23 January Thursday

ആടെെ: സധെെര്യം കാമിനി- റിവ്യൂ

കെ എ നിധിൻ നാഥ്‌Updated: Saturday Jul 20, 2019

(സ്പോയിലർ അലർട്ട്)

പട്ട് സാരി ഉടുത്ത്, നിറയെ ആഭരങ്ങളിട്ട് ക്ഷേത്രത്തിൽ നിൽക്കുന്ന തമിഴ് പെണ്ണ് ഒരു മോശംസ്വപ്നമമായി കാണുന്ന സ്ത്രീയാണ് കാമിനി(അമല പോൾ).നല്ല പെൺകുട്ടി ഇങ്ങനെയൊക്കെയായിരിക്കുമെന്ന സമൂഹത്തിന്റെ അളവുകോലിന് പുറത്ത് നിൽക്കുന്ന കഥാപാത്രം. അവളുടെ ലോകമാണ് ആടെെ. രത്നകുമാർ ഒരുക്കിയ സിനിമയ നിലവിലെ സിനിമയുടെ പരമ്പരാഗത ചിന്താഗതികളെ മുഴുവൻപൊളിച്ച് കളയുന്ന ഒന്നാണ്. സ്വതന്ത്ര്യ കൊടിയെന്ന പേരിൽ മാത്രം സ്വാതന്ത്യം പോരെന്ന് പറഞ്ഞ് തൻെറ പേര് കാമിനിയെന്ന് മാറ്റിയതാണ് മാധ്യമ പ്രവർത്തകയായ കഥാപാത്രം.

പ്രേക്ഷകന് ട്രെെയിലറിലൂടെയും മറ്റുമായി ലഭിച്ച സിനിമയെക്കുറിച്ചുള്ള മുൻ ധാരണകളെ മൊത്തം മാറ്റിയെടുക്കാൻ തക്ക ശക്തമായ രംഗത്തിലൂടെയാണ് സിനിമയുടെ തുടക്കം. ക്രെെം  ത്രില്ലറെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ആദ്യ രംഗങ്ങൾ. ഇന്ന് ചാനലുകളിൽ സുപരിചിതമായ ആളുകളെ വിഡ്ഢി‌യാക്കുന്ന തമാശ പരിപാടിയുടെ ഭാഗമാണ് കാമിനി. അതിന്റെ ചിത്രീകരണത്തിലൂടെയാണ് സിനിമയിലേയ്ക്ക് സംവിധായകൻ കടക്കുന്നത്. കാമിനിയെ ചുറ്റിയുള്ള കഥാപാത്രങ്ങളെ ഇതിലൂടെ സിനിമ പരിചയപ്പെടുത്തുന്നത്.'തന്നോട് പ്രണയം പറഞ്ഞ സഹപ്രവർത്തകനോട് കാമിനി നോ പറഞ്ഞപ്പോൾ അയാൾ ചോദിക്കുന്നത്
നീ എന്തിനാണ് മറ്റുള്ളവരുടെ ബൈക്ക് കയറാതെ എന്റെ ബൈക്കിൽ കയറുന്നത് - അത് പ്രണയമല്ലേ?
കാമിനി: - അത് നിന്നെ ഇഷ്ടമായിട്ടല്ല, നിന്റെ ബൈക്കിനോടുള്ള ഇഷ്ടമാണ്
അയാൾ: അപ്പൊ എന്റെ പ്ലേറ്റിൽ നിന്ന് കൈയിട്ട് ദോശ കഴിച്ചതോ?
കാമിനി - അത് നല്ല വിശപ്പുണ്ടായിരുന്നു, എന്റെ ഭക്ഷണത്തിന് മുൻപ് നിൻെറ ഫുഡ് വന്നിട്ടുണ്ടാവും'

