28 September Monday

കൊലയുടെ ലഹരി; ഭയത്തിന്റെ മുൾമുനയിൽ നിർത്തി "അഞ്ചാം പാതിര' - റിവ്യൂ

ഡി കെ അഭിജിത്ത്‌Updated: Monday Jan 13, 2020

ഇൻവെസ്‌റ്റിഗേറ്റീവ്‌ ത്രില്ലർ സിനിമകളിൽ അധികം പരീക്ഷണങ്ങൾ നടത്താത്ത ഇൻഡസ്‌ട്രിയാണ്‌ മലയാളത്തിലേത്‌. കഴിഞ്ഞ കുറച്ച്‌ വർഷങ്ങൾക്കൾക്കിടയിൽ തമിഴ്‌, തെലുങ്ക്‌ സിനിമകളിൽ വലിയ വിജയം നേടിയ ചിത്രങ്ങൾ മിക്കതും കുറ്റാന്വേഷണ ചിത്രങ്ങൾ ആയിരുന്നു. മലയാളത്തിൽ ഉത്തരം, സിബിഐ ഡയറിക്കുറിപ്പ്‌, ജാഗ്രത, സേതുരാമയ്യർ സിബിഐ, മെമ്മറീസ്‌ തുടങ്ങിയ ചിത്രങ്ങളാണ്‌ പൂർണതയുള്ള ഇൻവെസ്‌റ്റിഗേറ്റീവ്‌ ത്രില്ലർ സിനിമകളായി പ്രേക്ഷക മനസ്സുകളിൽ ഉള്ളത്‌. ആ പട്ടികയിലേക്ക്‌ ഒരു ചിത്രം കൂടി ചേർത്തിരിക്കുകയാണ്‌ മിഥുൻ മാനുവേൽ തോമസ്‌ "അഞ്ചാം പാതിര' യിലൂടെ.

ആട്‌ ഒന്ന്‌, രണ്ട്‌ ഭാഗങ്ങൾ, അലമാര, ആൻമരിയ കലിപ്പിലാണ്‌, അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ്‌ തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ മിഥുൻ അഞ്ചാംപാതിര ഷൂട്ട്‌ തുടങ്ങുന്നതിന്‌ മുമ്പേ പറഞ്ഞിരുന്നു. "ഏറ്റവും ഇഷ്‌ടപ്പെട്ട ത്രില്ലർ ജോണറിലേക്ക്‌ ചുവടുവയ്‌ക്കുന്നു'. നാട്ടിൻപുറം പശ്‌ചാത്തലമാകുന്ന കോമഡി സിനിമകൾ മാത്രം തന്നിട്ടുള്ള മിഥുൻ അത്‌ പറഞ്ഞപ്പോൾ പലരും സംശയിച്ചു. സംശയങ്ങളെല്ലാം അസ്ഥാനത്തായിരുന്നുവെന്ന്‌ ക്രാഫ്‌റ്റ്‌ കൊണ്ടാണ്‌ മിഥുൻ മറുപടി പറയുന്നത്‌.

ഏത്‌ ഭാഷയിലുള്ള സിനിമകളും ജോണർ തേടി കാണുന്ന പ്രേക്ഷകർ ഉള്ളിടത്ത്‌ അഞ്ചാം പാതിരയ്‌ക്ക്‌ പല സിനിമകളുടെയും റഫറൻസ്‌ ഫീൽ ചെയ്‌തേക്കാം. കഥപറയുന്ന രീതിയിൽ മലയാളത്തിലെത്തന്നെ "മെമ്മറീസ്‌', തമിഴിൽ 2018ൽ സൂപ്പർഹിറ്റായ രാംകുമാറിന്റെ "രാക്ഷസൻ' തുടങ്ങിയ സിനിമകളോട്‌ പലയിടത്തും സാമ്യമുണ്ട്‌ അഞ്ചാംപാതിരയ്‌ക്ക്‌.

