30 September Saturday

ഭാവനയാലൊരു പാലം

അഭിലാഷ് മേലേതില്‍Updated: Wednesday Dec 5, 2018

അഭിലാഷ് മേലേതില്‍

അഭിലാഷ് മേലേതില്‍

ഫ്രഞ്ച് എഴുത്തുകാരനായ Mathias Énard-ന്റെ "Tell Them of Battles, Kings and Elephants", ഹിസ്റ്റോറിക്കൽ ഫിക്ഷൻ  വിഭാഗത്തിൽ പെടുത്താവുന്ന, കഴിഞ്ഞ മാസം പുറത്തു വന്ന പുതിയ ഒരു ലഘുനോവലാണ്. ആശയപരമായി, മുമ്പ് പരിഭാഷയിൽ വന്ന, ഇതേ എഴുത്തുകാരന്റെ തന്നെ "Compass" എന്ന നോവലുമായി സാമ്യങ്ങളുണ്ടെങ്കിലും, "Tell Them of Battles", 2010-ലാണ് ഫ്രഞ്ചിൽ പ്രസിദ്ധീകരിച്ചത്, Compass, 2015-ലും (ആശയം പിന്നീട് വികസിപ്പിച്ചതാണെന്നു വ്യക്തം). വിഖ്യാതചിത്രകാരനായ മൈക്കലാഞ്ചലോ ഓട്ടമൻ സുൽത്താനായ ബയെസീദിന്റെ അഭ്യർത്ഥന പ്രകാരം തുർക്കിയിൽ കഴിഞ്ഞ അല്പകാലത്തെക്കുറിച്ചാണ് ഈ നോവൽ. Énard-ന്റെ നോവലുകളിൽ പൊതുവെ കിഴക്കു-പടിഞ്ഞാറുകളെ ബന്ധിപ്പിയ്ക്കാനുള്ള എന്തെങ്കിലും ഒരു ശ്രമം ഇപ്പോഴും കാണാവുന്നതാണ്. ഇവിടെയാകട്ടെ ലിയനാർഡോ ഡാവിഞ്ചി ഏറ്റടുത്ത ഒരു പ്രൊജക്റ്റ് പരാജയപ്പെട്ടതോടെയാണ് സുൽത്താൻ അയാളുടെ എതിരാളിയായ മൈക്കലാഞ്ചലോയെ സമീപിയ്ക്കുന്നത്. മൈക്കലാഞ്ചലോയാണെങ്കിൽ അക്കാലത്തു പോപ്പുമായി ചില ജോലികളുടെ പ്രതിഫലം കിട്ടാത്തതിന്റെ പേരിൽ അത്ര സ്വരച്ചേർച്ചയിലായിരുന്നില്ലതാനും(ഡാവിഞ്ചിയ്ക്കാണെങ്കിൽ ജോലിയേ ഉണ്ടായിരുന്നില്ല).

