12 November Tuesday

മലയാളത്തിന്റെ നിത്യഹരിത നടനം

അനിൽ കുമാർ എ വിUpdated: Wednesday Jun 5, 2019

ജെസി ഡാനിയേൽ പുരസ്കാരം നടി  ഷീലയെ തേടിയെത്തിയതിന്റെ സന്തോഷത്തിലാണ്‌ മലയാള സിനിമാലോകം.  കച്ചവട സിനിമയുടെ താരമൂല്യമുള്ള അഭിനേത്രി മാത്രമായാണ് പലരും അവരെ കണക്കാക്കുന്നത്. പഴയകാല സിനിമകളുടെ വിജയം ഉറപ്പാക്കുന്ന അനിവാര്യതയെന്ന ചിരപരിചിത  സ്ഥാനത്തിനപ്പുറമാണ് ആ സർഗാത്മക വ്യക്തിത്വം. എഴുത്തും വായനയും ഗൗരവബുദ്ധ്യാ വീക്ഷിച്ച, ചിത്രകലയിൽ മൗലികത സൂക്ഷിച്ച ഷീലയെ അർഹിക്കുംവിധം മനസ്സിലാക്കപ്പെട്ടില്ല.

മുഖ്യധാരാ ചലച്ചിത്രത്തിന്റെ പുതിയ പരീക്ഷകർ വിസ്മരിക്കാൻ തുടങ്ങിയ ഘട്ടത്തിൽ  വീണ്ടും മലയാളത്തിൽ അഭിനയിക്കാനെത്തി. 2003ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ““മനസ്സിനക്കരെ’യിലെ   കൊച്ചുത്രേസ്യയായി മികച്ച  തിരിച്ചുവരവ് നടത്തി. തസ്കരവീരൻ, അകലെ, പൊന്മുടി പുഴയോരത്ത്, പതാക, സ്നേഹവീട്, കൊട്ടാരത്തിൽ കുട്ടിഭൂതം, മിസ്റ്റർ മരുമകൻ, ഉത്സാഹകമ്മിറ്റി തുടങ്ങിയവയിൽ ശ്രദ്ധേയ വേഷങ്ങൾ. 2003ൽ തമിഴ് ചിത്രമായ ചന്ദ്രമുഖിയിലും ഭാഗഭാക്കായി.

1962ൽ പുറത്തിറങ്ങിയ പാശമാണ് ആദ്യ  സിനിമ. പതിമൂന്നാം വയസ്സു മുതൽ നാടകങ്ങളിൽ വേഷമിട്ടു. റെയിൽവേ തൊഴിലാളികൾ ഒരുക്കിയ നാടകത്തിൽ പകരക്കാരിയായി അരങ്ങേറ്റം. റെയിൽ ജീവനക്കാരനായ അച്ഛൻ ആന്റണിയുടെ സ്ഥലംമാറ്റത്തിനനുസരിച്ച് കുടുംബവും വിവിധയിടങ്ങളിലേക്ക് പറിച്ചു നടപ്പെട്ടു. അത് ലോകപരിചയവും ഭാഷാ പരിജ്ഞാനവും വിപുലമാക്കി. തൃശൂർ, തിരുച്ചിറപ്പള്ളി, സേലം, ഇടപ്പള്ളി, കോയമ്പത്തൂർ എന്നിവിടങ്ങളിലായിരുന്നു ഷീലയുടെ പ്രാഥമിക വിദ്യാഭ്യാസം.  പി ഭാസ്കരന്റെ ഭാഗ്യജാതകമാണ് മലയാളത്തിൽ ഷീലക്ക് വഴിതുറന്നത്. നായകൻ സത്യൻ. ഇരുന്നൂറിലധികം മലയാള സിനിമകളിലും അമ്പത് തമിഴ് ചിത്രങ്ങളിലും കന്നഡ, തെലുങ്ക്, ഹിന്ദി, ഉർദു സംരംഭങ്ങളിലും വേഷമിട്ടു.