ഇങ്ങനെയാണ് രത്നകുമാർ തന്റെ കേന്ദ്ര കഥാപാത്രമായ കാമിനിയെ അവതരിപ്പിക്കുന്നത്. അതിനാൽ തന്നെ സാഡിസ്റ്റെന്നാണ് കാമിനിയെ സഹപ്രവർത്തകൻ പരിചയപ്പെടുത്തുന്നത്. മറ്റൊരാൾ ഫെമിനിസ്റ്റ് എന്നും. എന്തിനോടും തൻെറ നിലപാട് വെട്ടിതുറന്ന് പറയുന്ന സ്ത്രീ ആൺ വർഗത്തിന് എന്നും അങ്ങനെയാണെന്ന യാഥാര്‍ഥ്യത്തെ സിനിമ പലയിടതിലും വിമർശനമായി ഉന്നയിക്കുന്നുണ്ട്. ട്രെയിലറിലെ അമല പോൾ നഗ്നയായി ഇരിക്കുന്ന ഒറ്റ രംഗം കണ്ട് സിനിമയ്ക്കെതിരെ രംഗത്ത് വന്നവരും ആ രംഗം കണ്ട് തിയേറ്ററിലേയ്ക്ക് ഓടണമെന്ന് സോഷ്യൽ മീഡയിയിൽ കീ ബോർഡ് അമർത്തിയവർക്കും സിനിമ സംസാരിക്കുന്ന വിഷയം കനത്ത പ്രഹരമാണ്.

കാമിനിയുടെ ജീവിതത്തിലൂടെ മുന്നോട്ട് പോകുമ്പോൾ, സിനിമയുടെ താളത്തെ ബാധിക്കാതെ സാമൂഹിക രാഷ്ട്രീയ വിഷയങ്ങൾ കൃത്യമായി സംസാരിക്കുന്നുണ്ട്. ഒരു രാത്രിയിൽ ചായ കടയുടെ മുന്നിൽവെച്ച് കാമിനിയും ആൺ സുഹൃത്തും തമ്മിൽ വഴക്കുണ്ടാവുന്നു. വാക്കേറ്റമാവുന്നു. അപ്പോൾ അതിൽ ഇടപ്പെടുന്ന ചായ കടക്കാരൻ  കാമിനിയോട് മരാദ്യയ്ക്ക് സംസാരിക്കണമെന്ന് പറഞ്ഞ് ഡീ എന്ന് വിളിക്കുന്നുണ്ട്. അതിനെതിരെ കാമിനി പ്രതികരിക്കുന്നത്. ഡീ എന്ന് വിളിക്കാൻ നീയാരഡാ എന്നാണ്. അപ്പോൾ ചായകടക്കാരൻ പറയുന്നത്. എന്നോട് ബഹുമാനത്തോടെ സംസാരിക്കണം. ഞാൻ നാളെ സിഎം(മുഖ്യമന്ത്രി) ആവും പിന്നെ പിഎം(പ്രധാനമന്ത്രി) ആവുമെന്നാണ്.

കാമിനിയുടെ പിറന്നാൾ ആഘോഷിക്കാൻ കൂട്ടുകാർ ഒരു ഒഴിഞ്ഞ കെട്ടിടത്തിൽ ഒത്ത് കൂടുന്നു. തുടർന്ന് ആ കെട്ടിടത്തിൽ കാമിനി നഗ്നയായി ഒറ്റപ്പെട്ട് പോകുന്നു. തുടർന്ന് ഉണ്ടാവുന്ന സംഭവങ്ങളാണ് സിനിമ. ഈ രംഗങ്ങളിലെ സിനിമയുടെ മേക്കിങ് മികവ് എടുത്ത് പറയേണ്ട ഒന്നാണ്.! ഒപ്പം ഇത്തരം രംഗങ്ങളെ ലെെംഗീകതയെ മുന്‍ നിര്‍ത്തിയല്ലാതെ സിനിമയാക്കാൻ കാണിച്ച ധെെര്യത്തിന്  കെെയടിച്ചേ മതിയാവൂ. ഒരു കെട്ടിടത്തിനുള്ളിൽ കാമിനിയിലേയ്ക്ക് മാത്രമായി ചുരുങ്ങുന്ന രണ്ടാം പകുതിയിൽ അമല പോളിന്റെ പ്രകടനത്തിനൊപ്പം ശ്രദ്ധേമാവുന്നത് വിജയ് കാർത്തിക് കണ്ണന്റെ ഛായാഗ്രഹകണമാണ്. ഒരേ ഇടത്ത് ഒരാളിൽ മാത്രമായി സിനിമ നിൽക്കുമ്പോഴും രംഗങ്ങളുടെ ആവർത്തനമില്ലാതെ  സിനിമയുടെ  ത്രില്ലർ സ്വഭാവം നിലനിർത്തുന്നത് ക്യാമറ പരിചരണമാണ്.