തുർക്കിയിലെത്തുന്ന മൈക്കലാഞ്ചലോ അവിടത്തെ സവിശേഷമായ സംസ്ക്കാരവും, രീതികളും, അന്നാട്ടിലെ കോട്ടകൊട്ടാരങ്ങളും ഒക്കെ അത്ഭുതത്തോടെ നോക്കിക്കാണുന്നു (“Below him, in the choir, the faithful are prostrating on countless rugs. They kneel down, place their foreheads on the ground, then get up, look at their hands held out in front of them as if they were holding a book, then place them behind their ears the better to hear a silent clamour, and then they kneel down again. They are murmuring, chanting, and the hum of all these inaudible words buzzes and mingles with the pure light, without any pious images, without any sculptures to divert the gaze from God; just a few arabesques, snakes of black ink, seem to float in the air.”). പലതരം ആളുകളും മതക്കാരും ഒരുമിച്ചു പാർക്കുന്ന ഇസ്താൻബൂൾ വെനീസിനെക്കാളും കോസ്‌മോപൊളിറ്റൻ എന്ന വിശേഷണമർഹിയ്ക്കുന്ന ഇടമാണെന്ന് അയാൾ മനസ്സിലാക്കുന്നു. എന്നാൽ തന്റെ നാട്ടിലെ ഭരണാധികാരികളെപ്പോലെ സുൽത്താൻ തന്നെ മതിയ്ക്കുന്നില്ല എന്നൊരു തോന്നൽ മൈക്കലാഞ്ചലോയ്ക്കുണ്ട് (അലക്‌സാണ്ടറെ കാണാൻ പോയ ദിനോക്രാറ്റസിന്റെ കാര്യം സഹായി അയാളെ വായിച്ചു കേൾപ്പിയ്ക്കുന്നുണ്ട്‌ ഒരിടത്ത്. “This Dinocrates is ingenious” അയാൾ വിചാരിയ്ക്കുന്നു. അപ്പോൾ തന്നെ അയാൾക്ക്‌ ചിരിയും വരുന്നു). മാത്രമല്ല തനിക്കേറ്റവും ആവശ്യമുള്ളത്, പണം, ഗഡുക്കളായാണ് കയ്യിലെത്തിക്കൊണ്ടിരിയ്ക്കുന്നത് (അയാൾ ഇടയ്ക്ക് കുടുംബത്തിനെഴുതുന്നുണ്ട് - ആരോടെങ്കിലും കടം വാങ്ങാനും മറ്റും പറഞ്ഞുകൊണ്ട്). സുൽത്താനാകട്ടെ തന്റെ പ്രൊജക്റ്റ് - Golden Horn എന്ന പാലം - രൂപകൽപ്പന ചെയ്തു തീർന്നതിനുശേഷമേ പണം കൊടുക്കൂ എന്ന നിലപാടിലും. എന്നാൽ ഇതുമാത്രമല്ല മൈക്കലാഞ്ചലോയെ കുഴക്കുന്ന കാര്യങ്ങൾ. കൊട്ടാരത്തിലെ മദ്യപാനസദസ്സുകളും, Mesihi (“Mesihi of Prishtina the shahrengiz” എന്ന ഓട്ടമൻ സാഹിത്യത്തിലെ പ്രധാനകവികളിൽ ഒരാൾ) എന്ന കൊട്ടാരം കവിയുടെ സാന്നിദ്ധ്യവും, അവർക്കു വേണ്ടി നൃത്തം ചെയ്യാനും പാടാനുമെത്തുന്ന പുരുഷനോ സ്ത്രീയോ എന്ന് ചിത്രകാരന് സംശയമുണ്ടാക്കുന്ന യുവതിയും എല്ലാം ചേർന്ന പ്രക്ഷുബ്ധമായ അന്തരീക്ഷത്തിലാണ് അയാൾ കഴിയുന്നത്. കവിയ്ക്കു തന്നോടുള്ള അഭിനിവേശത്തോളമെത്തുന്ന അടുപ്പവും മൈക്കലാഞ്ചലോയെ വിഭ്രാന്തനാക്കുന്നു. സംഘർഷപൂർണ്ണമായ ഒരവസാനമാണ് അവരെ കാത്തിരിയ്ക്കുന്നതും.

ചെറു അധ്യായങ്ങളായി തിരിച്ചിരിയ്ക്കുന്ന ഈ പുസ്തകത്തിൽ മൈക്കലാഞ്ചലോ ജോലിചെയ്യുന്ന വിധം, അയാളുടെ കലാകാരനെന്ന നിലയിലും, വ്യക്തിയെന്ന നിലയിലുമുള്ള മാനസിക വ്യപാരങ്ങൾ എല്ലാം കൗതുകത്തോടെ അവതരിപ്പിച്ചിട്ടുണ്ട് എഴുത്തുകാരൻ - നോവലിന്റെ പ്രധാന ഭാഗം മുഴുവൻ ഏറെക്കുറെ ഈ വിവരണങ്ങളാണ്(“Michelangelo is afraid of love just as he’s afraid of Hell.”). എന്തുകൊണ്ടാണ് മൈക്കലാഞ്ചലോ ഇവ്വിധമുള്ള ഒരു ചിത്രകാരനായത്? ഒരിടത്ത് എഴുത്തുകാരൻ അതിനുത്തരം പറയുകയാണ് - “Michelangelo was not very handsome, with a forehead that was too broad, a crooked nose – broken during a brawl in his youth – bushy eyebrows, ears that stuck out a little. He couldn’t stand his own face, it was said. It was often said that if he sought perfection of features, beauty in faces, it’s because he himself lacked them completely. Only old age and fame would give him an unparalleled aura, like a kind of patina on an object that started out ugly. Perhaps it’s in this frustration that we can find the energy of his art; in the violence of the era, in the humiliation of artists, in rebellion against nature, in the lure of money, the inextinguishable thirst for advancement and glory that is the most powerful of motivators.”

