05 October Thursday

ഏകാന്തയാത്ര

വെബ് ഡെസ്‌ക്‌Updated: Tuesday Apr 3, 2018
 
അഭിലാഷ് മേലേതില്‍

അഭിലാഷ് മേലേതില്‍

കഴിഞ്ഞ വർഷം അന്തരിച്ച Denis Johnson-ന്റെ 2002 -ൽ ഇറങ്ങിയ നോവലാണ് "Train Dreams". Ondaatje ഇതിനെ മാസ്റ്റർപീസെന്നു വിളിയ്ക്കുമ്പോൾ അയാൾക്കുകൂടിയുള്ള ഒരു homage ആയി കാണാവുന്നതാണ് എന്നതാണ് ഈ നോവലിന്റെ പ്രത്യേകത. ഹിസ്‌റ്റോറിക്കൽ ഫിക്ഷനായി വായിയ്ക്കാവുന്ന "ഇൻ ദി സ്കിൻ ഓഫ് എ ലയൺ" എന്ന Ondaatje-യുടെ നോവലിനോട് അതിശയകരമായ സാമ്യം നോവലിന്റെ ആദ്യഭാഗങ്ങൾക്കുണ്ട് - "സ്‌കിൻ"-ലെ റെയിൽവേ പാലമുണ്ടാക്കുന്നതിനു സമാനമായ വിവരണം Train Dreams -ലുമുണ്ട് (ഇവിടെ വാഷിംഗ്ടണിലെ “The Robinson Gorge Bridge ” ആണ് ). കഠിന ജോലികൾ ചെയ്യാനായി ഇറക്കുമതി ചെയ്ത ചൈനക്കാരിലൊരുവനെ കൊല്ലാൻ കൊണ്ടുപോകുന്നത്, നായകനായ Grainier പിൽക്കാലത്തു കാട്ടിൽ നിന്ന് തടികടത്തിക്കൊണ്ടുവരുന്ന ജോലിയ്ക്കുപോകുന്നത് - അങ്ങനെ വേറെയുമുണ്ട് സമാനതകൾ. ഇതിനൊക്കെ പുറമെ Grainier-ടെ മൊത്തം ജീവിതത്തെ പിന്തുടരുന്ന നോവലിന് കഴിഞ്ഞ വർഷം പുറത്തുവന്ന Robert Seethaler -ടെ "A Whole Life"-നോടുമുണ്ട് ചാർച്ച ( Austria-ക്കാരനായ Seethaler-ടെ നോവൽ പക്ഷെ, 2014 ആണ് പുറത്തുവന്നത്). മോഷണം ആരോപിയ്ക്കുകയല്ല ഇവിടെ. ചില എഴുത്തുകൾ വായിക്കുമ്പോൾ നമ്മുടെ മുൻവായനകൾ മനസ്സിൽ നിന്ന് മായ്ച്ചുകളയാനാകാത്തതിന്റെ ചെറിയ ബുദ്ധിമുട്ടുകൾ സൂചിപ്പിയ്ക്കുകയാണ്. Ondaatje ഭാഷകൊണ്ടും ഭാവനകൊണ്ടും നിർമ്മിയ്ക്കുന്ന അതേ അതിശയ ലോകം Johnson-ന്റെ എഴുത്തിലും കണ്ടെടുക്കാൻ കഴിയും. Train Dreams-ന്റെ കാൻവാസ്‌ താരതമ്യേന ചെറുതാണ് എന്നുമാത്രം, കുറച്ചു കൂടി ഇരുണ്ടതും. ഇതിലെ ദുഃഖവും, സാഹചര്യങ്ങൾ നിർമ്മിയ്ക്കുന്ന ഭീകരതയുടേതായ അന്തരീക്ഷവും,  അവയോടു രാജിയാവുന്ന ഒരു മനുഷ്യന്റെ മാനസികാവസ്ഥയും വായനയ്ക്കുശേഷവും സഹൃദയരെ പിന്തുടരും. 
 
