21 September Saturday

സച്ചിക്കും വസുധയ്ക്കും സംഭവിച്ചത് ഞങ്ങളും നേരിട്ടത്‌ : ഇഷ്‌ക്‌ സംവിധായകൻ അനുരാജ്‌ മനോഹർ

ഡി കെ അഭിജിത‌്Updated: Sunday May 26, 2019


ആമേന്‍, ബൈസിക്കിള്‍ തീവ്സ്, ഗ്രാന്‍ഡ് മാസ്റ്റര്‍, സെവന്‍ത്ത് ഡേ, മുദ്ദുഗവു തുടങ്ങിയ സിനിമകളുടെ പിന്നണിയില്‍ അനുരാജ് ഉണ്ടായിരുന്നു. സഹ സംവിധായകനായി, ചീഫ് അസോസിയേറ്റ് ഡയറക്ടറായി... സിനിമമാത്രം ലക്ഷ്യമാക്കി നടന്ന അനുരാജിന് ഒരു പുതുമുഖ സംവിധായകന് കിട്ടാവുന്ന ഏറ്റവും മികച്ച സ്വീകരണമാണ് തിയറ്ററില്‍ ലഭിക്കുന്നത്. 44

 
ഇഷ്‌കിലേക്ക് എത്തുന്നത് എങ്ങനെ?
 
പുള്ളിക്കാരന്‍ സ്റ്റാറാ എന്ന സിനിമയില്‍ ചീഫ് അസോസിയേറ്റായി വര്‍ക്ക് ചെയ്യുമ്പോഴാണ് തിരക്കഥാകൃത്ത് രതീഷ് രവിയെ കാണുന്നത്. സിനിമ ചെയ്യാന്‍ അപ്പോഴേ തയ്യാറെടുപ്പ് തുടങ്ങിയിരുന്നു. പല കഥ കേട്ട് ഏറ്റവും പ്രസക്തമായതെന്ന് തോന്നിയത് ഇഷ്‌കിന്റെ കഥയാണ്. അന്ന് കേട്ട കഥാസന്ദര്‍ഭം ഞാനുമായി, എന്റെ ജീവിതവുമായി എങ്ങനെ ബന്ധപ്പെടുന്നു എന്ന് ആലോചിച്ചാണ് സിനിമയാക്കാമെന്ന് തീരുമാനിച്ചത്. മൂന്നുവര്‍ഷംമുമ്പാണ് ആദ്യ ചര്‍ച്ച.  സദാചാര ഗുണ്ടായിസം വാര്‍ത്തകളില്‍ വന്നുതുടങ്ങുന്ന സമയം. 
അതാണ് എന്റെ ജീവിതവുമായി ബന്ധപ്പെടുന്നതാണ് ഈ കഥ. ഭാര്യ മാധ്യമപ്രവര്‍ത്തകയാണ്. എറണാകുളത്ത് മറൈന്‍ഡ്രൈവില്‍ അത്തരമൊരു ദുരനുഭവം ഞങ്ങള്‍ക്ക് ഉണ്ടായി. ആ അവസ്ഥയില്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ നന്നായി അറിയാം. സിനിമയിലും അത്രയും റിയലായി ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട് എന്നാണ് കരുതുന്നത്. ഏകദേശം സച്ചിക്ക് ഉണ്ടായപോലെ ഒരു അരക്ഷിതബോധം ആയിരുന്നു അപ്പോള്‍. പ്രതികരിക്കാന്‍ ഞങ്ങള്‍ക്ക് പറ്റിയില്ല. കൂടെയുള്ള പെണ്‍കുട്ടിയെയുംകൂട്ടി അവിടെനിന്ന് പോകുക എന്ന വഴിയേയുള്ളൂ. 'അവന് പ്രതികരിച്ചൂടേ, പൊയ്ക്കൂടേ' എന്നൊക്കെ ചോദിക്കാന്‍ എളുപ്പമാണ്. സ്വന്തമായി അത്തരം അനുഭവം വരുമ്പോഴേ അതിന്റെ ബുദ്ധിമുട്ട് മനസ്സിലാകൂ. സിനിമയിലൂടെ അതിന്റെ പ്രതികരണരീതി കാണിക്കണം എന്നാണ് ഉദ്ദേശിച്ചത്. 
 
