25 June Tuesday

ജാക്കിന്റെ ജിൽ ആകാൻ "അരുവി' ?

വെബ് ഡെസ്‌ക്‌Updated: Thursday Feb 7, 2019


അരുവി എന്ന ആദ്യ തമിഴ‌്ചിത്രത്തിലൂടെ നിരൂപക പ്രശംസയും പ്രേക്ഷകപ്രീതിയും ഒരുപോലെ പിടിച്ചുപറ്റിയ നടിയാണ‌് അദിതി ബാലൻ. ടൈറ്റിൽറോളിലെ അരുവിയായെത്തി, വിസ‌്മയിപ്പിച്ച പ്രകടനം കാഴ‌്ചവച്ച അദിതി മലയാളത്തിലേക്കെത്തുന്നതായി റിപ്പോർട്ട‌്. 

താൻപോലുമറിയാതെ എയ‌്ഡ‌്സ‌് രോഗിയുടെ രക്തം ഉള്ളിൽകടന്നതിനെ തുടർന്ന‌് രോഗിയായിത്തീർന്ന അരുവി എന്ന കൗമാരക്കാരിയുടെ ആത്മസംഘർഷങ്ങളും നിസ്സഹായതയും ഒറ്റപ്പെടലും അഭിനയിച്ചു ഫലിപ്പിച്ച അദിതിക്ക‌് മികച്ച നടിക്കുള്ള നിരവധി അവാർഡുകളും ലഭിച്ചിരുന്നു. തുടർന്ന‌് താരത്തിന്റെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകർ. അതിനിടെയാണ‌് മലയാളത്തിലേക്കുള്ള രംഗപ്രവേശം.

ഉറുമിക്കുശേഷം  സന്തോഷ‌് ശിവൻ സംവിധാനംചെയ്യുന്ന ജാക്ക‌് ആൻഡ‌് ജിൽ എന്ന ചിത്രത്തിലാണ‌് അദിതി നായികയാകുന്നത‌്. മഞ‌്ജു വാര്യരും ഇതിൽ പ്രധാനവേഷത്തിലെത്തും. ജാക്ക‌് ആൻഡ‌് ജില്ലിൽ കാളിദാസ‌് ജയറാമാണ‌് നായകൻ. മിഥുൻ മാനുവൽ തോമസ‌് ഒരുക്കുന്ന അർജന്റീന ഫാൻസ‌് കാട്ടൂർക്കടവ‌് എന്ന സിനിമയിൽ അഭിനയിക്കുകയാണ‌് കാളിദാസ‌് ഇപ്പോൾ.

ത്രില്ലർ ഗണത്തിൽപെട്ടതായിരിക്കും ജാക്ക‌് ആൻഡ‌് ജിൽ. ചിത്രത്തെ തമിഴിലും മലയാളത്തിലും ഒരുപോലെ റിലീസ‌് ചെയ്യാനാണ‌് നീക്കം. സുരാജ‌് വെഞ്ഞാറമ്മൂട‌്,  സൗബിൻ ഷാഹിർ, നെടുമുടി വേണു, അജു വർഗീസ‌്, ബേസിൽ ജോസഫ‌്, രമേഷ‌് പിഷാരടി എന്നീ താരനിരയുമുണ്ട‌്.  സന്തോഷ് ശിവൻ എന്ന ക്യാമറമാന്റെ ക്യാമറ മാജിക്ക് തന്നെയായിരിക്കും ഈ ചിത്രത്തിന്റെയും ഹൈലൈറ്റ്. ഹോളിവുഡ്-–- -ബോളിവുഡ് സിനിമാ മേഖലകളിലെ പല പ്രമുഖ സാങ്കേതിക വിദഗ്ധരും അണിനിരക്കും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top