21 February Friday

പർവീൺ ബാബി ആകാന്‍ അമല പോൾ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 21, 2020

ബോളിവുഡ് കണ്ട ഏറ്റവുംവലിയ ഗ്ലാമർതാരമാരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു- പർവീൺ ബാബി. എഴുപതുകളിൽ ഇന്ത്യൻ വിനോദവ്യവസായത്തെ ഇളക്കിമറിച്ച താരം. ഒന്നരദശകം നീണ്ട കരിയറിൽ അമ്പതിലേറെ ചിത്രങ്ങൾ. എഴുപതുകളിൽ ഇന്ത്യൻ സിനിമയിലെ ഏറ്റവും ഉയർന്ന പ്രതിഫലം കൈപ്പറ്റി. വിജയചിത്രങ്ങളേറെയും സൂപ്പർതാരം അമിതാഭ് ബച്ചനൊപ്പം. ഇവർ ഒന്നിച്ചഭിനയിച്ച എട്ടു ചിത്രവും ഹിറ്റായി. ദീവാർ, ഷാൻ, അമർ അക്ബർ ആന്റണി എന്നിവ ഇവയിൽ ചിലത്.

1985 ഓടെ സിനിമ ഉപേക്ഷിച്ച അവരെ 2005 ജനുവരി 22ന് സ്വന്തം വസതിയിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. പ്രിയതാരത്തിന്റെ 15–--ാം ചരമവാർഷികത്തോടനുബന്ധിച്ച് പുതിയ വാർത്തകൾ പുറത്തുവരുന്നു. പർവീൺ ബാബിയുടെ ജീവിതകഥയെ ആധാരമാക്കി വെബ്‌സീരീസ് വരുന്നു. തെന്നിന്ത്യയുടെ ഇഷ്ടതാരമായ മലയാളി അമല പോൾ മുഖ്യവേഷത്തിലെത്തും. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. 70കളിലെ ബോളിവുഡ് നായികയുടെ ജീവിതത്തെക്കുറിച്ച് വെബ്‌സീരീസ് ഒരുക്കുമെന്ന് ബോളിവുഡ് സംവിധായകൻ മഹേഷ് ഭട്ട് ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. മഹേഷ് ഭട്ടുമായി പർവീൺ ബാബി അടുത്തബന്ധം പുലർത്തിയിരുന്നു. അദ്ദേഹത്തിന്റെ വോ ലംഹെ(2006) എന്ന ചിത്രത്തിന് പർവീൺ ബാബിയുടെ ജീവിതകഥയുമായി സാമ്യം ആരോപിക്കപ്പെട്ടിരുന്നു.

അമലയുമായി ബോളിവുഡ് നിർമാതാക്കൾ ചർച്ച നടത്തിയതായി റിപ്പോർട്ടുണ്ട്. ആടൈ ആണ് അവസാനമിറങ്ങിയ അമല പോൾ ചിത്രം. ആടുജീവിതമാണ് മലയാളത്തിൽ ഇനി പുറത്തിറങ്ങാനുള്ളത്. ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ട ഹിന്ദി വെബ്‌സീരീസ് ലസ്റ്റ് സ്റ്റോറീസിന്റെ തെലുങ്ക്‌ റീമേക്കിലും അമല അഭിനയിക്കുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top