 
പതിവ് ഹീറോയിസം കാണിക്കാന്‍ കഴിയാത്ത ഒരു കഥാപാത്രമായിരുന്നു ആദ്യം സച്ചി, പിന്നീട് സച്ചിക്ക് ചില മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ട്. പ്രേക്ഷകനെ കൈയടിപ്പിക്കുന്ന പ്രതികരണശെലിയിലേക്ക്, 'ആണത്ത'ത്തിന്റെ ആളായി മാറ്റിയത് എന്തായിരിക്കും?
 
ഏറ്റവും സത്യസന്ധമായ വഴിയില്‍ കഥാപാത്രത്തെ അവതരിപ്പിക്കാനാണ് ശ്രമിച്ചത്. നന്മമാത്രം ചെയ്യുന്ന ഒരാളായി സച്ചിയെ അവതരിപ്പിക്കാതിരുന്നതും അതുകൊണ്ടാണ്. നമുക്കുചുറ്റുമുള്ള ആളാണ് സച്ചി. അയാള്‍ക്ക് ഓരോ ആളോടും പെരുമാറുന്നതിന് ഓരോ രീതി. മറ്റ് പല കഥാപാത്രങ്ങളുടെയും സ്വഭാവം പ്രേക്ഷകര്‍ വിലയിരുത്തട്ടെ എന്ന് കരുതി വിട്ടിട്ടുണ്ട്. അത് മനസ്സിലാക്കിയതായാണ് കരുതുന്നത്.
 
സദാചാര ഗുണ്ടയായി എത്തുന്നവര്‍ക്കും കുടുംബമുണ്ട്. അവരെക്കൂടി ഇതിലേക്ക് എത്തിക്കുന്നത് എന്തിനാണ്. ആല്‍വിനെപ്പോലെയുള്ളവര്‍ സമൂഹത്തില്‍നിന്ന് ഇല്ലാതാകുമെന്ന് കരുതുന്നുണ്ടോ?
 
ഈ സിനിമ ചര്‍ച്ച ചെയ്തതുകൊണ്ടോ പ്രദര്‍ശിപ്പിച്ചതുകൊണ്ടോ സദാചാര ഗുണ്ടായിസം അവസാനിക്കുമെന്ന് കരുതുന്നില്ല. സദാചാര പൊലീസിങ്ങിന് ഇരയാകുന്ന നിരവധിയാളുകള്‍ ഇപ്പോഴും സമൂഹത്തിലുണ്ട്. ആല്‍വിമാര്‍ക്കുള്ള മറുപടിയും സിനിമയില്‍ത്തന്നെയുണ്ട്. സ്വന്തം കുടുംബത്തിന് മുമ്പില്‍വച്ച് അത് നേരിടേണ്ടി വരുമ്പോഴാണ് അയാള്‍ക്ക് അത് പ്രശ്നമായി തോന്നുന്നത്. അപ്പോഴും അയാള്‍ക്ക് മനോഭാവം മാറുന്നില്ല. സദാചാര പൊലീസിങ് ഒരു മാനസികനിലയാണ്.
 
വ്യക്തിത്വമുള്ള നായിക നന്നായി സ്വീകരിക്കപ്പെട്ടു. നായകന്റെ ഹീറോയിസത്തോടെയല്ല സിനിമ അവസാനിക്കുന്നതും.
 
ഒരു സിനിമ നല്ലതാണ്, മറ്റേത് മോശമാണ് എന്ന് ഒരിക്കലും ആധികാരികമായി പറയാന്‍ കഴിയില്ല. നമ്മുടെ കാഴ്ചയില്‍ മോശം വേറൊരാള്‍ക്ക് നല്ലതായിരിക്കും. അവരുടെ മോശം നമുക്ക് നല്ലതാകാം. ആധികാരികമായ ഒരു വിധിയും സിനിമയ്ക്കും ഒരു കലാരൂപത്തിനും ഉണ്ടെന്ന് വിശ്വസിക്കുന്നില്ല.
മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top