06 December Friday

"അരുവി' വരുന്നു മലയാളത്തിലേക്ക്‌; നിവിൻ പോളിയുടെ നായികയാകും

വെബ് ഡെസ്‌ക്‌Updated: Tuesday Dec 3, 2019

ഒറ്റ സിനിമകൊണ്ട് തെന്നിന്ത്യയുടെ ശ്രദ്ധ അപഹരിച്ച താരമാണ് അദിതി ബാലൻ. 2017ൽ പുറത്തിറങ്ങിയ അരുവി എന്ന തമിഴ്‌‌ചിത്രത്തിൽ എയ്ഡ്‌സ് രോഗിയായ പെൺകുട്ടിയെയാണ് അവതരിപ്പിച്ചത്. സമൂഹത്തിനുമുന്നിൽ തലകുനിച്ചുകൊടുക്കാതെ രോഗത്തോട് ധീരമായി പൊരുതിയ പെൺകുട്ടിയെ അവർ ഗംഭീരമാക്കി. അരുവി പുറത്തിറങ്ങിയതോടെ അദിതിക്ക് പിന്നാലെ സിനിമാക്കാരുടെ നീണ്ട ക്യൂതന്നെ രൂപപ്പെട്ടു. എന്നാൽ, രണ്ടുവർഷമായിട്ടും രണ്ടാംചിത്രത്തിന് അവർ കരാർ ഒപ്പിട്ടിരുന്നില്ല. നിരവധി പ്രമുഖസംവിധായകരുടെ തിരക്കഥകൾ താരം തിരിച്ചുനൽകി. എന്നാൽ, ഇപ്പോഴിതാ അദിതി ബാലന്റെ അടുത്ത ചിത്രം പ്രഖ്യാപിക്കപ്പെട്ടു. തമിഴിൽ അല്ല മലയാളത്തിൽ. യുവതാരം സണ്ണിവെയ്ൻ ആദ്യമായി നിർമിക്കുന്ന പടവെട്ട് എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായാണ് അദിതി തിരിച്ചുവരുന്നത്. കണ്ണൂർ കാഞ്ഞിലേരി എൽപി സ്‌കൂൾ മൈതാനിയിൽ സിനിമയുടെ ചിത്രീകരണത്തിന് തുടക്കമാകും. ഏറെ കാത്തിരിപ്പിനുശേഷം സ്വീകരിച്ച സിനിമ എന്നതുകൊണ്ടുതന്നെ  ശക്തമായ സ്ത്രീകഥാപാത്രമാകും അദിതിക്കായി കാത്തിരിക്കുന്നതെന്ന് പ്രതീക്ഷിക്കാം. മറ്റൊരു മലയാളചിത്രത്തിലും അദിതി കരാറൊപ്പിട്ടെന്ന് റിപ്പോർട്ടുണ്ട്‌.

പുതുമുഖ സംവിധായകൻ ലിജു കൃഷ്ണയാണ് പടവെട്ട് തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്നത്‌. സണ്ണിവെയ്ൻ പ്രൊഡക്‌ഷൻ ആദ്യമായി നിർമിച്ച നാടകം ‘മൊമെന്റ് ജസ്റ്റ് ബിഫോർ ഡെത്ത്‌’ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നാടകം  എഴുതി സംവിധാനം ചെയ്തത്‌ ലിജു കൃഷ്ണ ആയിരുന്നു. ശ്രദ്ധിക്കപ്പെട്ട ഹ്രസ്വചിത്രവും ലിജു ഒരുക്കിയിട്ടുണ്ട്. കണ്ണൂർ മേഖലയിലാണ് പടവെട്ടിന്റെ പ്രധാന ലൊക്കേഷൻ.  ശക്തവും വ്യത്യസ്തവുമായ കഥാപാത്രമായി നിവിൻ പോളി എത്തിയ ഗീതു മോഹൻദാസിന്റെ മൂത്തോന് ശേഷമുള്ള സിനിമയാണിത്. നിവിൻ കരിയറിൽ ഇന്നോളം ചെയ്തിട്ടില്ലാത്ത കഥാപാത്രമാണ് പടവെട്ടിലേതെന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നു. രാജീവ് രവി ചിത്രം തുറമുഖത്തിന്റെ ചിത്രീകരണമാണ് നിവിൻ ഒടുവിൽ പൂർത്തിയാക്കിയത്. വിനീത് ശ്രീനിവാസൻ പ്രണവ് മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിൽ അതിഥിതാരമായും എത്തും.
 


പ്രധാന വാർത്തകൾ
 Top