14 August Friday

ബാഗ്ദാദ് ക്ലോക്ക് ഇറാക്ക് ജനതയുടെ അതിജീവന കാവ്യം

വെബ് ഡെസ്‌ക്‌Updated: Saturday Mar 9, 2019

ഷഹാദ് അല്‍ റാവിയുടെ ആദ്യനോവലായ ബാഗ്‌ദാദ് ക്ലോക്ക് 1991 ഗള്‍ഫ് യുദ്ധകാല പശ്ചാത്തലത്തില്‍ ഇറാക്ക് രാഷ്ടീയത്തിലുണ്ടായ മാറ്റം തുറന്നുകാട്ടുന്നു. ‘‘ജോര്‍ജ് ബുഷും മകന്‍ ജോര്‍ജ് ഡബ്ല്യു ബുഷും മാരകമായ മിസൈല്‍ ആക്രമണം നടത്തി ഇറാക്ക് ജനതയ‌്ക്ക് വിവരിക്കാനാകാത്ത ദുരിതം കാഴ്ചവച്ചു. ബില്‍ ക്ലിന്റണും കിഴവിയായ മാഡ് ലീന്‍ ആല്‍ബ്രൈറ്റും ഞങ്ങളെ പട്ടിണിക്കിട്ട് സംതൃപ്തിയടഞ്ഞു’’ നോവലിലെ ഒരു കഥാപാത്രം രോഷത്തോടെ പൊട്ടിത്തെറിച്ച് ആക്രോശിക്കുന്നു

1991 ഗൾഫ് യുദ്ധകാലത്തെ പശ്ചാത്തലമാക്കി ഇറാക്ക് രാഷ്ടീയത്തിലുണ്ടായ ഗതിവിഗതികൽ വിശകലനം ചെയ്യുന്ന അതീവ ഹൃദ്യമായ നോവലാണ് ഗവേഷകയായ ഷഹാദ് അൽ റാവിയുടെ ആദ്യനോവലായ ‘ബാഗ്‌ദാദ് ക്ലോക്ക്’  (The Baghdad Clock: One World Publications: 2018). സുഹൃത്തുക്കളായ രണ്ട് യുവതികളുടെ ഓർമക്കുറിപ്പുകളായാണ് നോവലിന്റെ രൂപകല്പന. യുദ്ധവും ഉപരോധവും സൃഷ്ടിക്കുന്ന ദുരന്തങ്ങൾക്കും കഷ്ടപ്പാടുകൾക്കുമിടയിൽ സമാധാന കാംക്ഷികളായ ഇറാക്കി ജനത നടത്തുന്ന അതിജീവന ശ്രമങ്ങളുടെ സൂക്ഷ്മതലങ്ങൾ വരച്ചു കാട്ടുന്നു. ഭ്രമാത്മകതയും യഥാർഥ്യവും ഇടകലർന്ന രചനരീതിയാണ് നോവലിൽ അൽ റാവി സ്വീകരിച്ചിട്ടുള്ളത്. ആഖ്യായിയക്കുള്ള അറബ് അന്താരാഷ്ട്ര പുരസ്കാര പട്ടികയിൽ ബാഗ്ദാദ് ക്ലോക്ക് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇറാക്കിലും യുഎഇയിലും ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പുസ്തകങ്ങളുടെ പട്ടികയിൽ ഇപ്പോൾ ഒന്നാം സ്ഥാനത്താണ് ബാഗ്ദാദ് ക്ലോക്ക്.

