30 May Tuesday

ടാഗോറിന്റെ രാഷ്‌ട്രീയവായന

വെബ് ഡെസ്‌ക്‌Updated: Monday Oct 28, 2019

ഏതു പുസ്‌തകവും വ്യത്യസ്‌തകാലങ്ങളിൽ വ്യത്യസ്‌തരൂപത്തിലാണ് വായിക്കപ്പെടുന്നത്. രവീന്ദ്രനാഥ ടാഗോറിന്റെ ഗീതാഞ്‌ജലി, അതിനെ ലോകത്തിനുമുന്നിൽ പരിചയപ്പെടുത്തിയ വിശ്വകവി വില്യം ബട്‌ലർ യേറ്റ്സിന് പാശ്ചാത്യഭൗതികതയ്‌ക്കുനേരെ എതിർദിശയിൽ നിൽക്കുന്ന ഇന്ത്യൻ ആത്മീയതയിൽനിന്ന് ഉയിർക്കൊണ്ട്, കവിതയും മതവും ഒന്നായിത്തീരുന്ന ഒരു സംസ്‌കാരത്തിന്റെ ഉൽപ്പന്നമായ മിസ്റ്റിക് രചനയായിരുന്നു. എന്നാൽ, ദേശീയ പ്രസ്ഥാനത്തിന്റെ നാളുകളിൽ അതേവരികൾ ഇന്ത്യൻ ദേശീയതയുടെ അടയാളങ്ങളായി വ്യാഖ്യാനിക്കപ്പെട്ടു. കേവലം അതിഭൗതികതയുടെ ആവിഷ്‌കാരങ്ങളായല്ല ഇന്ത്യൻ നവോത്ഥാനത്തിന്റെ ഭാഗമായി ടാഗോറിന്റെ സാഹിത്യത്തെ കാണാനാണ് അന്ന് ശ്രമിച്ചത്.  ആധുനിക കാലത്ത് നാം ടാഗോറിനെ വായിക്കുന്നത് മുൻകാലങ്ങളിലെ രീതിയിലല്ല.  ചരിത്രവും സംസ്‌കാരവും നുണകൾകൊണ്ട് പുനർനിർമിക്കാൻ ശ്രമം നടക്കുമ്പോൾ, ടാഗോറിനെപോലെ സങ്കുചിത ദേശീയതയെ ശക്തമായി നിരാകരിച്ച, ഫാസിസത്തിനെതിരെ ശക്തമായ നിലപാട് കൈക്കൊണ്ട, സ്വാതന്ത്ര്യത്തിനും അന്തസ്സിനുംമേൽ മറ്റൊന്നുമില്ലെന്ന് പ്രഖ്യാപിച്ച ഒരാളെ നാം വീണ്ടെടുക്കേണ്ടതുണ്ട്‌. 

കവിയും മാധ്യമപ്രവർത്തകനുമായ എൻ പി ചന്ദ്രശേഖരന്റെ ഗീതാഞ്‌ജലി പരിഭാഷയിലൂടെ കടന്നുപോകുമ്പോൾ, ഫാസിസം പല രൂപത്തിൽ പിടിമുറുക്കാൻ ശ്രമിക്കുന്ന കാലത്ത് പ്രതിരോധത്തിനായുള്ള ആയുധങ്ങൾ തന്നെയാണവയെന്ന് നാം തിരിച്ചറിയുന്നു.

ഒട്ടുമിക്ക ലോകഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ട കൃതിയാണ് ഗീതാഞ്‌ജലി.  ജി ശങ്കരക്കുറുപ്പിന്റെയും എൻ കെ ദേശത്തിന്റെയും  ഏറ്റുമാനൂർ സോമദാസന്റെയും നിത്യചൈതന്യയതിയുടെയും കെ ജയകുമാറിന്റെയുമൊക്കെ ഗീതാഞ്‌ജലിപരിഭാഷകളുണ്ട്. ഇവ തമ്മിലുള്ള താരതമ്യം ഏറെ കൗതുകകരം. ജിയുടെയും ചന്ദ്രശേഖരന്റെയും പരിഭാഷകളിലെ സംഗീതാത്മകതയിലെ വ്യത്യാസങ്ങൾ സൂക്ഷ്‌മതലത്തിൽ പഠനവിധേയമാക്കാവുന്നതാണ്. 