Grainier ഭാര്യയും കുഞ്ഞുമായി തന്റെ കാടിനു നടുവിലെ ക്യാബിനിൽ കഴിയുകയാണ്. റെയിൽവേ ലൈനിന്റെ പണി കഴിഞ്ഞപ്പോൾ അയാൾ കാട്ടിൽ മരം വെട്ടാനും അത് നദിവഴി ഒഴുക്കിക്കൊണ്ട് മില്ലുകളിലേയ്ക്ക്  കൊണ്ടുപോകാനുമെല്ലാം കൂടുന്നു. അയാൾ ആവശ്യത്തിനു കാശൊക്കെ സമ്പാദിയ്ക്കുന്നുണ്ട്. ഒരു ദിവസം രാത്രി ഉറക്കത്തിലേയ്ക്ക് വഴുതിക്കൊണ്ടിരിയ്ക്കേ അയാൾ കൈക്കുഞ്ഞിനെപ്പറ്റി ഭാര്യയോട് സംസാരിയ്ക്കുകയാണ് -  അതിനെന്തുമാത്രം അറിവുണ്ടായിരിയ്ക്കാം എന്നതാണ് അയാളുടെ സംശയം. ഒരു പട്ടിക്കുഞ്ഞോളം? ഭാര്യ പറയുന്നു - “..fetch, and come, and sit, and lay, and roll over. Whatever it knows to do, it knows the words.” ആ നേരത്ത് പെട്ടെന്ന് കുഞ്ഞ് അയാളെ നോക്കുന്നു. ആ രംഗം നോവലിസ്റ്റ് വിവരിയ്ക്കുകയാണ് :- 
 
 “In the dark he felt his daughter’s eyes turned on him like a cornered brute’s. It was only his thoughts tricking him, but it poured something cold down his spine. He shuddered and pulled the quilt up to his neck.
All of his life Robert Grainier was able to recall this very moment on this very night.”
 
അങ്ങനെ ജീവിതം മുന്നോട്ടു പോയിക്കൊണ്ടിരിയ്ക്കേ അസാധാരണമായ ഒരു കാട്ടുതീ ആ പ്രദേശത്തുണ്ടാകുന്നു. പിൽക്കാലത്ത് അവിടെ, വനത്തിൽ വളരുന്ന മരങ്ങൾ വരെ വേറെ തരമായിപ്പോയി എന്നാണ് നോവലിൽ. അത്ര ശക്തിയേറിയ ("stronger than God"എന്ന് വിവരണം) ഒന്നായിരുന്നു അത്. Grainier സ്ഥലത്തുണ്ടായിരുന്നില്ല. അയാൾ എത്തുമ്പോഴേയ്ക്കും ഭാര്യയും മകളും നഷ്ടപ്പെട്ടിരുന്നു. എന്നാലവരുടെതായി യാതൊന്നും അയാൾക്ക്‌ അവിടെയെവിടെയും കണ്ടെടുക്കാനായില്ല (ഈ ഭാഗത്തു നോവൽ ഹിസ്‌റ്റോറിക്കൽ ഫിക്ഷൻ എന്നതിൽ നിന്ന് കുറച്ച് ഇരുണ്ട ഒരു ആഖ്യാനത്തിലേയ്ക്ക് മാറുന്നു). അയാൾ പിന്നീടും അവരെ അന്വേഷിച്ചു നടക്കുന്നുണ്ട്. Grainier അവിടെത്തന്നെ മറ്റൊരു ക്യാബിനുണ്ടാക്കുകയും തന്റെ കാത്തിരിപ്പ് തുടരുകയും ചെയ്തു. രാത്രിയിൽ കാട്ടിലെ ചെന്നായ്ക്കൂട്ടങ്ങളുടെ ഓരിയിടൽ അയാൾക്ക്‌ കേൾക്കാം. ഒരു ദിവസം ഒരു നായ എവിടെനിന്നോ അവിടെ വന്നു കൂടി. അയാളുടെ സുഹൃത്തായ, Kootenai Indian ആദിമവാസികളിലെ ഒരുവനായ Bob അയാളോട് പറഞ്ഞു - "ഇത് ചെന്നായയിലുണ്ടായ കുഞ്ഞാണ്". നായ ഇടയ്ക്കു വരികയും പോകുകയും ചെയ്തു കൊണ്ടിരുന്നു. Bob അയാളോട് വീണ്ടും പറയുകയാണ് - “Might be you’ve started your own pack, Robert.” ഒരു രാത്രി Grainier ചെന്നായ്ക്കൂട്ടത്തിനൊപ്പം ഓലിയിട്ടു നോക്കുന്നു, എന്നു മാത്രമല്ല അത് നന്നായി ആസ്വദിയ്ക്കുകയും ചെയ്യുന്നു (“It flushed out something heavy that tended to collect in his heart, and after an evening’s program with his choir of British Columbian wolves he felt warm and buoyant”). പിന്നെയത് അയാൾക്കൊരു ശീലമായി. Bob പറയുന്നു - “There’s not a wolf alive that can’t tame a man.”
 
