മല്ലിക ഷെറാവത് ബോളിവുഡിനെ ഞെട്ടിച്ചത് ഒന്നരദശകം മുമ്പാണ്. ഇന്ത്യൻ വെള്ളിത്തിരയിലെ മാദകത്വവേഷങ്ങൾക്ക് മല്ലിക പുതിയഭാഷ്യം ചമച്ചു. മർഡർ (2004) എന്ന അനുരാഗ് ബസു ചിത്രത്തിലൂടെയാണ് മല്ലിക എന്ന താരം ജനിച്ചത്. പിന്നീട് അത്തരം വേഷങ്ങളുടെ ഘോഷയാത്രയായിരുന്നു മല്ലികയുടെ അഭിനയജീവിതത്തിൽ. ഹോളിവുഡിലും അവർ സാന്നിധ്യം അറിയിച്ചു. പക്ഷേ, അത്തരം വേഷങ്ങൾ 'വഴങ്ങുന്ന പെണ്ണ്' എന്ന ഇമേജാണ് തനിക്ക് സൃഷ്ടിച്ചതെന്ന് മല്ലിക ഷെറാവത് പറയുന്നു. വെള്ളിത്തിരയിലെ കഥാപാത്രങ്ങളെവച്ച് എന്നെ വിലയിരുത്തരുത്. പിടിഐക്ക് അനുവദിച്ച അഭിമുഖത്തിലാണ് ശക്തമായ സ്ത്രീപക്ഷ നിലപാടുമായി മല്ലിക രംഗത്തുവന്നത്.
'ചെറുവസ്ത്രം ധരിച്ചാൽ, നായകതാരത്തിനൊപ്പം അടുത്തിടപഴകി അഭിനയിച്ചാൽ അത്തരം നടിമാർക്ക് സദാചാരബോധമില്ലെന്ന മുൻധാരണയിലെത്തും സമൂഹം. പുരുഷതാരങ്ങൾക്ക് നടിമാരുടെ ശരീരത്തിൽ സ്പർശിക്കാനുള്ള ലൈസൻസായി അതു മാറും'. ‐ നാൽപ്പത്തൊന്നുകാരിയായ താരം പറഞ്ഞു. 'എനിക്ക് ആത്മാഭിമാനമുണ്ട്. കൊച്ചുവെളുപ്പാൻകാലത്ത് വിളിച്ചുണർത്തി ചില സംവിധായകർ മുറിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അവരെ അനുസരിക്കാത്തതുകൊണ്ട് അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. കരിയറിന്റെ തുടക്കത്തിൽ ഇത്തരം കാര്യങ്ങൾ തുറന്നുപറയാൻ ഞാൻ ഭയന്നു'.
ഹരിയാനയിലെ ഹിസാറിലെ ജാട്ട് കുടുംബത്തിനുള്ളിലെ വൻ പ്രതിസന്ധികളെ അതിജീവിച്ച് സിനിമയിലേക്ക് നടത്തിയ യാത്രയാണ് തനിക്ക് ധൈര്യം സമ്മാനിച്ചതെന്നും നടി പറഞ്ഞു. എന്റെ യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. സമൂഹത്തെക്കുറിച്ചുള്ള ഭയത്തിൽനിന്ന് എല്ലാ സ്ത്രീകളും പുറത്തുവരണമെന്നും തുല്യനീതി നേടിയെടുക്കാനുള്ള സമരത്തിൽ എല്ലാ സ്ത്രീകളും പങ്കാളികളാകണമെന്നും താരം പറയുന്നു.