ബാഗ്ദാദിലെ ഒരു ബോംബ് ഷെൽട്ടറിൽ കഴിയേണ്ടിവരുന്ന അയൽപക്കക്കാരായ രണ്ട് യുവതികളെ അവതരിപ്പിച്ചുകൊണ്ടാണ് നോവൽ ആരംഭിക്കുന്നത്. പേരെന്തെന്ന് വ്യക്തമാക്കാത്ത മുഖ്യകഥാപാത്രവും സുഹൃത്ത് നാദിയായും ഇരുപത് ദിവസങ്ങൾ ഭയാശങ്കകളോടെ  ഷെൽട്ടറിൽ കഴിഞ്ഞ് കൂടുന്നു. പിന്നീട് പുറത്ത് വരുന്ന ഇവർ ഇടയ‌്ക്കിടെയുള്ള ബോംബു ഭീഷണിക്കും പട്ടാള ആക്രമണത്തിനുമിടയിൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാൻ തിക്ത ശ്രമം നടത്തുന്നു. നാദിയായുടെയും സുഹൃത്തിന്റെയും കുടുംബാംഗങ്ങൾ ബാഗ്ദാദിൽ താമസം തുടരുന്നുണ്ടെങ്കിലും മറ്റ് പലരും ഇറാക്ക് വിട്ട് സമീപ രാജ്യങ്ങളിലേക്ക് കുടിയേറുന്നു. ഇറാക്ക് ഉപേക്ഷിച്ച് മറ്റ് രാജ്യങ്ങളിലേക്കുള്ള പോക്കിനെ മരണത്തിന്റെ മറ്റൊരു മുഖമായാണ് നാദിയായുടെ ഉമ്മ വിശേഷിപ്പിക്കുന്നത്. തണുത്തുറഞ്ഞ ചിരിയുമായി ഇറാക്കിന്റെ മണ്ണിൽ ശിഥിലീകരിക്കപ്പെടാനാണ് വീണ്ടും അവിടെ ജീവിതം തുടരുന്നവരുടെ വിധിയെന്ന് നാദിയയുടെ സുഹൃത്ത് വിലപിക്കുന്നു.

