26 January Tuesday

വിജയ്സേതുപതി ചിത്രത്തിൽനിന്ന‌് അമലയെ എന്തിന് ഒഴിവാക്കി

വെബ് ഡെസ്‌ക്‌Updated: Friday Jun 28, 2019

വിജയ്സേതുപതി നായകനായ ചിത്രത്തിൽനിന്ന‌് നായിക അമലപോളിനെ ഒഴിവാക്കി. സിനിമയോട് സഹകരിക്കാനുള്ള മനോഭാവം പുലർത്താത്തതിനാലാണ് അമലയെ ഒഴിവാക്കേണ്ടിവന്നതെന്നാണ് നിർമാതാവ് രത്നവേൽകുമാറിന്റെ ആരോപണം. പിന്നാലെ തനിക്കു പറയാനുള്ളത് വ്യക്തമാക്കി അമലപോൾ രം​ഗത്തുവന്നു. പ്രിയതാരം വിജയ് സേതുപതിയോടൊപ്പം ആദ്യമായി അഭിനയിക്കാനുള്ള അവസരം നഷ്ടപ്പെട്ടതിലുള്ള ദുഃഖവും സിനിമയുടെ പിന്നണിപ്രവർത്തകരിൽനിന്ന് നേരിട്ട ദുരനുഭവവും വെളിപ്പെടുത്തുന്നതുമാണ് അമലയുടെ ട്വിറ്റർ കുറിപ്പ്. ഊട്ടിയിൽ നല്ല താമസ സൗകര്യമൊരുക്കണമെന്ന‌് ആവശ്യപ്പെട്ടതിന്റെ പേരിലാണ് താൻ ഒഴിവാക്കപ്പെട്ടതെന്ന് നടി പറഞ്ഞു.

മുംബൈയിൽ സിനിമയ്ക്കായുള്ള തയ്യാറെടുപ്പ‌് നടത്തുന്നതിനിടെയാണ് നിർമാതാവിന്റെ സന്ദേശം ലഭിച്ചത്. ഇക്കാര്യം നേരിട്ട് വിളിച്ചുപറയാനുള്ള മാന്യതപോലും കാട്ടിയില്ല. തന്റെ പുതിയ ചിത്രം ആടൈയുടെ ടീസർ പുറത്തുവന്നതാകാം തിരക്കിട്ട ഈ തീരുമാനത്തിനു പിന്നിലെന്നും അമല സൂചിപ്പിച്ചു.

ത്രില്ലർ ​ഗണത്തിൽപെടുന്ന ചിത്രത്തിൽ ഉടുതുണിപോലും നഷ്ടപ്പെടുന്ന നായികയായി അമല എത്തുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ടീസർ. ഈ ചിത്രത്തിലെ തന്റെ കഥാപാത്രത്തോടുള്ള പുരുഷമേധാവിത്വപരമായ മുൻവിധിയാണ് ചന്ദ്രതാര ആർട്സ് പ്രൊഡക‌്ഷന്റെ പെട്ടെന്നുള്ള തീരുമാനത്തിനു പിന്നിൽ.

ടീസർ പുറത്തിറങ്ങിയതോടെ തന്റെ പ്രതിച്ഛായ നഷ്ടപ്പെടുന്നവിധമുള്ള പ്രചാരണം ഓൺലൈൻ വഴിയും അല്ലാതെയും നടക്കുന്നുണ്ടെന്നും നടി ചൂണ്ടിക്കാട്ടി. തമിഴ്നാടിന് നല്ല സിനിമയാണ് വേണ്ടതെന്നും ഏറെ പാരമ്പര്യം പേറുന്ന ചലച്ചിത്രനിർമാണ കമ്പനിയുടെ മാനസികാവസ്ഥയിൽ മാറ്റംവരേണ്ടതുണ്ടെന്നും അവർ പറഞ്ഞു.

ചിത്രീകരണം ആരംഭിച്ച സിനിമയിൽനിന്ന‌് താരത്തെ പുറത്താക്കുമ്പോൾ കഥാപാത്രമാകാൻ വൈകാരികമായി ഏറെ പണിപ്പെട്ട താരത്തിന്റെ മാനസികാവസ്ഥ ആരും മാനിക്കാൻ തയ്യാറായില്ല.

തന്റെ ഈ പ്രതികരണത്തിലൂടെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിജയ് സേതുപതിയെ ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ടുണ്ടാക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും നടി പറഞ്ഞു. വിജയ് സേതുപതിയുടെ ആരാധികയെന്ന നിലയിൽ ചിത്രത്തിൽനിന്ന‌് ഒഴിവാക്കപ്പെട്ടതിൽ ദുഃഖമുണ്ട്. ഭാവിയിൽ ഒന്നിച്ച് അഭിനയിക്കാൻ അവസരം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പറഞ്ഞാണ് അമല കുറിപ്പ് അവസാനിപ്പിക്കുന്നത്.

സം​ഗീതജ്ഞരായ രണ്ടുപേരുടെ തീവ്രമായ പ്രണയവും പ്രണയഭം​ഗവും പ്രമേയമാകുന്ന സിനിമയിൽ അമല പോളിനെ മാറ്റി പകരം തെലുങ്ക്-, തമിഴ് താരം മേഘ ആകാശിനെയാണ് ഉൾപ്പെടുത്തിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top