1,99,340 വോട്ടര്‍മാര്‍; ഉപതെരഞ്ഞെടുപ്പിന് ഒരുക്കം പൂര്‍ത്തിയായി

Sunday May 27, 2018

ആലപ്പുഴ > ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി  കലക്ടര്‍ ടി വി  അനുപമ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 1,99,340 വോട്ടര്‍മാരാണ് സമ്മതിദാന അവകാശം രേഖപ്പെടുത്തുക. 164 പോളിങ് സ്റ്റേഷനുകള്‍ ക്രമീകരിച്ചു. 17 എണ്ണം അധികമായും ഒരുക്കിയിട്ടുണ്ട്. 265 കണ്‍ട്രോള്‍ യൂണിറ്റുകളും 480 ബാലറ്റ് യൂണിറ്റുകളും 305 വിവി പാക്ട് മെഷീനുകളും  ഉപയോഗിക്കും.

16 സ്ഥാനാര്‍ഥികളും നോട്ടയും ബാലറ്റില്‍ ഉള്‍പ്പെടുന്നതിനാല്‍ ഒരു പോളിങ് ബൂത്തില്‍ രണ്ട് ബാലറ്റ് യൂണിറ്റുകളുണ്ടാകും. 1104 പോളിങ് ഉദ്യോഗസ്ഥരെ  പരിശീലനം നല്‍കി നിയമിച്ചു. ഇ സര്‍വീസ് ബാലറ്റ് (ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് സിസ്റ്റം) സംസ്ഥാനത്ത് ആദ്യമായി ഉപയോഗിക്കുന്ന തെരഞ്ഞെടുപ്പാണ് ചെങ്ങന്നൂരിലേത്. അഞ്ച് ബൂത്തുകളെ മോഡല്‍ പോളിങ് ബൂത്തുകളായും പത്ത് ബൂത്തുകള്‍ വനിത പോളിങ് ബൂത്തുകളായും പ്രവര്‍ത്തിക്കും. ബൂത്തുകളിലും സമീപത്തും ഹരിത പ്രോട്ടോകോള്‍ പാലിക്കും.  തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള നോമ്പ് എടുക്കുന്ന ജീവനക്കാര്‍ക്കായി ഭക്ഷണം അടക്കമുള്ള സൗകര്യങ്ങളും ഒരുക്കിയതായി കലക്ടര്‍ പറഞ്ഞു.


 

കൂടുതല്‍ വാര്‍ത്തകള്‍