30 May Saturday

സ്പാനിഷ് മസാല ; സൂപ്പർതാരങ്ങൾ ഒന്നിച്ച് വെള്ളിത്തിരയിൽ എത്തുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Feb 1, 2020

ഹോളിവുഡിൽ സ്വന്തം മേൽവിലാസമുണ്ടാക്കിയ സ്പാനിഷ് താരങ്ങളാണ് അന്റോണിയോ ബെൻഡാരസും പെനലേപ് ക്രൂസും. ഏഴുവർഷത്തിനുശേഷം സ്പാനിഷ് സൂപ്പർതാരങ്ങൾ ഒന്നിച്ച് വെള്ളിത്തിരയിൽ എത്തുന്നു. സിനിമാചിത്രീകരണമാണ് സിനിമയുടെ പ്രമേയം എന്നാണ്‌ റിപ്പോർട്ട്. കൈകാര്യംചെയ്യാൻ പ്രയാസമുള്ള താരമായി ബെൻഡാരസ് എത്തുന്നു. ഭ്രാന്തമായ ആശയങ്ങൾ ഒപ്പിയെടുക്കാൻ വെമ്പൻകൊള്ളുന്ന സംവിധായികയായി പെനലോപ് ക്രൂസും. കോംപറ്റീസ്യ ഒഫിസ്യൽ (ഓഫീഷ്യൽ കോംപറ്റീഷൻ) എന്ന് സിനിമയ്ക്ക് പേരിട്ടു. അർജന്റീനിയൻ സംവിധായകരായ മരിയാനോ കൊഹനും ഗാസ്റ്റൻ ദ്രുപദും ചേർന്നാണ് സംവിധാനം. വിഖ്യാത അർജന്റീനിയൻ നടൻ ഓസ്‌കാർ മർതിനെസ് പ്രധാനവേഷത്തിലുണ്ട്. 


 

ഹോളിവുഡിനെ അമ്പരപ്പിച്ച വിഖ്യാത സ്പാനിഷ് സംവിധായകൻ പെഡ്രോ അൽമദവറിന്റെ പെയ്ൻ ആൻഡ്‌ ഗ്ലോറി ആണ് പെനലോപ് ക്രൂസും ബെൻഡാരസും അഭിനയിച്ച അവസാനചിത്രം. പക്ഷേ ഇവർ ഒന്നിച്ച് വരുന്ന ഒറ്റസീൻ പോലും ചിത്രത്തിലില്ല. മികച്ച രാജ്യാന്തരചിത്രത്തിനായുള്ള ഓസ്‌കർ അന്തിമപട്ടികയിൽ സിനിമ ഇടംപിടിച്ചിട്ടുണ്ട്. വിഖ്യാത ചിത്രകാരൻ പാബ്ലോ പിക്കാസോയെയാണ് ചിത്രത്തിൽ ബെൻഡാരസ് അവതരിപ്പിച്ചത്. കാൻ മേളയിലെ  മികച്ചനടനുള്ള പുരസ്‌കാരം നേടി. മികച്ച നടനുള്ള ഇത്തവണത്തെ ഓസ്‌കർ പട്ടികയിലും അദ്ദേഹമുണ്ട്. മാസ്‌ക് ഓഫ് സോറോ, അസ്സാസിൻസ്, ഫിലാഡൽഫിയ, ഡെസ്‌പേരാഡോ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ബെൻഡാരസ് ഹോളിവുഡിന് പ്രിയപ്പെട്ടവനായത്.

വുമൺ ഓൺ ടോപ് (2000)എന്ന ചിത്രത്തിലൂടെയാണ് പെനലോപ് അമേരിക്കൻ പ്രേക്ഷകർക്ക് പ്രിയങ്കരിയാകുന്നത്. വോൾവർ, നൈൻ എന്നിവയിലൂടെ മികച്ച നടിക്കുള്ള ഓസ്‌കർ നാമനിർദേശം നേടി. വൂഡി അലൻ സിനിമ വിക്കി സ്‌ക്രിസ്റ്റീന ബാഴ്‌സലോണ(2008)യിലൂടെ  മികച്ച സഹനടിക്കുള്ള ഓസ്‌കർ നേടി. ഓസ്‌കർ നേടുന്ന ആദ്യ സ്പാനിഷ് താരമായി അതോടെ അവർ മാറി. ഐ ആം സോ എക്‌സൈറ്റഡ് (2013) ആണ് സ്പാനിഷ് സൂപ്പർതാരങ്ങൾ ഒന്നിച്ച് വെള്ളിത്തിരയിൽ എത്തിയ അവസാനചിത്രം.


പ്രധാന വാർത്തകൾ
 Top