19 November Tuesday

എ ആര്‍ റഹ്മാന്‍ വീണ്ടും മലയാളത്തിലേക്ക്

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2019

ഓസ്‌കർ ജേതാവ് എ ആർ റഹ്മാൻ 27 വർഷത്തിനുശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്നു. ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിനുവേണ്ടി അദ്ദേഹം സംഗീതം ഒരുക്കും.  ആദ്യഗാനം ആലപിക്കുന്നത്‌ വിജയ് യേശുദാസാണ്‌. പ്രമുഖ തമിഴ് ഗായിക ചിന്മയി നേരത്തെ ഒരു ഗാനം റെക്കോർഡ് ചെയ്തിരുന്നു. സിനിമയുടെ പശ്ചാത്തല സംഗീതവും റഹ്മാൻ ഒരുക്കും.

യോദ്ധ(1992)യാണ് എ ആർ റഹ്മാൻ സംഗീതസംവിധാനം നിർവഹിച്ച ആദ്യമലയാളചിത്രം. യോദ്ധയിലെ എല്ലാഗാനവും ഹിറ്റായി. തമിഴിൽ അദ്ദേഹം അരങ്ങേറ്റം കുറിച്ച മണിരത്‌നം ചിത്രം റോജയും ഈ സമയത്താണ് പുറത്തുവന്നത്.  റഹ്മാന്റെ വിജയയാത്ര ആരംഭിക്കുന്നത് ഈ ചിത്രങ്ങളിലൂടെയാണ്. 


 

ബെന്യാമിന്റെ ശ്രദ്ധേയ നോവലിന്റെ ചലച്ചിത്രാവിഷ്‌കാരത്തിൽ പൃഥ്വിരാജ് കേന്ദ്രകഥാപാത്രമാകും. നജീബ് എന്ന യുവാവിന്റെ ദാരുണമായ പ്രവാസജീവിതമാണ് പ്രമേയം. ബ്ലസിയുടെയും പൃഥ്വിരാജിന്റെയും കരിയറിലെ ഏറ്റവും നിർണായക ചിത്രമായിരിക്കുമിത്. നോവലിനോട് പൂർണമായും നീതിപുലർത്തുന്നതായിരിക്കും സിനിമയെന്ന് ബ്ലസി പറഞ്ഞു. രണ്ടുവർഷമെങ്കിലും സിനിമയുടെ ചിത്രീകരണം നീളുമെന്നാണ് റിപ്പോർട്ട്.

പട്ടിണിക്കോലമായി മാറുന്ന നജീബിനേയും ഗൽഫിലേക്ക് പുറപ്പെടും മുമ്പുള്ള നജീബിനേയും അവതരിപ്പിക്കാൻ പൃഥ്വി ശാരീരികമായ വലിയ മാറ്റം വരുത്തേണ്ടതുണ്ട്. ഇതിനുള്ള തയ്യാറെടുപ്പിലാണ് താരം. കുട്ടനാടിലും ജോർദ്ദാനിലും ഈജിപ്തിലുമായിട്ടായിരിക്കും ചിത്രീകരണം. കെജിഎ ഫിലിംസ് നിർമിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിൽ അമലപോൾ, വിനീത് ശ്രീനിവാസൻ, അപർണ ബാലമുരളി, ലെന തുടങ്ങിയവരും അഭിനയിക്കുന്നു. നജീബ് എന്ന കഥാപാത്രത്തിന്റെ ഭാര്യയെയാണ് അമല പോൾ അവതരിപ്പിക്കുന്നത്. ബോളിവുഡിലെ ശ്രദ്ധേയനായ ഛായാഗ്രാഹകൻ കെ യു മോഹൻ ആണ് ക്യാമറ.


പ്രധാന വാർത്തകൾ
 Top