ആകെ അഞ്ഞൂറിനടുത്ത്. യക്ഷഗാനം, ശിഖരങ്ങൾ എന്നിവയുടെ സംവിധായികയുമായി. തമിഴിൽ റീമേക്ക്ചെയ്ത രണ്ടിന്റെയും കഥയും തിരക്കഥയും ഒരുക്കിയതും ഷീല തന്നെ. മമ്മൂട്ടി നായകനായ “ഒന്നു ചിരിക്കൂ’ സിനിമയുടെ  കഥയും ഷീലയുടേതാണ്. നടിക്കുള്ള ആദ്യ സംസ്ഥാന  പുരസ്കാരം നേടിയത് ഷീലയാണ് ‐ 1969ലെ  കള്ളിച്ചെല്ലമ്മയിലൂടെ.    ഒരു പെണ്ണിന്റെ കഥ, ശരശയ്യ, ഉമ്മാച്ചു എന്നിവയിലൂടെ  രണ്ടാം വട്ടം  മികച്ച നടിയായി. 1976ൽ ““അനുഭവ’ത്തിലൂടെ  മൂന്നാം തവണയും ഇതേ അംഗീകാരം.  2004ൽ അകലെയിലെ മാർഗരറ്റ് എന്ന കഥാപാത്രം രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്തു. ഇതേ  പ്രകടനത്തിന്  സ്വഭാവ നടിക്കുള്ള ദേശീയ പുരസ്കാരവും. തമിഴ് ചിത്രങ്ങളായ മഞ്ചൾ കുങ്കുമവും അപ്പാ അമ്മായും നിർമിച്ചത് ഷീലയാണ്.

ചിത്രകലയിലും തന്റേതായ ഇടം വരച്ചുവെച്ചു. നിറങ്ങളുടെ സംയമനപൂർണമായ വിന്യാസത്തിലൂടെയായിരുന്നു അത്. ശീത വർണങ്ങളോടുള്ള ആഭിമുഖ്യം ശ്രദ്ധേയവും. സിനിമാതിരക്കിനിടയിലും എഴുത്തിൽ പിടിച്ചുനിന്നു. ചെറുപ്പത്തിൽ കഥകൾ എഴുതിയിരുന്നു. സിനിമാ മാസികയിലും ചിത്രരമയിലും തമിഴ് പ്രസിദ്ധീകരണങ്ങളിലും വളരെ കഴിഞ്ഞാണ് അവ വെളിച്ചംകണ്ടത്. അതിന്റെ സാക്ഷ്യമാണ് “പത്താമത്തെ ചെക്ക്’ നോവലും, “ഒരു നോവലും മൂന്നു കഥകളും’ സമാഹാരവും “കുയിലിന്റെ കൂട’് നോവലും. നടിയുടെ വീട്ടിലെ കസേര പറഞ്ഞത്, മഞ്ഞുതുള്ളി, തിരകൾ തീരത്തിന് സ്വന്തമല്ല കഥകളുമാണ് സമാഹാരത്തിൽ.

നമ്മുടെ വെള്ളിത്തിരയിലെ നിത്യഹരിത നായകനായി ഒരു തലമുറ കൊണ്ടാടിയത് നസീറിനെയായിരുന്നെങ്കിൽ  നിത്യഹരിത നായിക ഷീലയാണ്. മലയാളപ്രേക്ഷകരുടെ മനംകവർന്ന പ്രണയജോഡികളായിരുന്നു ഇരുവരും.
അവർ നായികാ നായകന്മാരായി 130 സിനിമകളിൽ ഒരുമിച്ചു. ഒരേ നായകനടനൊപ്പം ഏറ്റവും കൂടുതൽ സിനിമകളിൽ  നായികയായതിനുള്ള ഗിന്നസ് ലോക റെക്കോർഡിന് ഉടമയുമായി  ഷീല.


പ്രധാന വാർത്തകൾ
 Top