21 May Tuesday

തീർന്നില്ല, സ‌്ക്രീനിലെ അത്ഭുതവിളക്ക‌്

വെബ് ഡെസ്‌ക്‌Updated: Wednesday Mar 13, 2019

 

ഒരു സ്വപ്‌നത്തിൽനിന്നുമാത്രം സത്യത്തിലെത്തിച്ചേരാനാകില്ല; ഒട്ടേറെ സ്വപ്‌നങ്ങളിൽകൂടിയേ അതു സാധിക്കൂ

‘‘ഒരു സ്വപ്‌നത്തിൽനിന്നുമാത്രം സത്യത്തിലെത്തിച്ചേരാനാകില്ല; ഒട്ടേറെ സ്വപ്‌നങ്ങളിൽകൂടിയേ അതു സാധിക്കൂ''. ആയിരത്തൊന്നു രാവുകളിലെ ഒരുഭാഗം സിനിമയാക്കി  വിജയിച്ച  സംവിധായകനായ പോളോ പബോലിനി ചിത്രാന്ത്യത്തില്‍ കുറിച്ചിട്ടത് ഈ വരികളാണ‌്. അതേ, ആയിരത്തൊന്നു രാവുകൾ വായിക്കുമ്പോൾ നമ്മൾ ഒട്ടേറെ സ്വപ്‌നവും കണ്ടു. ഒട്ടേറെ സത്യങ്ങളും കണ്ടു. ലോക കഥാ സാഹിത്യത്തിൽ ഏറെ വായിക്കപ്പെട്ട, ഏറെ സിനിമകൾക്ക്‌ വിഷയമാക്കപ്പെട്ട അറബിക്കഥാപരമ്പര വീണ്ടും സിനിമയാകുമ്പോൾ പ്രേക്ഷകർക്ക്‌ ആകാംക്ഷയേറുക സ്വാഭാവികം. ഇന്നത്തെ ഇന്ത്യയിലും ചൈനയിലും ഉൾപ്പെട്ട പല രാജ്യങ്ങളുടെയും അധീശനായ ഷെഹരിയാർ രാജാവിനെ കഥകൾകൊണ്ട് നിലയ‌്ക്കുനിർത്തുന്ന ഷഹ്‌റസാദിന്റെ ഇതിഹാസത്തിലെ ഒരേട‌് ഒരിക്കൽക്കൂടി സിനിമയാക്കുന്നത്‌ വാൾട്‌ ഡിസ്‌നി കമ്പനി. ആയിരത്തൊന്നു രാവുകളിലെ അലാവുദ്ദീനും അത്ഭുതവിളക്കും എന്ന കഥയിൽ  ഡിസ‌്നി മുമ്പ‌്  നിർമിച്ച അനിമേഷൻ സിനിമയുടെ റീമേക്കായ  ‘അലാദി’ന്റെ ട്രെയിലർ യൂട്യൂബിൽ  റിലീസ‌് ചെയ‌്തപ്പോൾത്തന്നെ ഒറ്റദിവസംകൊണ്ട‌് 68 ലക്ഷം പേർ കണ്ടു. രണ്ടു മിനിറ്റിലധികം ദൈർഘ്യമുണ്ട‌് ട്രെയിലറിന‌്.  

കനേഡിയൻ താരം മെന മസേദ‌് അലാവുദ്ദീനായി വേഷമിടുന്നു. ജാസ‌്മിൻ രാജകുമാരിയാകുന്നത‌് നയോമി സ‌്കോട്ട‌്. ഹോള‌ിവുഡ‌് സംവിധായകൻ ഗൈ റിച്ചിയാണ‌് ചിത്രമൊരുക്കുന്നത്‌. എന്നും വ്യത്യസ്ത സിനിമകളും വ്യത്യസ്ത മേക്കിങ് രീതികളുമായി അമ്പരിപ്പിച്ച റിച്ചി  ‘കിങ‌് ആർതർ’ എന്ന ചിത്രത്തിനുശേഷമാണ‌് അറബിക്കഥയുമായെത്തുന്നത‌്. ജോൺ അഗസ‌്തിയുമായി ചേർന്നാണ‌് റിച്ചി തിരക്കഥയൊരുക്കിയത‌്. ഇദ്ദേഹത്തിന്റെ സ്‌നാച്ച്, റിവോൾവർ, ഷെർലക‌് ഹോംസ‌് ചിത്രങ്ങൾക്ക‌് കേരളത്തിലും നിരവധി ആരാധകരുണ്ട‌്.

സമാന്തരമായി വികസിക്കുകയും പിന്നീട് ഒന്നാവുകയും ചെയ്യുന്ന കഥാതന്തുക്കളുള്ള ചിത്രങ്ങൾ ചില മലയാള സനിമകൾ അനുകരിച്ചിട്ടുണ്ടെന്ന വിമർശവും ഉയർന്നിരുന്നു. ഹോളിവുഡ‌് താരം വിൽ സ‌്മിത്താണ‌് അത്ഭുതവിളക്കിലെ ജിന്നായെത്തുന്നത‌്.


പ്രധാന വാർത്തകൾ
 Top