16 February Saturday

സിൽക്ക‌് സ‌്മിതയോട‌് ചെയ‌്തത‌് സണ്ണിയോട‌് ചെയ്യരുത‌്: അഞ്ജലി അമീര്‍

വെബ് ഡെസ്‌ക്‌Updated: Monday Feb 11, 2019

അഞ്ജലി അമീര്‍

മമ്മൂട്ടിയുടെ കൂടെ പേരൻപിൽ പ്രധാനവേഷം ചെയ‌്ത പുതുമുഖ നടി അഞ്ജലി അമീറിന‌് സണ്ണി ലിയോണിനോടുള്ള മലയാളികളുടെ മനോഭാവത്തിൽ കടുത്ത അതൃപ‌്തിയാണ‌്. ഷൂട്ടിങ‌് നടക്കുന്ന സണ്ണിയുടെ ആദ്യ മലയാളചിത്രമായ രംഗീലയുടെ സെറ്റിൽനിന്നുമുള്ള ചിത്രം നടൻ സലീംകുമാർ നവമാധ്യമത്തിൽ പങ്കുവച്ചതിനുകീഴിൽ വന്ന മലയാളി –- കമന്റുകളോടാണ‌് അഞ്ജലി പ്രതികരിച്ചത‌്.

സണ്ണി ലിയോൺ മലയാളത്തിൽ അഭിനയിക്കാനെത്തിയത‌് ഇവിടെ അവർക്കു കിട്ടിയ സ്വീകാര്യതകൊണ്ടാണെന്നും അവരെ ബഹുമാനിക്കണമെന്നും അഞ്ജലി പ്രതികരിച്ചു. "ഈ ഫോട്ടോ കണ്ടപ്പോ ആദ്യം എനിക്ക് ഒരുപാട് സന്തോഷം തോന്നി. മലയാള സിനിമയുടെ വളർച്ചയിൽ അഭിമാനവും. ഈ ഫോട്ടോയുടെ താഴെവന്ന കമന്റുകൾ വായിച്ചപ്പോൾ സത്യത്തിൽ വിഷമമായി. ഒരുപക്ഷെ തരം താഴ്ത്തപ്പെട്ട ഒരു സമൂഹത്തിന്റെ പ്രതിനിധി എന്നുള്ള നിലയിൽ എനിക്ക് പറയാനുള്ളത് അവർ പോൺ സിനിമകളിലും ഹിന്ദി ഐറ്റം സിനിമകളിലും കിട്ടുന്ന പ്രതിഫലത്തിന്റെ  ഇരുപതിലൊരു ശതമാനം മാത്രം കിട്ടുന്ന മലയാളത്തിൽ വന്നഭിനയിക്കുന്നത് അവർക്കിവിടെ കിട്ടുന്ന സ്നേഹവും സ്വീകരണവും സത്യസന്ധമാണെന്ന‌് വിചാരിച്ചിട്ടാണ്.

ആ വിശ്വാസം തകർത്ത് മലയാളികളെയും കേരളത്തെയും ദയവുചെയ്‌ത് പറയിപ്പിക്കല്ലെ. നമ്മൾ സിൽക്ക‌് സ്‌മിത എന്ന നടിയോട് ചെയ്‌തത് തന്നെ ഇവിടെയും ആവർത്തിക്കുന്നത്-–- അഞ്ജലി ഇൻസ‌്റ്റഗ്രാമിൽ കുറിച്ചു.  ദക്ഷിണേന്ത്യൻ സിനിമയിൽ സണ്ണി ലിയോണിന‌് തിളങ്ങുന്ന ഭാവിയുണ്ടാകട്ടെയെന്നും അഞ്ജലി ആശംസിച്ചു. സന്തോഷ‌് നായരാണ‌് രംഗീലയുടെ സംവിധായകൻ. മമ്മൂട്ടി പ്രധാന വേഷം ചെയ്യുന്ന "മധുര രാജ'യിലും സണ്ണി വേഷമിട്ടിട്ടുണ്ട‌്.


പ്രധാന വാർത്തകൾ
 Top