23 March Saturday

പേടിപ്പിക്കാമെന്നാണ‌് ഇവരുടെ വിചാരം

വെബ് ഡെസ്‌ക്‌Updated: Thursday Oct 25, 2018

മീ ടൂ വെളിപ്പെടുത്തലുമായി തെന്നിന്ത്യൻ നടി അമല പോളും. സംവിധായകൻ സുസി ഗണേശനെതിരെ മീ ടൂ വെളിപ്പെടുത്തൽ നടത്തിയ സംവിധായികയും കവിയുമായ ലീന മണിമേഖലയെ പിന്തുണച്ച അമലയെ സുസിയും ഭാര്യയും ഫോണിൽ വിളിച്ച‌് ആക്ഷേപിച്ചു. ഇതും താരം പങ്കുവച്ചതോടെ തമിഴകത്ത‌് മീടു വിവാദങ്ങൾക്ക‌് ചൂടുപിടിച്ചു. സുസിയിൽനിന്ന‌് മോശം പെരുമാറ്റമുണ്ടായെന്ന ലീനയുടെ ട്വീറ്റിനു മറുപടിയായി തനിക്കത‌് മനസ്സിലാകുമെന്നും സ‌്ത്രീകളെ ഒട്ടും ബഹുമാനിക്കാത്തയാളാണെന്നും അമല ട്വീറ്റ‌് ചെയ‌്തതാണ‌് വിവാദത്തുടക്കം. 

"സുസി സംവിധാനം ചെയ്ത തിരുട്ടുപയലെ 2 വിലെ നായികയായിരുന്നു ഞാൻ. നായികയായിട്ടുകൂടി എനിക്കും മോശം അനുഭവങ്ങളുണ്ടായി. ദ്വയാർഥ പ്രയോഗങ്ങൾ, അശ്ലീലച്ചുവയിൽ സംസാരം,  അർഥം വച്ചുള്ള ഓഫറുകൾ, ആവശ്യമില്ലാതെ ശരീരത്തിൽ സ്പർശിക്കുക. ഇതൊക്കെ  അനുഭവിക്കേണ്ടിവന്നു. മാനസികമായി തളർന്നുപോയി. അതുകൊണ്ടുതന്നെ ലീന പറയുന്നത‌് എനിക്ക‌് മനസ്സിലാകും. തുറന്നുപറയാൻ കാണിച്ച ചങ്കൂറ്റത്തെ  അഭിനന്ദിക്കുന്നു.  ഇക്കൂട്ടർ സ്വന്തം ഭാര്യയെയും മക്കളെയും ഒരു രീതിയിലും തൊഴിലിടങ്ങളിലെ സ്ത്രീകളെ മോശമായ രീതിയിലും കാണുന്നു. ആധിപത്യം സ്ഥാപിക്കാനുള്ള ഏത‌് അവസരവും അവർ ഒഴിവാക്കില്ല'' എന്നായിരുന്നു ലീനയ‌്ക്ക‌് അമലയുടെ മറുപടി.  ഇതിനുപിന്നാലെ സുസിയും ഭാര്യയും അമലയെ ഫോണിൽ വിളിച്ച‌് അധിക്ഷേപിച്ചു. ഈയനുഭവവും അമല ഫെയ‌്സ‌്ബുക്കിൽ പങ്കുവച്ചു:

'ജീവിതത്തിലെ ഞെട്ടിക്കുന്ന സംഭവമാണ് ഇപ്പോൾ ഉണ്ടായത്. എന്റെ ട്വീറ്റുമായി ബന്ധപ്പെട്ട് സുസി ഗണേശനും ഭാര്യയും ഫോണിൽ വിളിച്ചു. അയാളുടെ ഭാര്യയെ ഞാൻ സമാധാനിപ്പിക്കാൻ ശ്രമിച്ചപ്പോൾ സുസി എന്നെ ചീത്തവിളിക്കുകയാണ്. എനിക്ക‌്  അത്ഭുതമായത് ഇതല്ല, ഇയാൾ ഇത് പറയുമ്പോൾ ഭാര്യയായ ഈ സ്ത്രീ ചിരിക്കുകയാണ്. പിന്നീട് ഇവർ രണ്ടുപേരും കൂടി ചേർന്ന് എന്നെ നാണംകെടുത്താൻ തുടങ്ങി. ഇത്തരം ശ്രമങ്ങളിലൂടെ എന്നെ പേടിപ്പിക്കാം എന്നാകും അവരുടെ വിചാരം.'–അമല പോൾ കുറിച്ചു.

2009ൽ നീലത്താമരയിലൂടെ മലയാള സിനിമയിലേക്കെത്തിയ അമല തൊട്ടടുത്ത വർഷം തമിഴിൽ ഹിറ്റുകളുടെ ഭാഗമായി. മൈനയിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും നേടി.  സിന്ധു സമവെളി, ദൈവതിരുമകൾ, തലൈവാ, വേലയില്ലാ പട്ടധാരി, അമ്മാ കണക്ക‌്, തിരുട്ടുപയലേ 2 എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. വിഷ‌്ണുവിനൊപ്പം ഒടുവിൽ ചെയ‌്ത രാച്ചസൻ മെഗാഹിറ്റിലേക്ക‌് കുതിക്കുകയാണ‌്.


പ്രധാന വാർത്തകൾ
 Top