യുദ്ധാന്തരീക്ഷത്തിലും നാദിയായും സുഹൃത്തും സ്കൂൾ പരീക്ഷാ പൂർത്തിയാക്കി സർവകലാശാലകളിൽ പഠനം തുടരുന്നുണ്ട്. രണ്ടുപേരും പ്രേമബന്ധങ്ങളുടെ മധുരിമ ആസ്വാദിക്കുന്നു. കാമുകന്മാരിൽനിന്ന‌് പ്രേമലേഖനങ്ങളും അത്തറുപുരട്ടിയ കൈലേസുകളും സ്വീകരിക്കുന്നു. അമേരിക്കൻ അധിനിവേശത്തിന് ബാഗ്ദാദ് വിധേയമാവുന്നതോടെ സുഹൃത്തുക്കളും കുടുംബങ്ങളും വേർപിരിയുന്നു. അനിശ്ചിതമായ ഭാവിയിലേക്ക് പലായനം ചെയ്യുന്നു. നിയതി വീണ്ടും നാദിയായെയും കൂട്ടുകാരിയേയും ഒരുമിപ്പിച്ചപ്പോൾ കഷ്ടപ്പാടുകളിലൂടെയും ദുരിതങ്ങളിലൂടെയും കടന്ന് പോവേണ്ടിവന്ന ബാഗ്ദാദിലെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അനുഭവങ്ങൾ രേഖപ്പെടുത്തിവയ‌്ക്കാൻ ഇരുവരും തീരുമാനിക്കുന്നു. 
നോവലിന്റെ അവസാനഭാഗത്ത് ചേർത്തിട്ടുള്ള വിവിധ കാഥാപാത്രങ്ങളുടെ ജീവിത കഥാ വിവരണത്തിലൂടെ യുദ്ധഭൂമിയിലെ അതിജീവന ശ്രമത്തിനിടെ ഒഴുകിയെത്തുന്ന പ്രണയബന്ധങ്ങളുടെയും പഠനകാല അനുഭവത്തിന്റെയും സംഗീതത്തിന്റെയും നൃത്തത്തിന്റെയുമെല്ലാം ജീവിതാനുഭവങ്ങൾ വായിച്ചെടുക്കാൻ കഴിയും. ദുരന്തങ്ങളെ ചെറുത്ത് നിൽക്കുന്ന ഉദാത്തമായ മനുഷ്യബന്ധങ്ങളുടെയും മാതൃരാജ്യ  സ്നേഹത്തിന്റെയും രേഖാചിത്രങ്ങൾ ഹൃദയസ്‌പൃക്കോടെ നോവലിസ്റ്റ് വിവരിക്കുന്നു.  ഇറാക്കി ജനതയുടെ ശോഭനമല്ലാത്ത ഭാവി പ്രവചിച്ച് മനുഷ്യരെ അസ്വസ്ഥരാക്കുന്ന അസാധാരണ സ്വഭാവങ്ങളുള്ള ജ്യോതിഷി നോവലിന്റെ കേന്ദ്ര ബിന്ദുവായി മാറുന്നുണ്ട്. യുദ്ധം
താൽക്കാലികമായവസാനിച്ചാലും മധ്യേഷ്യയിലെ രാഷ്ടീയാനിശ്ചിതത്വത്തെ സാക്ഷ്യപ്പെടുത്താനാവണം ഇങ്ങനെയൊരു കഥാപാത്രത്തെ നോവലിസ്റ്റ് സൃഷ്ടിച്ചതെന്ന് വേണം കരുതാൻ. 
സാഹിത്യഭംഗിയും ഹൃദയസ്പർശിയും ഇറാക്കിന്റെ രാഷ്ടീയ സാമൂഹ്യ സംസ്കാരത്തിലേക്ക് വെളിച്ചം വീശുന്നവയുമായ പരാമർശങ്ങൾകൊണ്ട് സമ്പന്നമായ ബാഗ്ദാദ് ക്ലോക്ക് അതീവ ഊഷ്മളമായ വായനാനുഭവമായി മാറുന്നുണ്ട്. ബാഗ്ദാദിലെ യുദ്ധാന്തരീക്ഷം പരസ്പരം അകന്നു നിന്നിരുന്ന പല കുടുംബങ്ങളെയും ഒന്നിപ്പിക്കുന്നുണ്ട്. അന്തരാഷ്ട്ര ഉപരോധം കുടുംബങ്ങൾ തമ്മിലുള്ള ഉപരോധം അവസാനിപ്പിക്കാൻ സഹായിച്ചുവെന്ന് നാദിയ ആത്മഗതം ചെയ്യുന്നു.  യുദ്ധാന്തരീക്ഷത്തിലും പ്രണയത്തിന്റെയും പാരസ്പര്യത്തിന്റെയും മാധുര്യം നോവലിലെ കഥാപാത്രങ്ങൾ ആസ്വദിക്കയും പങ്കുവയ‌്ക്കയും ചെയ്യുന്നുണ്ട്. പ്രേമബദ്ധരാവുന്നതുകൊണ്ടാണ് മനുഷ്യരുടെ അസ്തിത്വം അർഥവത്താവുന്നതെന്ന് നോവലിലെ പേരു വെളിപ്പെടുത്താത്ത നായിക നിരീക്ഷിക്കുന്നു. പ്രേമത്തിന്റെ അർഥമെന്തെന്ന ചോദ്യവും  ജീവിതത്തിന്റെ അർഥമെന്തെന്ന ചോദ്യവും ഒന്നു തന്നെയാണ്. അസ്തിത്വം എന്നത് വിശ്വാസങ്ങളുടെ സങ്കലനമാണ് സൗഹൃദം കാലക്രമേണ സ്വാഭാവികമായി വളരുകയും സുഹൃത്തുകൾ തമ്മിലുള്ള ഭിന്നതകൾ ഇല്ലാതാക്കയും ചെയ്യുന്നു. ഇറാക്ക് പോലുള്ള രാജ്യങ്ങളുടെ ഭൂപ്രകൃതിപരമായ പ്രത്യേകതകളാണ് അവർ നേരിടുന്ന പ്രശ്നങ്ങൾക്കടിസ്ഥാനമെന്ന വാദത്തെ നാദിയ ചോദ്യം ചെയ്യുന്നുണ്ട്. 
 