ആരോഗ്യ പ്രശ്നങ്ങൾ കാരണം മരപ്പണി മതിയാക്കി Grainier ചരക്ക് കൊണ്ടുപോകുന്ന ഒരു കുതിര വണ്ടി ഓടിയ്ക്കാൻ തുടങ്ങുന്നു. മഞ്ഞുകാലം മുഴുവൻ വനത്തിൽ കഴിയാനുള്ള വക അയാൾ അനായാസമായി ഉണ്ടാക്കുന്നു. ഈ ജോലിയിൽ ദീർഘയാത്രകൾ സാധാരണമാണ്. പലപ്പോഴും ദൂരെ ഇന്ത്യൻ കോളനികളിലേയ്ക്ക് വരെ കാട്ടിലൂടെ ഒറ്റയ്ക്കു പോകേണ്ടിവരും. ഈ യാത്രകളിൽ അയാളുടെ ചിന്തകളും കാടുകയറുന്നു. അയാൾ വിചാരിയ്ക്കുന്നു - അയാളും മറ്റു റെയിൽ തൊഴിലാളികളും കൂടി വധിയ്ക്കാൻ കൊണ്ടുപോയ ചൈനാക്കാരൻ ചെയ്ത എന്തോ കൂടോത്രമാണ് തന്റെ അവസ്ഥയ്ക്ക് കാരണം. തന്റെ മകൾ പോലും അതിനിരയായി. യാത്രകളിലൊന്നിൽ ഒരാൾ Grainier-നോട് പറയുന്നു, ആ ആളുടെ നായയെക്കണ്ടപ്പോൾ Kootenai Bob പറഞ്ഞത്രേ - "നിങ്ങളുടെ നായ, മലമുകളിലുണ്ടെന്ന് പറയുന്ന wolf-girl-നെ, പൂർണ്ണചന്ദ്രനുള്ള ദിവസം നിങ്ങളുടെ വീട്ടിലേയ്ക്കു ക്ഷണിയ്ക്കും. അതായിരിയ്ക്കും നിങ്ങളുടെ അവസാനം". Grainier  അത് തമാശയായെടുക്കുന്നു. ഒരു രാത്രിയിൽ Grainier ഭാര്യയുടെ പ്രേതസാന്നിധ്യം തന്റെ ക്യാബിനിൽ അനുഭവിയ്ക്കുന്നു. ഭാര്യയുടെയും മകളുടെയും അവസാനനിമിഷങ്ങൾ അയാൾ സ്വപ്നത്തിൽ കാണുന്നു. അവർ പുഴയിൽ ചാടി നീന്തി വല്ലയിടത്തും ചെന്നെത്തിക്കാണുമോ? അയാളുടെ അത്തരത്തിലുള്ള അന്വേഷങ്ങളൊന്നും ഫലവത്തായിരുന്നില്ല. കാലം പോകെപ്പോകെ കുഞ്ഞിന്റെ ചിന്തകൾ അയാളിൽ നിന്ന് മാഞ്ഞു. ഭാര്യയുടെ ഓർമ്മകൾ മാത്രമായി.  
 
