക്കാർ നേടി. വെള്ളക്കാരായ താരങ്ങൾ മാത്രമാണ് അഭിനനയവിഭാഗത്തിൽ ഇക്കുറി പുരസ്‌കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ടത്. സംവിധായകപട്ടികയിൽ സ്ത്രീകൾ ഇടംനേടിയതുമില്ല. ഇതിനെതിരെ വ്യാപകവിമർശം ഉയരുന്നുണ്ട്. മികച്ച നടനുള്ളപുരസ്‌കാരം ജോക്കറിലൂടെ നേടിയ ജോക്വിൻ ഫോണിക്‌സ് ഇക്കാര്യം വേദിയിൽ തുറന്നു പ്രഖ്യാപിച്ചു. "കറുത്തവംശജർക്കിവിടെ ഇടമില്ലെന്ന കൃത്യമായ സന്ദേശമാണ് നമ്മൾ നൽകിയത്. സ്ഥാപനവൽക്കരിക്കപ്പെട്ട വംശീയതയും അടിച്ചമർത്തലും ചലച്ചിത്രവേദിയെയും പിന്തുടരുന്നു'- അദ്ദേഹം പറഞ്ഞു.

വൈവിധ്യം നഷ്ടപ്പെടുത്തുന്ന നീക്കം പുതിയകാലത്തിന് ചേരുന്നതല്ലെന്ന് ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആൻഡ്‌ ടെലിവിഷൻ ആർട്‌സ് (ബാഫ്ത) പ്രസിഡന്റ് കൂടിയായ വില്യം രാജകുമാരൻ പറഞ്ഞു. ഈമാസം ഒമ്പതിനാണ് ഓസ്‌കർ പ്രഖ്യാപനം.


പ്രധാന വാർത്തകൾ
 Top