20 October Sunday

"ട്രാന്‍സ്' പൊളിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2019

"ട്രാൻസ്' എന്ന സിനിമയ്ക്കുവേണ്ടി കാത്തിരിക്കാൻ സിനിമാപ്രേമികൾക്ക് കാരണങ്ങളേറെയുണ്ട്. അൻവർ റഷീദ് എന്ന പ്രതിഭാശാലിയായ സംവിധായകൻ ഏഴുവർഷത്തെ കാത്തിരിപ്പിനുശേഷം ചെയ്യുന്ന ചിത്രം. ബാംഗ്ലൂർ ഡെയ്‌സിനുശേഷം  ഫഹദ് ഫാസിലും നസ്രിയയും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം. ഫഹദിന്റെ ഏറ്റവും ചെലവേറിയ ചിത്രം. ട്രാൻസ് എന്ന പേരൊഴികെ സിനിമയുടെ പ്രമേയവുമായി ബന്ധപ്പെട്ട എല്ലാവിവരവും അതീവരഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ് സംവിധായകനും കൂട്ടരും. സിനിമാ സെറ്റിലുള്ള ചിത്രംപോലും ഇതുവരെ പുറത്തുവന്നിരുന്നില്ല.  ഓൺലൈനായി സാമൂഹ്യമാധ്യമങ്ങൾവഴി സിനിമയുടെ ആദ്യ പോസ്റ്റർ പുറത്തുവന്നു. ഡിസംബർ 20ന് ചിത്രം റിലീസ് ചെയ്യും. വിഎഫ്എക്‌സ് ജോലികൾ ബാക്കിയുള്ളതിനാണ് സിനിമ  ക്രിസ്മസ് റിലീസിനായി മാറ്റിയത്.


 

അഞ്ജലി മേനോന്റെ തിരക്കഥയിൽ ഒരുക്കിയ ദുൽഖർ സൽമാൻ ചിത്രം ഉസ്താദ് ഹോട്ടൽ (2012) ആണ് അൻവർ റഷീദ് സംവിധാനം ചെയ്ത് അവസാനം ഇറങ്ങിയ പൂർണകഥാചിത്രം. അഞ്ചുസുന്ദരികൾ(2013) എന്ന സിനിമാസമാഹാരത്തിൽ ആമി എന്ന ലഘുചിത്രവും ചെയ്തു. സംവിധാനത്തിൽ കൈവച്ചില്ലെങ്കിലും ബാംഗ്ലൂർ ഡെയ്‌സ്, പ്രേമം, പറവ  തുടങ്ങിയ മികച്ച ചില സിനിമകളിൽ അൻവർ നിർമാണ പങ്കാളിയായി. ഏറെ തയ്യാറെടുപ്പുകളോടെയാണ് ട്രാൻസ് ഒരുങ്ങുന്നത്. 20 കോടിയോളം മുതൽമുടക്കുണ്ടെന്നാണ് റിപ്പോർട്ട്. അൻവർ റഷീദാണ് ചിത്രം നിർമിക്കുന്നത്.

റസൂൽപൂക്കുട്ടി ശബ്ദവിന്യാസം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അമൽനീരദാണ്. തെന്നിന്ത്യൻ സംവിധായകൻ ഗൗതം മേനോൻ, ഹരിശ്രീ അശോകന്റെ മകൻ അർജുൻ അശോകൻ, വിനായകൻ, ബൈജു, സൗബിൻ ഷാഹിർ,  ആഷിക് അബു, ദിലീഷ് പോത്തൻ, ധർമജൻ, അശ്വതി മേനോൻ തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ട്. ഫഹദ് ഫാസിന്റെ കരിയറിലെ ശക്തമായ കഥാപാത്രമായിരിക്കും ട്രാൻസിലേത്. കന്യാകുമാരി തീരമേഖലയിലെ ക്രൈസ്തവ പാതിരിയുടെ വേഷമാണ് ഫഹദിനെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. വിൻസെന്റ് വടക്കൻ ആണ് തിരക്കഥ. 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top