താമസിയാതെ, നോവലിലെ ഉജ്ജ്വലമായ ഒരു മുഹൂർത്തത്തിൽ അയാൾ Bob പറഞ്ഞുകൊണ്ടിരുന്ന, wolf-girl-നെ കാണുന്നു. ചെന്നായ്ക്കൾ പതിവിലുമധികം ശബ്ദമുണ്ടാക്കിക്കൊണ്ടിരിക്കുന്ന ഒരു രാത്രിയിൽ അയാളുടെ സഹായം തേടിയെന്ന പോലെ അത് പരിക്കേറ്റനിലയിൽ, അയാളുടെ ക്യാബിനു സമീപമെത്തുന്നു. അതിനെ സമീപിയ്ക്കുകയാണ്, അയാൾ :- “The child’s eyes sparked greenly in the lamplight like those of any wolf. Her face was that of a wolf, but hairless.
“Kate?” he said. “Is it you?” But it was.
Nothing about her told him that. He simply knew it. This was his daughter.” അതിന്റെ ശരീരത്തിൽ മൊത്തം പാറകളിലും മരങ്ങളിലും ഉരഞ്ഞതിന്റെ പാടുകളും തഴമ്പുകളും നിറഞ്ഞിരുന്നു, കാലുകൾ മനുഷ്യന്റേതു പോലെ തോന്നിയ്ക്കുമെങ്കിലും, വിചിത്രമായ രീതിയിൽ മൃഗങ്ങളുടേതു പോലെ വളഞ്ഞിരുന്നു. അതിന്റെ ഒടിഞ്ഞ കാൽ അയാൾ ഒരു മരക്കഷണം വച്ചുകെട്ടിക്കൊടുക്കുന്നു. അൽപ്പം കഴിഞ്ഞപ്പോൾ അത് തിരികെ കാട്ടിലേക്ക് മടങ്ങിപ്പോയി. അതിനെ തിരഞ്ഞുപോകണം എന്നു പലതവണ അയാളാഗ്രഹിയ്ക്കുന്നെകിലും ഒരിയ്ക്കലും അത് നടക്കുന്നില്ല.  
          
നോവലിന്റെ അവസാനത്തിൽ തത്തുല്ല്യമായ ഒരു രംഗത്തിൽ ഒരു ഷോ കാണാനെത്തുന്ന അയാളും മറ്റു കാണികളും ഒരു wolf-boy-നെക്കണ്ട് നിശ്ശബ്ദരാകുന്നു. പതുക്കെ രണ്ടുകാലിൽ ഉയരുന്ന ആ വിചിത്ര ജീവി ഒരു ശബ്ദം പുറപ്പെടുവിയ്ക്കുന്നു. അത് നോവലിസ്റ്റ് വിവരിയ്ക്കുകയാണ് : -“a voice that penetrated into the sinuses and finally into the very minds of those hearing it, taking itself higher and higher, more and more awful and beautiful, the originating ideal of all such sounds ever made, of the foghorn and the ship’s horn, the locomotive’s lonesome whistle, of opera singing and the music of flutes and the continuous moanmusic of bagpipes.” 
 