പ്രത്യക്ഷമായി രാഷ്ടീയം കൈകാര്യം ചെയ്യുന്നില്ലെങ്കിലും അമേരിക്കയിൽ നിന്നും മറ്റും ഇറാക്ക് നേരിടേണ്ടിവരുന്ന മനുഷ്യത്വരഹിതമായ ആക്രമണത്തെ നോവലിൽ പലയിടത്തായി പരാമർശിക്കുന്നുണ്ട്. സമ്പന്നതയിലും സന്തോഷാധിക്യത്തിലും കഴിയുന്ന പാശ്ചാത്യ രാജ്യങ്ങൾ ദാരിദ്രത്തിലും പട്ടിണിയിലും കഴിയുന്ന ഇറാക്കി ജനതയിൽനിന്ന‌് എന്താണ്  പ്രതീക്ഷിക്കുന്നതെന്ന് ഒരു കഥാപാത്രം ചോദിച്ച് പോവുന്നുണ്ട്. ‘ജോർജ് ബുഷും മകൻ ജോർജ് ഡബ്ല്യു ബുഷും മാരകമായ മിസൈൽ ആക്രമണം നടത്തി ഇറാക്ക് ജനതയ‌്ക്ക് വിവരിക്കാനാകാത്ത ദുരിതം കാഴ്ചവച്ചു. ബിൽ ക്ലിന്റണും കിഴവിയായ മാഡ് ലീൻ ആൽബ്രൈറ്റും (അമേരിക്കൻ നയതന്ത്ര പ്രതിനിധി) ഞങ്ങളെ പട്ടിണിക്കിട്ട് സംതൃപ്തിയടഞ്ഞു' ഒരു കഥാപാത്രം രോഷത്തോടെ പൊട്ടിത്തെറിച്ച് ആക്രോശിക്കുന്നു. ഇറാക്കിലെ അമേരിക്കൻ അധിനിവേശത്തിനിടെ അവിടെ വേരുറപ്പിക്കാൻ ശ്രമിക്കുന്ന മുസ്ലിം തീവ്രവാദ ഗ്രൂപ്പുകളെയും നോവലിൽ വിമർശവിധേയമാക്കുന്നുണ്ട്.
 
ഓർമകളെ സംരക്ഷിച്ച് നിലനിർത്തുക എന്നതാണ് എഴുത്തിന്റെ ലക്ഷ്യമെന്ന് ഒരിടത്ത് നോവലിസ്റ്റ് പ്രസ്താവിക്കുന്നു.  ഇനി ഒരു പുതു ജീവിതത്തിന് ഇറാക്കിൽ സാധ്യതയില്ലെന്ന് നിരാശയോടെ ബാജി നാദിറ എന്ന കഥാപാത്രം പറയുന്നുണ്ടെങ്കിലും എല്ലാം സാധാരണ നിലയിലെത്തുമെന്ന് അവളുടെ വലിയച്ഛൻ ഷൗക്കത്ത് ശുഭാപ്തി വിശ്വാസത്തോടെ പ്രതികരിക്കുന്നുണ്ട്. ഇതിലേത് നിലപാടാണ് താങ്കളുടേതെന്ന് തിരുവനന്തപുരത്ത് ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തിയ നോവലിസ്റ്റിനോട് ഞാൻ ചോദിച്ചപ്പോൾ ഇപ്പോൾ ദുബായിയിൽ ജീവിക്കുന്ന അവർ വ്യക്തമായ ഉത്തരം നൽകാതെ ഒഴിഞ്ഞു മാറുകയാണുണ്ടായത്. മധ്യേഷ്യയിലെ ജനങ്ങൾ നേരിടുന്ന ആന്തരികവും ബാഹ്യവുമായ രാഷ്ടീയ സാമൂഹ്യ പ്രതിസന്ധികളുടെ ശക്തവും ഹൃദയസ്പർശിയുമായ ചിത്രം ബാഗ്ദാദ് ക്ലോക്ക് നൽകുന്നു. ടെലിവിഷൻ കാഴ്ചകളിലൂടെയും പത്രവാർത്തകളിലൂടെയും മാത്രം നമുക്ക് മനസ്സിലാക്കാൻ കഴിയുന്ന യുദ്ധഭീഷണിയും മനുഷ്യക്കുരുതിയുമായി കഴിയേണ്ടിവരുന്ന ഇറാക്കി ജനതയുടെ അതിജീവനക്ഷമതയുടെ ആഴവും വ്യാപ്തിയും മനസ്സിലാക്കാൻ ബാഗ്ദാദ് ക്ലോക്കിലൂടെ കഴിയും.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top