25 June Tuesday

'സോക്കർ പൂരത്തിന്‌ നടുവിലേക്കിതാ അർജന്റീനയുടെ തിടമ്പേറ്റിയ കൊമ്പൻ'

ഡി കെ അഭിജിത്ത‌്Updated: Saturday Mar 23, 2019

ആന്ദ്രെ എസ്‌കോബാര്‍ സല്‍ഡാറിയാഗ. 27‐ാം വയസ്സില്‍ മനുഷ്യ തിരമാലകൾ ആർത്തിരമ്പുന്ന കളിക്കളത്തോടും ജീവിതത്തോടും വിട പറയേണ്ടിവന്ന ഫുട്‌ബോള്‍ താരം. എല്ലാവര്‍ക്കും ഓര്‍മയുണ്ടാകും എസ്‌കോബാറിന്റെ ശപിക്കപ്പെട്ട ആ സെല്‍ഫ് ഗോള്‍. 1994 ലെ ലോകകപ്പില്‍ സ്വന്തം രാജ്യത്തിന്റെ ഗോള്‍പോസ്റ്റിലേക്ക് ആന്ദ്രെയുടെ കാലില്‍നിന്ന് പിഴച്ചുപോയ പന്ത്. അത് ലോകഫുട്ബാള്‍ ഭൂപടത്തില്‍ നിന്നുതന്നെ കൊളംബിയയെ മായ്ച്ചുകളഞ്ഞു. ഫുട്‌ബോൾ ലഹരിയായ അവിടുത്തെ യുവാക്കൾ എസ്‌കോബാറിനെ വെടിവച്ചുകൊന്നു. കൊളംബിയയിലായാലും ഇരിങ്ങാലക്കുടയിലെ കാട്ടൂർക്കടവിലായാലും ഫുട്‌ബോൾ എന്ന ലഹരി ഒരുപോലെയാണ്‌. വിപിനനെപ്പോലെ, മെഹറിനെപ്പോലെ അർജന്റീന ആരാധകർ ഉണ്ടെങ്കിൽ പറയുകയും വേണ്ട.

2014ൽ ജർമ്മനിയുമായുള്ള ലോകകപ്പ്‌ ഫൈനലിലെ തോൽവിയും, 2018ലെ നൈജീരിയയുമായുള്ള മത്സരവുമെല്ലാം ഓർമ്മയിലിരിക്കുന്ന അർജന്റീന ആരാധകർക്ക്‌ ആസ്വദിക്കാനുള്ള വകയുണ്ട്‌ ആട്‌ 2ന്‌ ശേഷമുള്ള മിഥുൻ മാനുവലിന്റെ സിനിമയിൽ. കാളിദാസിന്റെ വിപിനൻ എന്ന കഥാപാത്രവും, അയാളുടെ ചിന്തയിൽ വരുന്ന എസ്‌കോബാറിന്റെ കഥാപാത്രവും തമ്മിലുള്ള സംഭാഷണത്തിലൂടെയാണ്‌ കാട്ടൂർക്കടവിലെ ലോകകപ്പ്‌ ആവേശം മുന്നോട്ട്‌ പോകുന്നത്‌. ഐശ്വര്യ ലക്ഷ്‌മിയുടെ മെഹർ എന്ന കഥാപാത്രവും ആവേശത്തിനൊപ്പമുണ്ട്‌. കുട്ടിക്കാലം മുതൽ ഒന്നിച്ചുണ്ടായിരുന്നവർ. നായകൻ ഫുട്‌ബോൾ ഭ്രാന്തനായപ്പോൾ നാട്ടിലെ ആക്‌ടീവായ പൊതുപ്രവർത്തകയായും നയിക വളർന്നു. ഇരുവർക്കുമിടയിലുള്ള പ്രണയത്തിന്‌ പശ്‌ചാത്തലമായാണ്‌ ഫ്‌ട്‌ബോൾ ആവേശം നിറഞ്ഞുനിൽക്കുന്നത്‌.