ബംഗാളിയിൽ എഴുതപ്പെട്ട ഗീതാഞ്‌ജലിയുടെ ആദ്യവിവർത്തകൻ ടാഗോർതന്നെയാണ്. 1912ൽ ഇംഗ്ലണ്ട് സന്ദർശനത്തിനു മുന്നോടിയായി അദ്ദേഹം ഗീതാഞ്‌ജലി, നൈബെദ്യ, ഖേയ എന്നീ കൃതികളിൽനിന്ന് ഏതാനും കവിതകൾ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റി ഒപ്പം കൊണ്ടുപോയിരുന്നു. അബനീന്ദ്രനാഥ ടാഗോർ വഴി പരിചയപ്പെട്ട പ്രമുഖ ചിത്രകാരൻ റോത്തൻസ്റ്റീൻ ടാഗോറിനെ ഇംഗ്ലണ്ടിലെ കലാസാംസ്‌കാരിക മണ്ഡലത്തിൽ പരിചയപ്പെടുത്തി. യേറ്റ്സിന് കവിതാവിവർത്തനത്തിന്റെ കൈയെഴുത്തുപ്രതി അയച്ചുകൊടുത്തു. ആ വരികളുടെ ആത്മീയസംഗീതത്തിൽ വ്യാമുഗ്‌ധനായ യേറ്റ്സ് ഗീതാഞ്‌ജലിയുടെ പ്രചാരകനായി. അദ്ദേഹത്തിന്റെ ആമുഖക്കുറിപ്പോടെ 1912 നവംബറിൽ ഗീതാഞ്‌ജലി ഇംഗ്ലീഷ് ഭാഷയിൽ പുറത്തിറങ്ങി. ഇത്രയേറെ പരിഭാഷകളുണ്ടായിട്ടും എന്തിന് മലയാളത്തിൽ ഗീതാഞ്‌ജലി വീണ്ടും. മറുപടി വിവർത്തകൻതന്നെ നൽകുന്നു. ‘‘ഗീതാഞ്‌ജലി ദൈവത്തിനുള്ള ഗാനാർപ്പണം മാത്രമല്ല; അത് ബംഗാൾ വിഭജനത്തിനുശേഷം മതകലഹത്തിലേക്കുപോയ രാഷ്ട്രീയ ഗാനാലാപനംകൂടിയാണ്. ഭജനവും പൂജയും ആരാധനയും നിർത്തൂ എന്നെഴുതിയ ആത്മീയകവിതയാണത്. ദൈവം പാർക്കുന്നത് പാവപ്പെട്ടവന്റെ കുടിലിലാണെന്ന് ടാഗോർ ഗീതാഞ്‌ജലിയിൽ പറഞ്ഞത് അന്നത്തെ ഇന്ത്യയോടാണ്, ദൈവത്തോടല്ല. ദൈവത്തിനുമുന്നിൽ നടത്തുന്ന ഗാനാർച്ചനയല്ല ഗീതാഞ്‌ജലി, മനുഷ്യനുമുന്നിൽ ദൈവമെന്താണെന്ന് അവതരിപ്പിക്കുകയാണ്. അതിൽ ഒരു രാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയകവിതയാണ് ഞാൻ ഗീതാഞ്‌ജലി പരിഭാഷയിൽ കൊണ്ടുവരുന്നത്.''

ബഹുസ്വരതയുടെ പൂന്തോട്ടമായ ഇന്ത്യയിൽ ഏകമതമെന്ന ആശയം വേരുപിടിപ്പിക്കാൻ അക്രമാസക്തമായി ഭരണവർഗം നീങ്ങുമ്പോൾ ഗീതാഞ്‌ജലി ഉറക്കുപാട്ടിന്റെ സൗമ്യതയല്ല, ദൈവപ്രേമത്തിന്റെ അലസലാവണ്യമല്ല, നഷ്ടപ്പെട്ടവന്റെ അതിജീവനഗാഥയായി മാറുമെന്ന തിരിച്ചറിവാണ് പരിഭാഷയിലൂടെ പുനർവായന നടത്താൻ പ്രചോദനമായതെന്ന് ചുരുക്കം. ‘ഉണർവിന്റെ, നേരിന്റെ നാഥനായി കഠിനപ്രഭയോടെ' വരുന്ന ദൈവം ഇന്നിന്റെ ആവശ്യമാണ്. ഭയശൂന്യമായ മനസ്സും സ്വതന്ത്രമായ ജ്ഞാനവും നമുക്ക് നഷ്ടപ്പെടുത്താനാകില്ല. 

പരിഭാഷയുടെ സൗന്ദര്യത്തെപ്പറ്റിയും പറയാതെ വയ്യ. ഗീതാഞ്‌ജലിയുടെ സ്വീകാര്യതയ്‌ക്കും ജനപ്രിയതയ്‌ക്കും കാരണമായ പ്രധാന ഘടകങ്ങളിലൊന്നാണ് അതിന്റെ ബിംബഭംഗിയും സംഗീതവും. വിവർത്തനത്തിൽ നഷ്ടപ്പെട്ടുപോകുന്നതെന്തോ അതാണ് കവിത എന്ന് പറയാറുണ്ട്. ചന്ദ്രശേഖരന്റെ ഗീതാഞ്‌ജലി പരിഭാഷ ഈ മുൻധാരണയെ റദ്ദുചെയ്യുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top