പ്രദീപ് കുമാറും ഉൗർക്കാ ബാന്റും ചേർന്ന് കെെകാര്യം ചെയ്ത സംഗീത വിഭാഗവും സിനിമയോട് ചേർന്ന് നിൽക്കുന്നതാണ്. പശ്ചാത്തല സംഗീതത്തിന്റെ മികവും എടുത്ത് പറയേണ്ടതാണ്. സിനിമയുടെ പലതരത്തിലുള്ള ഷേഡുകളെയും അതിന് അനുയോജമ്യമായ രീതിയിലാണ് ഛായാഗ്രഹണവും സംഗീതവും.
തിരുവതാകൂറിൽ നില നിന്നിരുന്ന മുലക്കരവും അതിനെതിരെ നങ്ങേലി നടത്തിയ ഐതിഹാസിക സമരവുമാണ് സിനിമയുടെ ടെെറ്റിൽ കാർഡ്. ശക്തമായ രാഷ്ട്രീയം പറയാനുറച്ചാണ് രത്ന കുമാർ അമല പോളിനൊപ്പം എത്തുന്നതെന്നതിന് സൂചന അവിടെ നിന്ന് മുതല്‍ പ്രേക്ഷകന് നൽകുന്നുണ്ട്. സ്ത്രീയുടെ ശരീരത്തിലേയ്ക്കുള്ള കടന്ന് കയറ്റങ്ങളെ കുറിച്ച് സിനിമയുടെ രണ്ട് രംഗങ്ങൾ ശക്തമായ ആവിഷ്കാരമായി നിലനിൽക്കുന്നുണ്ട്. സിനിമയുടെ സാമൂഹ തലം കൂടി ചർച്ചയാക്കാൻ കഴിയുന്നത്ര ശക്തമായാണ് ആ രംഗങ്ങൾ.

നഗ്നയായി ഉപേക്ഷിക്കപ്പെടുന്ന കാമിനി കെട്ടിടത്തിൽ നിന്ന് ഇറങ്ങി വരുമ്പോൾ ശരീരത്തിൽ ആകെ ധരിക്കുന്നത് ടിഷ്യു പേപ്പറും അതിന് മുകളിൽപൊലീസ് കെട്ടിവെയ്ക്കുന്ന അതിക്രമിച്ച് കടക്കരുതെന്ന സന്ദേശം നൽകുന്ന DO NOT CROSS  ടേപ്പാണ്.  കാമിനി രക്ഷപ്പെടാനുള്ള വഴി തേടുന്നത് ശരീരത്തിൽ കാഴ്ചകാരന് നേരെ തിരിച്ച ഒരു കണ്ണാടി പിടിച്ച് കൊണ്ടാണ്. അപ്പുറത്തെ കെട്ടിടത്തിൽ നിന്ന് ഒരാൾ നോക്കുന്ന ഒരു രംഗമുണ്ട്. മൊബെെൽ ക്യാമറ സൂ ചെയ്ത് നോക്കുന്ന ആ രംഗം, യഥാർഥ്യത്തിൽ കാഴ്ചകാരനെയാണ് ആ ഒളിഞ്ഞ് നോട്ടത്തിൽ പ്രതിഫലിക്കുന്നത്.അമല പോളിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമ ശ്രമമാണ് ആടെെ. ധീരമായ സിനിമ ഇടപെടലാണ് യാഥാർഥ്യമാണ്. പരീക്ഷമെന്നതിനപ്പുറത്തേയ്ക്ക് എല്ലാ രീതിയിലും കൃത്യതയോടെ ഒരുക്കിയ സിനിമ തന്നെയാണ് ആടെെ. അമല പോളിന്റെ കരിയറിലെ മികച്ച പ്രകടനമാണ് കാമിനി. സിനിമ ഏറ്റെടുത്ത ധെെര്യത്തിനൊപ്പം അതിനെ മികച്ചതായി അവതരിപ്പിക്കുകയും ചെയ്തു.റേറ്റിങിന് പിറകെ പോകുന്ന ചാനൽ ലോകത്തിന്റെ അപജയങ്ങളെ ചർച്ചയാക്കുന്നു. ഒരു പക്ഷെ തമിഴ് സിനിമയിൽ ആരും ധെെര്യം കാണിക്കാത്ത ബിംബങ്ങളെ വരെ വിമർശനത്തിന് വിധേയമാക്കുന്നുണ്ട്.