ക്രിമിനൽ സൈക്കോളജിയിൽ ഗവേഷണം നടത്തുന്ന ക്രിമിനോളജിസ്റ് അൻവർ ഹുസ്സൈൻ ആയി കുഞ്ചാക്കോ ബോബന്റെ ഗംഭീര പ്രകടനമാണ്‌ ഉടനീളം. സിനിമയുടെ തിരക്കഥയിലുള്ള ഒതുക്കം അഭിനയത്തിലും ഭദ്രമാക്കി എന്നതാണ്‌ ചാക്കോച്ചനെപ്പറ്റി പറയുമ്പോൾ പ്രധാനം. കുറ്റകൃത്യങ്ങളെപ്പറ്റി അറിയാനുള്ള താൽപര്യവും അന്വേഷണത്വരയും ഉള്ള ഒരാളുടെ ജീവിതവും ഭാവങ്ങളുമെല്ലാം അതിഭാവുകത്വമില്ലാതെ അവതരിപ്പിച്ചിരിക്കുന്നു. . കുഞ്ചാക്കോ ബോബന്‍റെ കരിയറിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നായി അന്‍വര്‍ ഹുസൈനേയും അടയാളപ്പെടുത്താം. രമ്യ നമ്പീശനാണ് ചിത്രത്തിലെ നായിക. ഡിസിപി കാതറിനായി ഉണ്ണിമായ പ്രസാദും എസിപി അനിലായി ജിനു ജോസഫും, ഹാക്കറായി ശ്രീനാഥ്‌ ഭാസിയും മികച്ച പ്രകടനം കാഴ്ച്ചവച്ചിരിക്കുന്നു.

"എന്തിനാണ്‌ ചുറ്റികകൊണ്ട്‌ ആളുകളെ തലക്കടിച്ച്‌ കൊല്ലുന്നത്‌" എന്ന്‌ ഇന്ദ്രസിന്റെ റിപ്പർ രവിയെന്ന കഥാപാത്രത്തോട്‌ ചോദിച്ചുകൊണ്ടാണ്‌ സിനിമ തുടങ്ങുന്നത്‌. 'ചു റ്റികകൊണ്ട് ആള്‍ക്കാരുടെ തലയ്ക്കടിക്കുമ്പോള്‍  തലയോട്ടി പൊളിയുന്നൊരു ശബ്ദം കേള്‍ക്കാം. ഒപ്പം ഒരു നിലവിളിയും. ഈ രണ്ട് ശബ്ദങ്ങളും ചേരുമ്പോള്‍ ഒരു ലഹരി അറിയാതെ എന്നിലേക്ക് കയറും. ആ ലഹരി വീണ്ടും അറിയാനാണ് ഞാന്‍ ആളുകളെ കൊന്നുകൊണ്ടേയിരുന്നത്'. നമ്മൾ തേടാൻ പോകുന്ന സൈക്കോ കില്ലറുടെ സ്വഭാവം എങ്ങനെയായിരിക്കുമെന്ന്‌ ഒറ്റവരിയിലൂടെ ആമുഖം നൽകിയാണ്‌ സിനിമയുടെ തുടക്കം.

കൊച്ചി നഗരത്തിൽ ദുരൂഹസാഹചര്യത്തിൽ പൊലീസുകാരൻ കൊല്ലപ്പെടുന്നതോടെയാണ്‌ സിനിമ യഥാർത്ഥ പേസിലേക്ക്‌ നീങ്ങുന്നത്‌. തിരുവനന്തപുരം കളിയിക്കാവിളയിൽ  നടുറോഡിൽ ഒരു പൊലീസുകാരൻ വെടിയേറ്റു മരിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ ഈ ചിത്രം തിയേറ്ററിൽ എത്തിയെന്നത് യാദൃശ്ചികം മാത്രം. ഒരു പൊലീസ്‌ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടിട്ടും എവിടെ എങ്ങനെ അന്വേഷിക്കണം എന്ന്‌ ധാരണയില്ലാതെ നിൽക്കുന്ന പൊലീസുകാരുടെ ഒപ്പം അൻവറും ചേരുന്നതോടെയാണ്‌ സീരിയൽ കില്ലറെ തേടിയുള്ള യാത്ര തുടങ്ങുന്നത്‌. കണ്ടുപിടിക്കേണ്ടത് ഒരു വിരലടയാളം പോലും ബാക്കി വയ്ക്കാതെ ക്രൂരകൃത്യങ്ങൾ നടത്തുന്ന കുറ്റവാളിയെയും അയാളുടെ ലക്ഷ്യത്തെയും.

നേരിട്ട്‌ യാതൊരു തെളിവും അവശേഷിപ്പിക്കാതെ പോകുന്ന കൊലയാളി മൃതദേഹത്തോടൊപ്പം കണ്ണ് തുറന്നിരിക്കുന്ന ഒരു നീതി ദേവതയുടെ പ്രതിമയും വയ്ക്കുന്നുണ്ട്. പൊലീസിനെയും പ്രേക്ഷകരെയും ഒരേപോലെ വട്ടംകറക്കുകയാണ്‌ സീരിയൽ കില്ലർ.