ചരിത്രപരമായി വായിച്ചാൽ ഡാവിഞ്ചിയുടെ പരാജയത്തെ തുടർന്ന് ബയെസീദ് തന്റെ പാലം രൂപകൽപ്പന ചെയ്യുന്നതിന് മൈക്കലാഞ്ചലോയെ സമീപിച്ചെങ്കിലും ക്രിസ്ത്യൻ വിശ്വാസം മുൻനിറുത്തി തനിയ്ക്ക് സുൽത്താന്റെ കീഴിൽ ജോലിചെയ്യാനാവില്ലെന്ന് പറഞ്ഞു അയാളാ അഭ്യർത്ഥന തള്ളുകയായിരുന്നു. ഡാവിഞ്ചി രൂപകൽപ്പന ചെയ്ത പാലമാകട്ടെ യഥാർത്ഥത്തിൽ കിഴക്കും പടിഞ്ഞാറും (ഏഷ്യയും യൂറോപ്പും) തമ്മിൽ അക്ഷരാർത്ഥത്തിൽ ബന്ധിപ്പിയ്ക്കുന്നതായിരുന്നു. എന്നാൽ ഈ കഥയ്ക്ക് വേണ്ടി, മൈക്കലാഞ്ചലോയെ കൊണ്ടുവരുവാൻ, ഗോൾഡൻ ഹോണിനെ ഉപയോഗിച്ചിരിയ്ക്കുകയാണ് എഴുത്തുകാരൻ. തന്റെ വാദഗതികൾക്കു ബലമേകാൻ ചരിത്രത്തിലെ ചില യാദൃച്ഛികതകൾ അനുബന്ധത്തിൽ അയാൾ ചേർത്തിട്ടുണ്ട് (ചിത്രകാരന്റെ കത്തുകൾ വത്തിക്കാനിലെ ഗ്രന്ഥശാലയിലുണ്ട്, പാലത്തിന്റെ വിശദാംശങ്ങളും, ചിത്രങ്ങളും അടുത്ത കാലത്ത് ഓട്ടമൻ ആർക്കൈവിൽ കണ്ടെത്തി, അങ്ങനെയങ്ങനെ). അവയുടെ വായന കൗതുകകരമാണ്. അറബിക്കിലും പേർഷ്യനിലും പഠനം നടത്തിയിട്ടുള്ള Énard-ന്റെ മികച്ച ഭാവനയും ഭാഷാസൗന്ദര്യവുമുള്ള കൃതിയാണ് "Tell Them of Battles". ഈ എഴുത്തുകാരനെ വായിച്ചുതുടങ്ങാൻ പറ്റിയ പുസ്തകമാണിത് എന്നും എനിയ്ക്ക് അഭിപ്രായമുണ്ട്. ചുരുങ്ങിയ വാക്കുകൾകൊണ്ട് Énard സൃഷ്ടിയ്ക്കുന്ന ലോകം വിശാലമാണ്. ഇതിലെ തീമുകൾ മേലെ സൂചിപ്പിച്ചതുപോലെ "Compass" എന്ന നോവലിലും, പിന്നീട് വന്ന "Street of Thieves"-ലുമൊക്കെ ആവർത്തിയ്ക്കുന്നുണ്ട്.  


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top