Deshabhimani

ഓഹരി വിപണിയില്‍ ദുഃഖ വെള്ളി; സെന്‍സെക്സും നിഫ്റ്റിയും കൂപ്പു കുത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 28, 2020, 02:08 PM | 0 min read

കൊച്ചി> ഓഹരി വിപണിയില്‍ വീണ്ടും ഒരു കറുത്ത ദിനം. സാമ്പത്തിക ലോകം കൊറോണ വൈറസ് ബാധയുടെ ഭീതിയില്‍ അകപ്പെട്ടതിന്‍റെ പ്രതിഫലനമായി ആഗോള ഓഹരി വിപണിയും ഇന്ത്യന്‍ വിപണികളും കനത്ത തകര്‍ച്ചയിലേക്ക് കൂപ്പുകൂത്തി. ഇന്ന് ഓഹരി വിപണിയില്‍ വ്യാപാരം ആരംഭിച്ച് നിമിഷങ്ങള്‍ക്കകം നിക്ഷേപകര്‍ക്ക് നഷ്ടമായത് അഞ്ചു ലക്ഷം കോടി  രൂപയാണ്.  ബോംബെ സ്റ്റോക് എക്സചേഞ്ച് സൂചികയായ സെന്‍സെക്സ് വ്യാപാരം തുടങ്ങിയ ഉടനെ 1143 പോയന്‍റ് ഇടിഞ്ഞ് 38602 ല്‍ എത്തി.

നാഷണല്‍ സ്റ്റോക് എക്സ്ചേഞ്ച് സൂചികയായ നിഫ്റ്റി 346 പോയന്‍റ് നഷ്ടപ്പെട്ട് 11, 286ലുമെത്തി. രണ്ടിടത്തും കടുത്ത ചാഞ്ചാട്ടം തുടരുകയാണ്. സെന്‍സെക്സ് 1092  പോയന്‍റ് അതായത് 2.79 ശതമാനം ഇടിഞ്ഞ് 38653. 84 പോയന്‍റിലും നിഫ്റ്റി 335.2 പോയന്‍റ്, അതായത് 2.87 ശതമാനം ഇടിഞ്ഞ് 11298. 5 പോയന്‍റിലുമാണ് വ്യാപാരം നടക്കുന്നത്. ടാറ്റാ സ്റ്റീല്‍, ടാറ്റാ മോട്ടോര്‍സ്,  റിലയന്‍സ്, ഇന്‍ഫോസിസ്, ഹിഡാല്‍കോ, എസ്ബിഐ, യെസ് ബാങ്ക്, എച്ച്ഡിഎഫ്സി തുടങ്ങിയ ശ്രദ്ധേയമായ ഓഹരികളെല്ലാം തന്നെ നഷ്ടത്തിലായി. 2.5 ശതമാനം മുതല്‍ 3.5 ശതമാനം വരെയാണ് ഈ ഓഹരികള്‍ നഷ്ടം രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം 38 പൈസകുറയുകയും ചെയ്തു.  ഡോളറിനെതിരെ 71.55 ആയിരുന്ന രൂപയുടെ വില  71.93 ല്‍ എത്തിയിരിക്കുന്നു.

തുടര്‍ച്ചയായ ആറാം ദിവസമാണ് ഓഹരി വിപണിയില്‍ ഇടിവ് രേഖപ്പെടുത്തുന്നത്.  ആഗോള ഓഹരി വിപണിയില്‍ യുഎസ് സൂചികകള്‍ കനത്ത നഷ്ടത്തിലാണ് കഴിഞ്ഞ ദിവസം വ്യപാരം അവസാനിപ്പിച്ചത്. രണ്ട് ശതമാനത്തിലധികമാണ് ഇടിവ് രേഖപ്പെടുത്തിയത്.
ചൈനയ്ക്ക് പുറത്തേക്ക് കൊറോണ വൈറസ് ബാധിക്കുന്നത് ആഗോള സമ്പദ്ഘടനയെ ബാധിക്കും എന്ന ഭീതിയാണ് നിക്ഷേപകരെ ഓഹരികള്‍ വിറ്റൊഴിയുന്നതിന് പ്രേരിപ്പിക്കുന്നത്.

ചൈനയില്‍ വൈറസ് വ്യാപനം കുറഞ്ഞെങ്കിലും മറ്റു രാജ്യങ്ങളിലേക്ക് പടരുന്നതിന്‍റെ തോത് വര്‍ദ്ധിച്ചത് ആശങ്കയുണര്‍ത്തുന്നു എന്ന ലോകാരോഗ്യ സംഘടനയുടെ പ്രസ്താവന വിപണിയിലെ ശക്തമായി സ്വീധീനിച്ചു എന്ന് വ്യക്തമാകുന്നതാണ് വിപണിയിലെ തകര്‍ച്ച.  2008 ലെ ആഗോള സാമ്പത്തിക പ്രതിന്ധി ആവര്‍ത്തിക്കപ്പെടുമോ എന്ന ആശങ്കയില്‍ നിക്ഷേപകര്‍ താരമ്യേന റിസ്ക് കൂടിയ ഓഹരികള്‍ വിറ്റൊഴിയുകയാണ്.  പകരം കൂടുതല്‍ സുരക്ഷിതമായ സ്വര്‍ണ്ണത്തിലേക്ക് മാറുകയും ചെയ്യുന്നു.

ഇതിന്‍റെ ഫലമായി ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് കഴിഞ്ഞ ഒരു മാസത്തോളമായി  രേഖപ്പെടുത്തുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വില ട്രോയ് ഔണ്‍സിന് 1650 ഡോളറിലെത്തി. സംസ്ഥാനത്ത് സ്വര്‍ണം പവന് വില 31,640 രൂപയാണ്.



deshabhimani section

Related News

View More
0 comments
Sort by

Home