23 April Tuesday

സ്ത്രീവിരുദ്ധത മഹത്വവൽക്കരിക്കുന്നത‌് ആവിഷ്കാര സ്വാതന്ത്ര്യമല്ല: അപര്‍ണ ബാലമുരളി

വെബ് ഡെസ്‌ക്‌Updated: Thursday Feb 7, 2019

തിരുവനന്തപുരം> സിനിമയിൽ സ്ത്രീവിരുദ്ധത മഹത്വവൽക്കരിക്കുന്ന രംഗങ്ങൾ ആവിഷ്ക്കാര സ്വാതന്ത്ര്യമായി  കാണാനാവില്ലെന്ന് നടി അപർണ ബാലമുരളി. സിനിമയിൽ കഥയുടെ ഭാഗമായി സ്ത്രീവിരുദ്ധ രംഗങ്ങൾ ആവശ്യമായി വരും. പക്ഷെ അതിനെ ആഘോഷിക്കുന്ന രീതിയിൽ അവതരിപ്പിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. പ്രസ് ക്ലബിൽ സംഘടിപ്പിച്ച മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അപർണ.

പുരുഷ കേന്ദ്രീകൃത സമൂഹമായതിനാലാവണം സ്ത്രീ വിരുദ്ധത ‌ഇത്രയും ചര്‍ച്ച ചെയ്യുന്നത്. അതിനൊപ്പം തന്നെ എല്ലാ വിഭാഗത്തിനെതിരെയുണ്ടാവുന്ന അതിക്രമങ്ങളും ചെറുക്കണം. സ്ത്രീ വിരുദ്ധതയെ ആഘോഷിക്കുന്ന രീതിയിലുള്ള രംഗങ്ങൾ തന്റെ കഥാപാത്രത്തിന്റെ ഭാഗമായുണ്ടായാൽ അത് തിരുത്തണമെന്ന് ആവശ്യപ്പെടുമെന്നും നടി പറഞ്ഞു.

ഫഹദ് ഫാസില്‍ ചിത്രം മഹേഷിന്റെ പ്രതികാരത്തിലെ ജിംസിയിലൂടെ മലയാള സിനിമയില്‍ ശ്രദ്ധേയ സ്ഥാനം നേ‌ടിയ നടിയാണ് അപര്‍ണ. പിന്നണി ഗായിക കൂടിയായ താരം നായികയായ അള്ള് രാമേന്ദ്രനും തമിഴ് ചിത്രം സര്‍വം താള മയവും ഇപ്പോള്‍ തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. പൃഥ്വിരാജ് ബ്ലെസി ടീമിന്റെ വലിയ പ്രതീക്ഷ ഉയര്‍ത്തുന്ന  ആടുജീവിതത്തിലും പ്രധാന വേഷത്തില്‍ അപര്‍ണയുണ്ട്.

ഉടന്‍ തിയേറ്ററിലെത്തുന്ന കാളിദാസ് ജയറാം നായകനാവുന്ന ജിത്തു ജോസഫ‌് ചിത്രം മിസ്റ്റര്‍ ആന്‍ഡ് മിസിസ‌് റൗഡിയിലും  നായിക വേഷത്തില്‍ അപര്‍ണയാണ്. പൃഥ്വിരാജ് തുടങ്ങിയ സ്ത്രീ വിരുദ്ധത ആഘോഷിക്കുന്ന  സിനിമയുടെ ഭാഗമാവില്ലെന്ന ചര്‍ച്ചയ്ക്ക് പിന്തുണയുമായി കഴിഞ്ഞ ദിവസം തിരക്കഥകൃത്ത് ശ്യാം പുഷ്കറും രംഗത്ത് വന്നിരുന്നു.

തന്റെ രചനകളില്‍ സ്ത്രീ വിരുദ്ധത ആഘോഷമാക്കുന്ന രംഗങ്ങള്‍ ഉണ്ടാവില്ലെന്നാണ് പുതു നിരയിലെ ശ്രദ്ധേയനായ ശ്യാം നിലപാട് സ്വീകരിച്ചത്.  അള്ള് രാമേന്ദ്രൻ സിനിമയുടെ പ്രവർത്തകരായ ആഷിക് ഉസ്മാൻ, കൃഷ്ണ ശങ്കർ, ചാന്ദിനി ശ്രീധരൻ എന്നിവരും മുഖാമുഖത്തിൽ പങ്കെടുത്തു


പ്രധാന വാർത്തകൾ
 Top