21 September Saturday

ഐശ്വര്യ ലക്ഷ്മി തിരക്കിലാണ്

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2019

അഞ്ചുസിനിമയുടെ പ്രായമേയുള്ളു ഐശ്വര്യ ലക്ഷ്മിക്ക്. എന്നാൽ, അഭിനേത്രി എന്ന നിലയിൽ പ്രതിഭ തെളിയിച്ചുകഴിഞ്ഞു യുവതാരം. വിശാൽ, ധനുഷ് ചിത്രങ്ങളുമായി തമിഴിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് ഐശ്വര്യ.

സുന്ദർ സി സംവിധാനം ചെയ്യുന്ന വിശാൽചിത്രം ആക്‌ഷൻ ചിത്രീകരണം പൂർത്തിയായി. ഐശ്വര്യ നായികയാകുന്ന ചിത്രത്തിൽ തമന്നയും പ്രധാനവേഷത്തിലുണ്ട്. ഐശ്വര്യയുടെ തമിഴ് അരങ്ങേറ്റ ചിത്രമായിരിക്കും ആക്‌ഷൻ. തുർക്കി, ഇസ്താംബുൾ തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ചിത്രീകരണം. സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.

രജനീകാന്തിന്റെ പേട്ട ഒരുക്കിയ കാർത്തിക് സുബ്ബരാജിന്റെ പുതിയ ധനുഷ് ചിത്രത്തെക്കുറിച്ച് ഐശ്വര്യക്ക് പ്രതീക്ഷയേറെയുണ്ട്. ഗ്യാങ്സ്റ്റർ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രം പൂർണമായി ലണ്ടനിൽ ചിത്രീകരിക്കും. ചിത്രീകരണം ഈമാസം ആരംഭിക്കും. സിനിമയുടെ പേര് തീരുമാനിച്ചിട്ടില്ല. തന്റെ ഏറ്റവും പ്രിയപ്പെട്ട തിരക്കഥയാണ് സിനിമയാക്കാന്‍ പോകുന്നതെന്ന് കാര്‍ത്തിക് സുബ്ബരാജ് ട്വിറ്ററില്‍ കുറിച്ചു. പേട്ടയുടെ ചിത്രീകരണത്തിനു മുന്നേതന്നെ ഐശ്വര്യയെ ഈ ചിത്രത്തിലേക്ക് പരി​ഗണിച്ചിരുന്നു.  മായാനദിയിൽ അവസരം ലഭിച്ചതിനു സമാനമായ ആവേശത്തോടെയാണ് ധനുഷ് ചിത്രത്തെ കാത്തിരിക്കുന്നതെന്ന്‌ ഐശ്വര്യ പറഞ്ഞു.


 

പൃഥ്വിരാജ് ചിത്രം ബ്രദേഴ്‌സ് ഡേയിലും ഐശ്വര്യയാണ് നായിക. ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രം അടുത്തമാസം റിലീസ് ചെയ്യും. കലാഭവൻ ഷാജോൺ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രയാഗമാർട്ടിൻ, മഡോണ, മിയ തുടങ്ങിയവരും അഭിനയിക്കുന്നു. തമിഴ്താരം പ്രസന്നയുടെ ആദ്യ മലയാളചിത്രം കൂടിയായിരിക്കും ഇത്.

എംബിബിഎസ് ബിരുദധാരിണിയായ ഐശ്വര്യ പരസ്യരംഗത്തുനിന്നാണ് സിനിമയിൽ എത്തിയത്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള ആയിരുന്നു ആദ്യസിനിമ. എന്നാൽ മായാനദി, വരത്തൻ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം ഐശ്വര്യയെ മലയാളത്തിലെ മുൻനിര നടിമാരുടെ പദവിയിലേക്ക് ഉയർത്തി. സ്ത്രീകേന്ദ്രീകൃത സിനിമകളാണ് ഐശ്വര്യയെ തേടിവരുന്നവയിലേറെയും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top