26 August Monday

ഭിന്നിപ്പിക്കാന്‍ നോക്കേണ്ട നമ്മള്‍ ഒന്ന്

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2019

വീണ്ടും പ്രളയദുരന്തം നേരിടുമ്പോൾ കേരളം കൈകോർത്ത് നിൽക്കുകയാണ്; അതിജീവനപാതയൊരുക്കാൻ. എന്നാൽ, ദുരന്തമുഖത്തും ഭിന്നിപ്പുണ്ടാക്കി ആനന്ദം കണ്ടെത്തുന്നവരുണ്ട്. ഒട്ടേറെ സൈബർ ആക്രമണങ്ങൾക്കിരയായ ചലച്ചിത്രനടി പാർവതിയുടെ പേരിലാണ് പുതിയ തട്ടിപ്പ്‌. അതിനെതിരെ നേരിട്ട് രംഗത്തുവന്നിരിക്കുകയാണ് നടി.

തെക്കൻ കേരളത്തെ പ്രളയം ബാധിച്ചപ്പോൾ വയനാട്ടുകാർ സഹായിക്കാൻ എത്തിയകാര്യം മറക്കരുതെന്ന് ഉദ്‌ബോധിപ്പിക്കുന്ന ഫെയ്‌സ്ബുക്ക് സന്ദേശം പാർവതിയുടെ പേരിൽ കഴിഞ്ഞദിവസം പ്രചരിച്ചു.  തന്റെപേരിലുള്ള വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടിൽ നിന്നാണ് പോസ്റ്റ് വന്നിരിക്കുന്നതെന്ന് വെളിപ്പെടുത്തി പാർവതി രംഗത്തെത്തി. വ്യാജ സന്ദേശങ്ങളും വാർത്തകളും പ്രചരിപ്പിക്കാതെ സോഷ്യൽ മീഡിയയെ നല്ല രീതിയിൽ ഉപയോഗിച്ച്‌ രക്ഷാപ്രവർത്തനങ്ങൾക്ക് പിന്തുണ നൽകണമെന്ന് പാർവതി തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ ആവശ്യപ്പെട്ടു.

പാർവതിയുടെ കുറിപ്പ്  ഇങ്ങനെ-:
"നമ്മുടെ നാട് വീണ്ടും ഒരു പേമാരിയെയും പ്രളയത്തെയും ഒറ്റക്കെട്ടായിനിന്ന് അതിജീവിക്കാൻ ശ്രമിക്കുകയാണ്. ഇതിനിടയിലാണ് എന്റേത് എന്ന പേരിൽ ഒരു വ്യാജ പ്രൊഫൈൽ ഈ അവസരത്തിൽ തെറ്റിദ്ധാരണ ജനിപ്പിക്കുന്നതും ആളുകൾക്കിടയിൽ ഭിന്നതയും ദൂരങ്ങളും സൃഷ്ടിക്കുന്നതുമായ പോസ്റ്റുകൾ ഇടുന്നത് ശ്രദ്ധയിൽ പെട്ടത്. ഇതറിഞ്ഞയുടനെ പ്രസ്തുത പേജുമായി ഞങ്ങൾ ബന്ധപ്പെട്ടെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല. കേരളത്തെതന്നെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള നിരുത്തരവാദപരമായ പോസ്റ്റുകൾ കണ്ടതിനാലാണ് ഇങ്ങനെ ഒരു കുറിപ്പ്. നമുക്ക് ദയവായി തെറ്റായതും വ്യാജമായതും ആയ സന്ദേശങ്ങളും വാർത്തകളും പ്രചരിപ്പിക്കാതെ ഇരിക്കാം. സോഷ്യൽ മീഡിയയെ നല്ല രീതിയിൽ ഉപയോഗിച്ച്‌ രക്ഷാപ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാം. അതിജീവിക്കാം ഒരിക്കൽക്കൂടി. ഒരുമിച്ച് ’

ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് പരമാവധി സഹായം എത്തിച്ചുനൽകാൻ അഭ്യർഥിച്ച് യുവചലച്ചിത്രതാരങ്ങൾ സമൂഹ്യമാധ്യമങ്ങളിലും അല്ലാതെയും സജീവമാണ്. ഓരോ ജില്ലയിലും ആവശ്യമുള്ള സാധനങ്ങളെക്കുറിച്ചുള്ള അധികൃതരുടെ അഭ്യർഥന നിവിൻ  പോളി തന്റെ സമൂഹ്യമാധ്യമ പേജുകളിൽ പങ്കുവയ്ക്കന്നുണ്ട്.

തിരുവനന്തപുരം പ്രസ്‌ക്ലബ്ബിൽ കളക്‌ഷൻ കേന്ദ്രം തുറന്നതിന്റെ അഭ്യർഥനയും നിവിൻ പോളി ഫെയ്‌സ്ബുക്കിൽ പങ്കുവച്ചു. ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ് തുടങ്ങിയവരും സമാനമായ അഭ്യർഥന നടത്തുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top