ട്രംപാഘാതം, ഓഹരിവിപണി കുത്തനെ ഇടിഞ്ഞു


വാണിജ്യകാര്യ ലേഖകന്‍
Published on Jan 22, 2025, 01:04 AM | 1 min read
കൊച്ചി
അമേരിക്കൻ പ്രസിഡന്റായി സ്ഥാനമേറ്റ ഡോണൾഡ് ട്രംപിന്റെ നയപ്രഖ്യാപനങ്ങള്‍ സൃഷ്ടിച്ച ആഘാതത്തില്‍ ഓഹരിവിപണി കുത്തനെ ഇടിഞ്ഞു. ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങൾക്ക് ഭീഷണിയാകുന്ന അധിക ഇറക്കുമതി തീരുവയും കുടിയേറ്റ നയങ്ങളും വന്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലില്‍ നിക്ഷേപകര്‍ ലാഭമെടുത്ത് പിന്‍വാങ്ങി. ഇതോടെ സെന്‍സെക്സ് 1.60 ശതമാനവും നിഫ്റ്റി 1.37 ശതമാനവും നഷ്ടം രേഖപ്പെടുത്തി.
വ്യാപാരത്തിനിടയില്‍ 75,641.87 വരെ താഴ്ന്ന സെന്‍സെക്സ് ഒടുവില്‍ 1235.08 പോയിന്റ് നഷ്ടത്തില്‍ 75838.36ലും 22,976.85 ലേക്ക് ഇറങ്ങിയ നിഫ്റ്റി 320.10 പോയിന്റ് നഷ്ടത്തില്‍ 23024.65ലും വ്യാപാരം അവസാനിപ്പിച്ചു. ഏഴ് മാസത്തിനുള്ളില്‍ ആദ്യമായാണ് സെന്‍സെക്സ് ഈ നിലയിലേക്ക് താഴുന്നത്.
ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ആകെ വിപണിമൂല്യം മുന്‍ദിവസത്തെ 432.9 ലക്ഷം കോടിയില്‍നിന്ന് 424.22 ലക്ഷം കോടിയായി കുറഞ്ഞു. ഒറ്റദിവസം 8.68 ലക്ഷം കോടി രൂപയാണ് നിക്ഷേപകര്‍ക്ക് നഷ്ടം.
വിദേശനിക്ഷേപകര്‍ നിക്ഷേപം പിന്‍വലിക്കുന്നതും രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ച ദുര്‍ബലമാകുമെന്ന മുന്നറിയിപ്പും നടപ്പുസാമ്പത്തിക വര്‍ഷം മൂന്നാംപാദത്തിലെ കോര്‍പറേറ്റ് ഫലങ്ങള്‍ നിരാശപ്പെടുത്തിയേക്കുമെന്ന സൂചനകളും വിപണിയുടെ തകര്‍ച്ചയ്ക്ക് വഴിയൊരുക്കി. ഈ മാസം 50,912.60 കോടിയുടെ നിക്ഷേപമാണ് വിദേശനിക്ഷേപകര്‍ പിന്‍വലിച്ചത്.
ചൊവ്വാഴ്‌ച ബിഎസ്ഇ റിയാല്‍റ്റി സൂചിക 4.22 ശതമാനവും കണ്‍സ്യൂമര്‍ ഡ്യൂറബിൾസ് 3.99 ശതമാനവും താഴ്ന്നു. ഓട്ടോ 1.68 ശതമാനവും ബാങ്ക് 1.81 ശതമാനവും നഷ്ടം രേഖപ്പെടുത്തി. സൊമാറ്റോ ഓഹരിയാണ് ഏറ്റവുമധികം നഷ്ടം നേരിട്ടത് (10.92 ശതമാനം). അദാനി പോര്‍ട്സ് -3.74 ശതമാനവും റിലയന്‍സ് 2.46 ശതമാനവും നഷ്ടത്തിലായി. യുഎസ് എണ്ണ ഉൽപ്പാദനം വർധിപ്പിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തോടെ അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണവില താഴ്ന്നു. ബ്രെന്റ് ക്രൂഡ് മുൻ ദിവസത്തെ 79.77 ഡോളറിൽനിന്ന് 78.67 ഡോളറിലെത്തി.
Related News

0 comments