19 March Tuesday

തമിഴ‌ിൽ രണ്ടാംവരവിനൊരുങ്ങി അനു സിതാര; ‘അമീറ’യുടെ ഫസ്റ്റ‌് ലുക്ക‌് പോസ‌്റ്റർ പുറത്തിറക്കി

വെബ് ഡെസ്‌ക്‌Updated: Saturday Feb 23, 2019

കൊച്ചി> മലയാളത്തിലെ തിരക്കേറിയ യുവ നായികമാരിൽ ശ്രദ്ധേയയായ അനു സിതാര തമിഴിലേക്ക‌്. ‘അമീറ’ എന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായാണ‌് അനു തമിഴ‌ിൽ രണ്ടാംവരവിന‌് തയ്യാറെടുക്കുന്നത‌്. നടിയുടെ രണ്ടാമത്തെ തമിഴ‌് ചിത്രമാണ‌് ‘അമീറ’. 

അനു സിതാരയെമാത്രം ഉൾപ്പെടുത്തിയുള്ള സിനിമയുടെ ഫസ‌്റ്റ‌് ലുക്ക‌് പോസ‌്റ്റർ പുറത്തിറക്കി. നവാഗതനായ കെ സുബ്രഹ്മണ്യം ആണ‌് സിനിമ സംവിധാനം ചെയ്യുന്നത‌്. നായികാപ്രാധാന്യമുള്ള ചിത്രത്തിൽ ആർ കെ സുരേഷാണ‌് നായകൻ. രാഷ‌്ട്രീയ പ്രവർത്തകൻ സീമാൻ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കും. വിശാൽ ചന്ദ്രശേഖർ സംഗീതസംവിധാനം നിർവഹിക്കുന്ന സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത‌് ചെഴിയനാണ‌്. ചിത്രത്തിന്റെ പൂജ കഴിഞ്ഞദിവസം നടന്നു. തരുൺ ഗോപി സംവിധാനംചെയ‌്ത‌് 2015ൽ പുറത്തിറങ്ങിയ ‘വെറി’യാണ‌് അനു സിതാരയുടെ ആദ്യ തമിഴ‌്ചിത്രം.

സുരേഷ‌് അച്ചൂസ‌് തിരക്കഥയും സംവിധാനവും നിർവഹിച്ച‌് 2013ൽ പുറത്തിറങ്ങിയ പൊട്ടാസ‌് ബോംബിലൂടെ സിനിമയുടെ വെള്ളിവെളിച്ചത്തിലെത്തിയ അനു സിതാര ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ മലയാള സിനിമയിൽ ശ്രദ്ധേയസ്ഥാനമാണ‌് നേടിയത‌്. ഒരു ഇന്ത്യൻ പ്രണയകഥ, ഹാപ്പി വെഡ്ഡിങ‌് തുടങ്ങിയ ചിത്രങ്ങളിൽ ചെറുതെങ്കിലും പ്രേക്ഷകപ്രശംസ നേടിയ വേഷങ്ങളിലും നടി തിളങ്ങി.

2017ൽ രഞ‌്ജിത‌് ശങ്കറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ രാമന്റെ ഏദൻ തോട്ടത്തിൽ കരുത്തുറ്റ നായികയായി പ്രേക്ഷകർ അനു സിതാരയെ കണ്ടു. ക്യാപ‌്റ്റൻ, ഒരു കുപ്രസിദ്ധ പയ്യൻ തുടങ്ങി അടുത്തിടെ അനു സിതാര നായികയായി പുറത്തിറങ്ങിയ സിനിമകളെല്ലാം ഏറെ പ്രേക്ഷകപ്രശംസ നേടിയിരുന്നു.

 


പ്രധാന വാർത്തകൾ
 Top