തട്ടും തടയും ഇല്ലാത്ത ആഖ്യാനമല്ല ഈ നോവലിന്റേത്, പലപ്പോഴും അത് സമയക്രമത്തെ അട്ടിമറിയ്ക്കുന്നുമുണ്ട്. ഇതിന്റെ ദൈർഘ്യം കൂടി കണക്കിലെടുക്കുമ്പോൾ (116 pages), അനാവശ്യമെന്നു തോന്നിയ്ക്കുന്ന, ആഖ്യാനത്തോട് ചേർന്ന് നിൽക്കാത്ത ഭാഗങ്ങൾ നോവലിലുണ്ട്, അവയോരോന്നായെടുത്താൽ രസകരമാണ് താനും (ഒരു ട്രെയിൻ യാത്ര പോലെ എന്നുവേണമെങ്കിൽ കരുതാം). എന്നാൽ തന്നെയും നോവലിന്റെ പ്രധാന ഭാഗങ്ങൾ - കാട്ടുതീ നശിപ്പിച്ച ഇടങ്ങളുടെ വിവരണം (“It had gutted the valley along its entire length like a campfire in a ditch. All his life Robert Grainier would remember vividly the burned valley at sundown, the most dreamlike business he’d ever witnessed waking—the brilliant pastels of the last light overhead, some clouds high and white, catching daylight from beyond the valley, others ribbed and gray and pink, the lowest of them rubbing the peaks of Bussard and Queen mountains; and beneath this wondrous sky the black valley, utterly still, the train moving through it making a great noise but unable to wake this dead world.”), നായകന്റെ സ്വപ്നരംഗങ്ങൾ, അയാളുടെ wolf-girl-മായുള്ള സമാഗമം, കാടിനോടും, അവിടെയുള്ള  മൃഗങ്ങളോടും അയാളിടപഴകുന്നത്  - ഉദാത്ത ഭാവനയുടെയും, എഴുത്തിന്റെയും അസാധാരണ ശക്തി കാണിയ്ക്കുന്നവയാണ്, വായനക്കാരൻ അവയിലേയ്ക്ക് മടങ്ങിച്ചെല്ലും. കാടും, അതിന്റെ ശബ്ദങ്ങളും, അതുളവാക്കുന്ന നേർത്ത ഭീതിയും, ഏകാന്തതയും എല്ലാം നോവലിലെ സജീവ സാന്നിധ്യങ്ങളാണ്. നോവലിന്റെ ആദ്യഭാഗത്ത്, അയാൾ ഒരു ബാലനായിരിയ്ക്കുമ്പോൾ, മരിയ്ക്കാൻ കിടക്കുന്ന ഒരാളെ സഹായിയ്ക്കാൻ കഴിയാതെ Grainier സ്തബ്ധനായി നിൽക്കുന്നുണ്ട്. അതിനെക്കുറിച്ചു പിന്നീട് അയാൾ പശ്ചാത്തപിയ്ക്കുന്നുമുണ്ട്. കുടുംബത്തിന്റെ ദുരന്തവും കർമ്മഫലമാണെന്നു കരുതുവാൻ മാത്രം ദുർബ്ബലനാണയാൾ. കാടിനെയും, മലയേയും, മൃഗങ്ങളെയും മെരുക്കുന്ന (എന്നുദ്ഘോഷിയ്ക്കുന്ന) അമേരിക്കൻ പൗരുഷത്തിന്റെ നേർവിപരീതത്തെയാണ് Grainier പ്രതിനിധീകരിയ്ക്കുന്നത് എന്ന് കാണാം. അയാൾ മൃഗങ്ങളുമായി താദാദ്മ്യം പ്രാപിയ്ക്കുന്നത് - ചെന്നായ്കൾക്കൊപ്പം ഓരിയിടുന്നത്, അലഞ്ഞു നടക്കുന്ന ഒരു മൃഗത്തിൽ മകളെ കാണുന്നത് - എല്ലാം അയാളുടെ  തനിമയിലേയ്ക്ക് മടങ്ങാനള്ള ശ്രമങ്ങളായി വായിയ്ക്കാം. ആധുനികതയും പ്രകൃതിയും തമ്മിലുള്ള സംഘർഷവുമാണിത്. നഗരങ്ങളും അംബരചുംബികളും പടുത്തുയർത്തുന്ന മനുഷ്യൻ ആത്യന്തികമായി ഒടുക്കുന്ന വിലയാണ് അവന്റെ ഏകാന്തത എന്നാണ് നോവൽ പറഞ്ഞു വെയ്ക്കുന്നത്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top