Deshabhimani

ഓഹരിയില്‍ വീണ്ടും ഇടിവ് ; നിക്ഷേപകര്‍ക്ക് 
7.6 ലക്ഷം കോടി നഷ്ടം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 14, 2024, 12:44 AM | 0 min read


കൊച്ചി
ഓഹരിവിപണിയിൽ തുടർച്ചയായ രണ്ടാംദിവസവും കനത്ത ഇടിവ്. ബിഎസ്ഇ സെൻസെക്സ് 1.25 ശതമാനവും എൻഎസ്ഇ നിഫ്റ്റി 1.36 ശതമാനവും കൂപ്പുകുത്തി. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ആകെ വിപണിമൂല്യം 437.06 ലക്ഷം കോടിയിൽനിന്ന്‌ 429.46 ലക്ഷം കോടി രൂപയായി താഴ്ന്നു. 7.6 ലക്ഷം കോടി രൂപയാണ് ഒറ്റദിവസംകൊണ്ട് നിക്ഷേപകർക്ക് നഷ്ടമായത്. ചൊവ്വ 6.61 ലക്ഷം കോടി രൂപ നഷ്ടമായി. വ്യാപാരത്തിനിടയിൽ 77,533.30 ലേക്ക് താഴ്ന്ന സെൻസെക്സ് ഒടുവിൽ 984.23 പോയിന്റ് നഷ്ടത്തിൽ 77690.95ൽ ദിവസം അവസാനിപ്പിച്ചു. 23,509.60 ലേക്ക് ഇടിഞ്ഞ നിഫ്റ്റി 324.40 പോയിന്റ് നഷ്ടത്തിൽ 23559.05 ലാണ് ദിനവ്യാപാരം തീർത്തത്.

കോർപറേറ്റുകളെ മാത്രം സഹായിക്കുന്ന മോദി സർക്കാരിന്റെ    സാമ്പത്തികനയങ്ങളും വിലക്കയറ്റം തടയാൻ ഫലപ്രദ നടപടികൾ സ്വീകരിക്കാത്തതും രാജ്യത്തെ ചില്ലറ വിലക്കയറ്റത്തോത് 6.21 ശതമാനവും ഭക്ഷ്യോൽപ്പന്ന വിലക്കയറ്റം 10.87 ശതമാനവുമായും ഉയർത്തിയതാണ്  പ്രധാനമായും നിക്ഷേപകരെ സ്വാധീനിച്ചത്. കമ്പനികളുടെ രണ്ടാംപാദഫലങ്ങൾ നിരാശപ്പെടുത്തിയതും വിദേശനിക്ഷേപകർ നിക്ഷേപം പിൻവലിക്കുന്നതും തിരിച്ചടിയായി. ആഴ്ചയിലെ ആദ്യ  രണ്ടു ദിവസങ്ങളിലായി 5331.19 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് വിദേശനിക്ഷേപകർ വിറ്റൊഴിഞ്ഞത്.

എല്ലാ പ്രധാന മേഖലകളും നഷ്ടം രേഖപ്പെടുത്തി. ബിഎസ്ഇ മെറ്റൽ സൂചിക 2.54 ശതമാനം താഴ്ന്നു. ഓട്ടോ 2.26 ശതമാനവും സ്വകാര്യ ബാങ്ക് 2.17 ശതമാനവും ഓയിൽ ആൻഡ് ​ഗ്യാസ് 1.78 ശതമാനവും നഷ്ടത്തിലായി. ടാറ്റാ സ്റ്റീൽ 3.40 ശതമാനവും മഹീന്ദ്ര ആൻഡ് മഹീന്ദ്ര 3.23 ശതമാനവും റിലയൻസ് 1.64 ശതമാനവും നഷ്ടം നേരിട്ടു. എസ്ബിഐ (2.18), ജെഎസ്ഡബ്ല്യു സ്റ്റീൽ (2.17), എച്ച്ഡിഎഫ്സി ബാങ്ക് (2.16) എന്നിവയാണ് നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച മറ്റു പ്രധാന ഓഹരികൾ.



deshabhimani section

Related News

0 comments
Sort by

Home