ഒതുക്കമുള്ളതും ഏച്ചുകെട്ടലില്ലാത്തതുമായ തിരക്കഥയാണ്‌ തന്നെയാണ്‌ അഞ്ചാംപാതിരയുടെ കരുത്ത്‌. തമാശ സിനിമകൾക്ക്‌ ആടിലൂടെ വേറിട്ടൊരു മുഖം നൽകിയ മിഥുൻ മാനുവേൽ കഥ ഏത്‌ മേഖലയിലായാലും ഭംഗിയായി തീർക്കുന്നതാണ്‌ സംവിധാനം എന്ന്‌ ഉറപ്പിക്കുന്നു. നല്ലൊരു സംവിധായകന്‌ സ്ഥിരമായി ജോണർ ഇല്ല എന്ന്‌
തന്നെയാണ്‌ മിഥുനിൽനിന്ന്‌ മനസ്സിലാക്കാനുള്ളത്‌.

കുറ്റാന്വേഷണ സിനിമകളിൽ അഹങ്കാരിയായ ഒരു വനിതാ പൊലീസ്‌ മേധാവിയെ കഥയിൽ ഉൾപ്പെടുത്താൻ ഇന്ത്യൻ ത്രില്ലർ സിനിമകളിൽ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്‌. അത്തരത്തിലൊരു കഥാപാത്രം ഒഴിവാക്കിയതിനും മിഥുനെ അഭിനന്ദിക്കേണ്ടതുണ്ട്‌. ഉണ്ണിമായ പ്രസാദിന്റെ ഡിസിപി കാതറിൻ സാഹചര്യങ്ങൾക്കനുസരിച്ച്‌ ചിന്തിക്കുന്ന, ഇവിടെ കാണാൻ കഴിയുന്ന തരത്തിലുള്ള പൊലീസ്‌ ഉദ്യോഗസ്ഥയാണ്‌. ദിവ്യ ഗോപിനാഥിന്റെ പൊലീസ്‌ കഥാപാത്രവും ആദ്യാവസാനം നിറഞ്ഞ്‌ നിൽക്കുന്നു.

മിഥുൻ ഒഴികെ ചിത്രത്തിലെ അണിയറപ്രവർത്തകർ മിക്കവരും പലസിനിമകളിലായി മുമ്പേ ഒന്നിച്ചിട്ടുള്ള ആളുകളായിരുന്നു എന്നതാണ്‌ മറ്റൊരു പ്രത്യേകത. ഛായാഗ്രഹകൻ ഷൈജു ഖാലിദ്‌, എഡിറ്റർ സൈജു ശ്രീധരൻ, സംഗീതം ചെയ്‌ത സുഷിൻ ശ്യാം തുടങ്ങിയവർ നിരവധി സിനിമകളിൽ അണിയറയിൽ ഒരുമിച്ച്‌ പ്രവർത്തിച്ചവരാണ്‌. സൈജു ശ്രീധരനാണെങ്കിൽ കഴിഞ്ഞ വർഷം ചെയ്‌ത കുമ്പളങ്ങി നൈറ്റ്‌സ്‌, വൈറസ്‌, ആൻഡ്രോയിഡ്‌ കുഞ്ഞപ്പൻ എന്നീ സിനിമകളെല്ലാം ഹിറ്റുകളായിരുന്നു. ഈ ടീം സിനിമയുടെ പെർഫെക്ഷനെ കൃത്യമായി സ്വാധീനിച്ചിട്ടുണ്ട്‌. സുഷിന്റെ പശ്‌ചാത്തലസംഗീതം പ്രേക്ഷകന്റെ തലയ്‌ക്ക്‌ ചുറ്റും ഭീതിനിറച്ച്‌ കിടന്ന്‌ കറങ്ങുകയാണ്‌.

ഇതരഭാഷകളിൽ പരീക്ഷിച്ച്‌ വിജയംകണ്ട ഫോർമുലതന്നെയാണ്‌ മിഥുൻ ഭംഗിയായി മലയാളത്തിൽ എത്തിച്ചിരിക്കുന്നത്‌. തെലുങ്ക്‌, തമിഴ്‌ ത്രില്ലറുകൾ കണ്ട്‌ അത്തരം സിനിമകൾ മലയാളത്തിലും ആഗ്രഹിക്കാത്ത പ്രേക്ഷകർ ഉണ്ടാകില്ല. അതിന്‌ ഒരു അവസാനമായിട്ടല്ല. തുടക്കമായിട്ടാണ്‌ അഞ്ചാംപാതിരയുടെ വരവ്‌. കുറേക്കാലത്തേക്കെങ്കിലും മലയാളം ത്രില്ലർ സിനിമകളുടെ ഗണത്തിൽ മുന്നിൽതന്നെ നിൽക്കും അഞ്ചാം പാതിര.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top