ഫുട്‌ബോളും പ്രണയവും കുടുംബവുമെല്ലാം ഒരുമിച്ച്‌ കൊണ്ടുപോകാൻ കഴിയാതെ ഇരിക്കുന്ന സമയത്താണ്‌ വിപിനന്റെ അടുത്തേക്ക്‌ ആന്ദ്രേ എസ്‌കോബാർ കടന്നുവരുന്നത്‌. രഞ്‌ജിത്തിന്റെ പ്രാഞ്ചിയേട്ടൻ ആൻഡ്‌ ദ സെയിന്റ്‌ എന്ന സിനിമയിലെ പുണ്യാളനുമായി ഇതിന്‌ സാമ്യമുണ്ട്‌. ഉപദേശത്തിനും, ഇൻസ്‌പിരേഷനുമായി കള്ളിമുണ്ടുടുത്തും ബീഡിവലിച്ചും നടക്കുന്ന കൊളംബിയക്കാരൻ എസ്‌കോബാർ രസമുള്ള കഥാപാത്രമാണ്‌.

ഫുട്‌ബോൾ പ്രധാന പ്രമേയമാകുമ്പോഴും പേര്‌ സൂചിപ്പിക്കുന്നപോലെ അർജന്റീന ആരാധകർക്ക്‌ മാത്രം കൂടുതലായി രസിക്കാനുള്ള വകയാണ്‌ കാട്ടൂർക്കടവിലുള്ളത്‌. ഏതൊരു നാട്ടിൻപുറത്തും റിലേറ്റ്‌ ചെയ്യാൻ കഴിയുന്ന ഫുട്‌ബോൾ ആരാധകർ. അർജന്റീനയ്‌ക്ക്‌ ശക്തരായ എതിരാളികളായി ബ്രസീൽ ഫാൻസും, ഒറ്റയ്‌ക്കാണെങ്കിലും CR 7 എന്നത്‌ വികാരമായ പോർച്ചുഗൽ ഫാൻസും, 2014ന്‌ ശേഷം ജർമ്മനി ഫാൻസ്‌ ആയവരും തുടങ്ങി ഫാൻസ്‌ ഗ്രൂപ്പുകൾക്കിടയിൽ സംഭവിക്കുന്ന രസകരമായ സന്ദർഭങ്ങളെല്ലാം നന്നായി അവതരിപ്പിച്ചിട്ടുണ്ട്‌.

അശോകൻ ചരുവിലിന്റെ കഥയ്‌ക്ക്‌ തിരക്കഥ ഒരുക്കിയിരിക്കുന്നത്‌ മിഥുൻ മാനുവലും ജോൺ മന്ത്രിക്കലും ചേർന്നാണ്‌. ഫാൻസ്‌ ക്ലബ്ബുകൾക്ക്‌ അപ്പുറത്തുള്ള വികാരമാണ്‌ ഫുട്‌ബോൾ എന്നത്‌ സിനിമയിലൂടെ കമ്യൂണിക്കേറ്റ്‌ ചെയ്യുന്നില്ല എന്ന്‌ പറയേണ്ടിവരും. ഐശ്വര്യ ലക്ഷ്‌മിയുടെ ബോൾഡായ കഥാപാത്രം ഇതുവരെയുള്ള കഥാപാത്രങ്ങളിൽനിന്ന്‌ വ്യത്യസ്‌തമാണ്‌. ഫുട്‌ബോൾ ആരാധികയും നാട്ടിലെ തീപ്പൊരി സഖാവുമായ മെഹർ എല്ലാവർക്കും ഇഷ്‌ടം തോന്നുന്ന നാട്ടിൻപുറത്തുകാരിയാണ്‌.

രണദിവെയാണ്‌ ക്യാമറ കൈകാര്യം ചെയ്‌തിരിക്കുന്നത്‌. നിറങ്ങൾ വാരിവിതറാത്ത, കൃത്യമായി എന്താണോ ഇന്നത്തെ നാട്ടിൻപുറം എന്നത്‌ അതുപോലെ പകർത്തിയിട്ടുണ്ട്‌ രേണു. അഞ്ച്‌ സുന്ദരികൾ, കോമ്രേഡ്‌ ഇൻ അമേരിക്ക, വിജയ്‌ സൂപ്പറും പൗർണമിയും എന്നീ ചിത്രങ്ങൾക്കുശേഷംചെയ്‌ത സിനിമയാണ്‌ അർജന്റീന. ഗോപി സുന്ദറാണ്‌ സംഗീതം.


പ്രധാന വാർത്തകൾ
 Top