വെെരമുത്തുവിനെതിരെയുണ്ടായ മീടുവും ഇളയരാജയുടെ റോയൽട്ടി വാദവുമെല്ലാം സിനിമയുടെ വിഷയത്തിനെ ബാധിക്കാതെ തന്നെ വിമർശിക്കുന്നുണ്ട്. രജനികാന്തിന്റെ പാ രജ്ഞിത് ചിത്രം കാലയ്ക്ക് സംഭവിച്ചത് പോലെ സംസാരിച്ച വിഷയങ്ങളുടെ എണ്ണത്തിലെ അതി പ്രസരം(political overload) ഇവിടെയും ഉണ്ടാകുന്നുണ്ട്.

ആടെെ ഒരു അതിഭംഗീര സിനിമ പരിശ്രമമാണ്. അത് വിജയിക്കുകയും ചെയ്തിട്ടുണ്ട്. പറയേണ്ട വിഷയങ്ങളെ അതിന്റെ തീവ്രതയോടെ കാമിനിയുടെ ലോകത്തിലൂടെ അവതരിപ്പിച്ചിട്ടുണ്ട്. അമല പോളിലെ നടിയുടെ മടങ്ങി വരവ് ഉജ്വലമായി സിനിമ സാധ്യമാക്കുന്നുണ്ട്. അതിൽ മാത്രമായി ഒതുങ്ങാതെ തമിഴ് സിനിമയുടെ വളർച്ചയുടെ കൂടി അടയാളമായി ആടെെ ഉയരും. അമല പോൾ തന്റെ സിനിമ കാഴ്ചപ്പാടിനെക്കുറിച്ച് പറഞ്ഞത് ഹീറോസ് ആൻഡ് ബിഗ് നെയിംസ് ഡോണ്ട് സേവ് സിനിമ എന്നാണ്. നമ്മൾ കറുപ്പിനെയും വെളുപ്പിനെയും കുറിച്ച് സംസാരിക്കുന്നു, എന്നാൽ ഇറ്റ്സ് ഗ്രേ എന്നാണ് ആടെെയെ റിലീസിന് മുൻപ് അമല പരിച്ചയപ്പെടുത്തിയത്.

ശാപവാക്കുകളും ലൈംഗികാധിക്ഷേപങ്ങളും വ്യക്തിഹത്യയും സ്ത്രീവിരുദ്ധതയും കെഡിഎം പ്രതിസന്ധിയും കടന്നാണ് ചിത്രം തിയേറ്ററിലെത്തിയത്. വേട്ടയാടുന്ന നായകളെ അടിച്ചോടിക്കുന്ന കാമിനിയുണ്ട് ആടെെയിൽ, അത് പോലെ തന്നെ സമൂഹത്തിൽ തനിക്കെതിരെ നടക്കുന്ന വേട്ടകളെ സിനിമ കൊണ്ട് നേരിടുമെന്ന അമലപോളിന്റെ പ്രഖ്യാപനമാണ് ആടെെ.  സിനിമയിലെ കാമിനിയുടെ ലോകെ പോലെ സധ്യെെര്യമായ ഒരു സിനിമ.


പ്രധാന വാർത്തകൾ
 Top